Wednesday, 29 March 2023

നോവല്‍


Text Formatted
Varalmurivukal-Title-Malayalam-Novel-by-Rihan-Rashid---വരാല്‍മുറിവുകള്‍-നോവല്‍
Image Full Width
Image Caption
ചിത്രീകരണം: ജാസില ലുലു
Text Formatted

ഒമ്പത്.

""അതെ കൊച്ചേ വെള്ളത്തീ മൂങ്ങീത്തന്നാണ് മരിച്ചത്. പക്ഷേ അതിനു മുന്‍പ് നാലഞ്ച് തവണ ചേട്ടന്‍ വെറച്ച് വീണിട്ടുണ്ട്. ചുഴലി ആയിരുന്നു. നിന്റെ അമ്മച്ചിക്ക് അതറിയത്തില്ല, കൊച്ചന്ന് വയറ്റീ ആയതോണ്ട് അമ്മച്ചിയോട് പറയണ്ടാന്ന് ചേട്ടന്‍ തന്നെയാന്ന് പറഞ്ഞത്. ഇപ്പോള്‍ റബറ് വെട്ടാന്‍ പോവുന്ന ഉശിരൊന്നും അന്ന് ചേട്ടത്തിക്ക് ഇല്ലായിരുന്നു.  ചേട്ടന്‍  എന്നാ പറയുന്നോ അതായിനും ലോകം. രണ്ടു പേരും എന്നാ സ്‌നേഹമായിരുന്നെന്നോ.  ആദോം ഹവ്വേം  ഇത്ര സ്‌നേഹത്തീ കഴിഞ്ഞോന്നു പോലും സംശയമാന്ന്. ചേട്ടന്റെ  ഒരു മൂളല് പോലും എന്നാത്തിനാണെന്ന് ചേട്ടത്തിക്ക് അറിയാമായിരുന്നു.  തിരിച്ച് ചേട്ടനും. ഞാന്‍ ഒരിക്കെ പോലും അവര് തമ്മീ വഴക്കിടുന്നത് കണ്ടിട്ടില്ല.  കൊച്ചിന് അറിയാത്ത ഒന്നൂടെ പറഞ്ഞു തരാം.  രാവിലെ എഴുന്നേറ്റ് റബറ് വെട്ടാന്‍ പോവുന്നതിന് മുന്‍പ് എല്ലാ ദെവസോം കുഞ്ഞിന്റ്‌റെ അച്ഛനെ അടക്കിയ സ്ഥലത്ത് ചെന്നിട്ടല്ലാതെ ചേടത്തി പണി തൊടങ്ങത്തില്ല.  അതിപ്പോം ഏത് വെയിലായാലും മഞ്ഞായാലും മഴയായാലും ചെല്ലും, ഉരുളു പൊട്ടലുണ്ടായതിനു ശേഷം നിങ്ങള്‍ ഇവിടേക്ക് മാറിയെങ്കിലും ആ സ്ഥലം ഇപ്പോഴും ചേട്ടത്തീടെ പേരില്‍ തന്നെയാണ്. ആകെ കാടും പടലേമണവിടെ പക്ഷേ ചേടത്തി ദെവസോം അവിടെചെന്ന്  ചന്ദത്തിരി കത്തിക്കും.  കുത്തനേയുള്ള കുന്ന് കയറി പോവേണ്ട ഞങ്ങളുടെ പഴയ വീട് എന്റെ മുന്നീ വന്ന് നില്‍ക്കണത് പോലെ തോന്നി.  അപ്പോള്‍ ഞാനൊരു കാഴ്ച കണ്ടു. അവിടത്തെ ഏറ്റേം  അറ്റത്തെ കാട്ടുമരുതിന്റെ ചോട്ടീന്ന് അച്ഛനന്‍ എഴുന്നേറ്റ് പോവുന്നുണ്ടായിരുന്നു, കയ്യില്‍ അമ്മച്ചിക്കേറ്റോം ഇഷ്ടമൊള്ള അപ്പോം ആറ്റുമീങ്കറീം ഒണ്ടായിരുന്നു. വീടിന്റെ  ഗേറ്റ് വരെ  മാലാഖമാരും ചെന്നു.