Saturday, 27 November 2021

പ്രത്യാഘാതങ്ങൾ


Text Formatted

കര്‍ഷകര്‍ രൂപപ്പെടുത്തിയത്  പുതിയൊരു  
‘സ്ട്രഗ്ള്‍ ഇക്കോസിസ്റ്റം' കൂടിയാണ്

ഇന്ത്യന്‍ കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധിയുടെ ആഴം ഗുരുതരമാണ്. തൊലിപ്പുറ ചികിത്സയിലൂടെ ഭേദമാക്കാവുന്ന ഒന്നല്ല അത്. രാജ്യം നേരിടുന്ന കാര്‍ഷിക പ്രതിസന്ധിയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനുവേണ്ടി മാത്രമായി പാര്‍ലമെൻറ്​ പ്രത്യേക സമ്മേളനം ചേരേണ്ടതുണ്ടെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്- കർഷക സമരം അവശേഷിപ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച്​

Image Full Width
Image Caption
Photo: Kisan Ekta Morcha, Facebook page
Text Formatted

കാര്‍ഷിക നിയമ ഭേഗഗതികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിവന്ന സമരങ്ങള്‍ പുത്തന്‍ ജൈവരാഷ്ട്രീയമായി മുളച്ചുപൊന്തുന്നത് ഇന്ത്യന്‍ ജനത അത്ഭുതത്തോടെയാണ് വീക്ഷിച്ചുപോന്നത്. സാമ്പ്രദായിക പ്രക്ഷോഭ രീതികളെ മാറ്റിനിര്‍ത്തി, സമരമുഖത്ത് ജീവിതം ജീവിച്ചുതീര്‍ക്കുകയാണ് കര്‍ഷകര്‍ ചെയ്തത്. ജീവിതവും മരണവും സമരമുഖത്തെ സാമാന്യ സംഭവങ്ങളായി മാറി. എല്ലാ അസമത്വങ്ങളെയും അതിലംഘിച്ച്​, അസാമാന്യ ധീരതയോടെയും സഹനത്തോടെയും ഒരു വര്‍ഷക്കാലം തുടര്‍ച്ചയായി അവര്‍ സമരം ചെയ്തു. ജനാധിപത്യത്തിന്റെ അടഞ്ഞുപോയ നീരുറവകളെ, കര്‍ഷകര്‍ക്ക് മാത്രം സാധ്യമായ ക്ഷമയോടെ, അവര്‍ തട്ടിയുണര്‍ത്തി. തോറ്റുപോയ സമരക്കാര്‍ക്ക് ആശ്വാസവും, ഇപ്പോഴും സമരമുഖത്ത് അണിചേര്‍ന്നുനില്‍ക്കുന്ന അനേകലക്ഷം പേര്‍ക്ക് ആത്മവിശ്വാസവും, ഭാവി സമരങ്ങള്‍ക്ക് ദിശാബോധവും പകര്‍ന്നുനല്‍കാന്‍ കര്‍ഷക പ്രക്ഷോഭത്തിന് സാധിച്ചുവെന്നത് തര്‍ക്കമില്ലാത്ത സംഗതിയാണ്.

എല്ലാ ജനാധിപത്യ സ്വരങ്ങളെയും അടിച്ചമര്‍ത്തിയും ഭരണഘടനാ സ്ഥാപനങ്ങളെയും നീതിന്യായ സംവിധാനങ്ങളെയും വെല്ലുവിളിച്ചും പണവും മാധ്യമ സ്വാധീനവും ഉപയോഗിച്ച് നേടിയെടുത്ത തെരഞ്ഞെടുപ്പ് ഭൂരിപക്ഷം ഉപയോഗിച്ചും ഇന്ത്യയുടെ ബഹുസ്വരതയെ വെല്ലുവിളിച്ച് മുന്നേറിക്കൊണ്ടിരുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന് തിരിച്ചടി കൊടുക്കാന്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് സാധിച്ചു. നാളിതുവരെയായി ഒരിക്കല്‍പ്പോലും സമരം ചെയ്യുന്ന കര്‍ഷകരെ അഭിസംബോധന ചെയ്തിട്ടില്ലാത്ത ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഒടുവില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുവാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കേണ്ടി വന്നു.