Monday, 29 November 2021

പോരാട്ടവഴികൾ


Text Formatted

ആക്രമണങ്ങളെയും കൊടുങ്കാറ്റുകളെയും
അതിജീവിച്ച്​ ഒരു സമരം വിജയിച്ച അനുഭവം

അക്രമത്തിന്റെ മാര്‍ഗത്തിലേക്കു നീങ്ങാതിരിക്കാന്‍ ബോധപൂര്‍വ ശ്രമം ഞങ്ങള്‍ നടത്തിയിരുന്നു. ഈ സമരം ഭീകരവാദികളും പാക്കിസ്ഥാനികളും മാവോയിസ്റ്റുകളും അര്‍ബന്‍ നക്സലുകളും മറ്റും നടത്തുന്നതാണെന്നാണ് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും പ്രചരിപ്പിച്ചിരുന്നത്. അക്രമത്തിലേക്കു നീങ്ങിയാല്‍ അത്തരം വ്യാഖ്യാനങ്ങള്‍ ശക്തിപ്പെടും. അതുകൊണ്ടു തന്നെ, സമാധാനം കൈവിടാതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടായിരുന്നു.

Image Full Width
Image Caption
പഞ്ചാബില്‍ നിന്നുള്ള കർഷകർക്കൊപ്പം വിജൂ കൃഷ്ണന്‍
Text Formatted

മനില സി. മോഹന്‍: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ കര്‍ഷക സമരം പുതിയൊരു തലത്തിലേക്കു കടന്നിരിക്കുകയാണല്ലോ. എന്തായിരിക്കും ഈ സമരത്തിന്റെ തുടര്‍ച്ച?  

വിജൂ കൃഷ്ണന്‍:  നിയമങ്ങള്‍ പാര്‍ലമെന്റില്‍ റദ്ദാക്കുന്നതുവരെ സമരം തുടരും എന്നു മാത്രമല്ല, ഉല്‍പ്പാദനച്ചെലവിനേക്കാള്‍ 50 ശതമാനം കൂടുതല്‍ താങ്ങുവില വേണമെന്ന സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശക്കുവേണ്ടി ഒരു നിയമം കൊണ്ടുവരണമെന്ന ആവശ്യമുണ്ട്. ഇലക്​ട്രിസിറ്റി ആക്ടില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ പിന്‍വലിക്കണം. ഈ സമരത്തില്‍ കര്‍ഷകര്‍ക്കൊപ്പം നിന്ന് തൊഴിലാളികളും വലിയ തോതില്‍ പിന്തുണ നല്‍കിയിട്ടുണ്ട്. തൊഴിലാളികളുടെ ആവശ്യങ്ങളെ സംയുക്ത കിസാന്‍ മോര്‍ച്ചയും പിന്തുണച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട്, പുതിയ തൊഴില്‍ നിയമം പിന്‍വലിക്കണമെന്ന ആവശ്യമുണ്ട്. ഈ ആവശ്യങ്ങളെല്ലാം ഇപ്പോഴും ബാക്കിയാണ്. അതിനൊക്കെ വേണ്ടി സമരം തുടരും. അത് ഏതു വിധത്തില്‍ വേണം, അതിര്‍ത്തിയില്‍ സമരം തുടരണോ തുടങ്ങിയ കാര്യങ്ങളെല്ലാം സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിക്കും. 

ഈ മൂന്ന് വിവാദ നിയമങ്ങൾ പിന്‍വലിക്കുമ്പോഴും, 30 വര്‍ഷമായി ഇന്ത്യയില്‍ നടപ്പാക്കിയ നവലിബറല്‍ നയങ്ങളാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയതും നാലു ലക്ഷത്തിലധികം പേരുടെ ആത്മഹത്യയ്ക്കു കാരണമായതും. ആ നയങ്ങള്‍ക്കു ബദലായ നയങ്ങള്‍, കര്‍ഷകര്‍ക്ക് അനുകൂലമായ നയങ്ങള്‍ കൊണ്ടുവരാനുള്ള സമരം തുടരണം. തീര്‍ച്ചയായും ഈ ഐക്യം നിലനിര്‍ത്തി സമരം മുന്നോട്ടു പോവും.  

ഈ സമരത്തില്‍ ദൃശ്യമായ, ഇതിലൂടെ ശക്തമായ, തൊഴിലാളി- കര്‍ഷക ഐക്യം തുടര്‍ന്നുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിന് എന്തു മാറ്റമാണുണ്ടാക്കുക