Wednesday, 20 October 2021

കത്തുകള്‍


Image Full Width
Text Formatted

പഞ്ചാബില്‍ വര്‍ഗമുണ്ട്, ശരി;
​​​​​​​എന്നാല്‍ പാര്‍ട്ടിയില്ലാത്തത് എന്തുകൊണ്ട്?

ട്രൂ കോപ്പി വെബ്സീനിന്റെ രണ്ടാം പാക്കറ്റ് ഫോക്കസ് ചെയ്ത കര്‍ഷക സമരവുമായി ബന്ധപ്പെട്ട മാറ്ററുകള്‍ പുതിയ നിരവധി വിവരങ്ങള്‍ നല്‍കുന്നതായിരുന്നു. അമന്‍ദീപ് സന്ധു എന്ന പഞ്ചാബി എഴുത്തുകാരനുമായി ഡോ. യാസ്സര്‍ അറഫാത്ത് നടത്തിയ സംഭാഷണം, പ്രക്ഷോഭം എങ്ങനെയാണ് ഡല്‍ഹിവരെ പരിണമിച്ച് എത്തിയത് എന്ന് വ്യക്തമായി പറയുന്നു.  ഖാലിസ്ഥാന്‍ ഭീകരര്‍ എന്ന സംഘ്പരിവാര്‍ ആരോപണത്തിനുപുറകിലെ രാഷ്ട്രീയം കൃത്യമായി ഈ സംഭാഷണം വെളിപ്പെടുത്തുന്നുണ്ട്.

പൗരത്വ ഭേദഗതി നിയമം അടക്കമുള്ള ജനകീയ സമരങ്ങള്‍ക്കെതിരെയെല്ലാം ബി.ജെ.പി ഭരണകൂടം പ്രയോഗിക്കുന്ന ആയുധമാണല്ലോ ഭീകരവാദവും മാവോയിസവും. ഡല്‍ഹിയില്‍ ഇത്രയും നാളായി സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയില്‍നിന്ന് ഒരു കല്ലുപോലും പൊലിസിനുനേരെ വീണിട്ടില്ല. എന്നിട്ടും അവരെ പഴയ ഖാലിസ്ഥാന്‍ വാദത്തിന്റെ തലപ്പാവണയിക്കുന്നത് സംഘ്പരവാര്‍ ഭരണകൂടത്തിന്റെ ദുഷ്ടലാക്കുമാത്രമല്ല, ജനകീയ സമരങ്ങളോടുള്ള അവരുടെ അടിസ്ഥാന സമീപനം തന്നെയാണ്. മാത്രമല്ല, ഖാലിസ്ഥാന്‍ വാദത്തിനുശേഷം പഞ്ചാബിലുണ്ടായ പുതിയ തലമുറ അവരുടെ ഏറ്റവും അടിസ്ഥാനപരമായ ഒരു പ്രശ്നത്തെ, കാര്‍ഷിക പ്രതിസന്ധിയെ, എങ്ങനെയാണ് രാഷ്ട്രീയമായി വികസിപ്പിച്ചെടുത്തത് എന്ന് അമന്‍ദീപ് സന്ധു വ്യക്തമായി പറയുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന പരിമിതമായ ആവശ്യത്തിലുപരി കോര്‍പറേറ്റുകള്‍ക്കും വ്യവസായവല്‍ക്കരണ നയങ്ങള്‍ക്കും കൂടി എതിരായി സമരത്തെ വ്യാപിപ്പിക്കുന്നതിലൂടെ ഇത് വ്യക്തമാണ്. മാത്രമല്ല, വിദേശങ്ങളിലെ പഞ്ചാബി ഡയസ്പോറ എങ്ങനെയാണ് സ്വന്തം നാട്ടിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നത് എന്നും ഈ സംഭാഷണം അടിവരയിടുന്നുണ്ട്. 

മറ്റൊരു ശ്രദ്ധേയമായ സംഗതിയായി തോന്നിയത്, ഇത്ര അടിസ്ഥാന വര്‍ഗപ്രശ്നങ്ങളുള്ള, ഒരു പോരാട്ട സമൂഹം കൂടിയായ പഞ്ചാബില്‍ എന്തുകൊണ്ട് ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് നിലനില്‍ക്കാനാകുന്നില്ല എന്ന കാര്യമാണ്. പഞ്ചാബികളുയര്‍ത്തിയ തനതായ രാഷ്ട്രീയ പ്രശ്നങ്ങളോടുള്ള സമീപനങ്ങളാണ് ഇടതുപക്ഷത്തിലുള്ള വിശ്വാസം നഷ്ടമായതെന്ന ഒരു വായനയാണ് അമന്‍ദീപ് നടത്തുന്നത്, പ്രത്യേകിച്ച് ഖാലിസ്ഥാന്‍ വിഷയത്തില്‍ ഇടതുപക്ഷം സ്റ്റേറ്റിനൊപ്പം നിന്നത്. എന്നാല്‍, വര്‍ഗാധിഷ്ഠിതമായ പ്രത്യയശാസ്ത്ര സമീപനത്തെ തികച്ചും സങ്കുചിതമായി പ്രയോഗിച്ചതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പഞ്ചാബിനെപ്പോലുള്ള സംസ്ഥാനങ്ങളില്‍ സംഭവിച്ച തിരിച്ചടികള്‍ക്ക് കാരണമെന്ന് വിലയിരുത്താവുന്നതാണ്. വര്‍ഗേതരമായ അനവധി തുറവികളുള്ളതാണ് പഞ്ചാബി കര്‍ഷക സമൂഹവും അവരുടെ ജീവിതവും. ഡല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭം തന്നെ ഇത്തരം ഐഡന്റിറ്റികളുടെ കൂടി ഇടമാക്കി അവര്‍ മാറ്റുന്നത് ശ്രദ്ധിക്കുക.