Tuesday, 06 December 2022

കവിത


Text Formatted
anas
എം.പി. അനസ്​

വാഗണ്‍ കൂട്ടക്കൊല

നൂറ്റാണ്ടാം തീവണ്ടി
ഓടിക്കുതിക്കുമേ
കാറ്റുള്ളകാലമാ
ചരിതം തുടരുമേ.. 

പോരാടി വീണൊരാ
സ്വാതന്ത്ര്യ സമരത്തിന്‍
ഓര്‍മ്മയിലെന്നുമാ
പാളംവിറയ്ക്കുമേ. 

തന്നെ കൊടുത്തിട്ടും
നാടിനെ കാക്കുവാന്‍
തഞ്ചമതില്ലാതെ
നെഞ്ചു വിരിച്ചവര്‍ 

പെറ്റു കിടന്നൊരു
നാടിന്‍ മടിത്തട്ടില്‍
അടിമയായ് കഴിയുവാ-
നഭിമാനം പോരാഞ്ഞോര്‍ 

തന്നുടെ മലയാള 
നാടിന്റെ ധര്‍മ്മത്തെ
തമ്മില്‍ പിണങ്ങാതെ
സത്യം പുലര്‍ത്തിയോര്‍ 

മണ്ണില്‍ മറഞ്ഞൊരാ
വീരശുഹദാക്കള്‍
സ്വാതന്ത്ര്യവീര്യത്തിന്‍
മഹിതം രചിച്ചോവര്‍ 

വീരരവര്‍ തീര്‍ത്ത
ധീരമാം പോരാട്ടം
കണ്ടു വിറച്ചന്ന്
ബ്രിട്ടന്നഹങ്കാരം. 

വണികരായ് വന്നിട്ട്
നാടിതില്‍ കൂടീട്ട്
വമ്പുറ്റ നാടിനെ
കൈയിലൊതുക്കിയോര്‍ 

വാളും പീരങ്കിയും
തോക്കും പലവിധ
മാരകമായുള്ള 
കോപ്പുമെടുത്തവര്‍ 

ജാലിയന്‍വാലാബാ-
ഗെന്നൊരു മണ്ണതില്‍
തീ തുപ്പും തോക്കിനാല്‍
കുരുതി പടുത്തവര്‍ 

ഒന്നിച്ചു കൂടിയ
സമര ഭടന്‍മാരെ
ചിന്നിച്ചു ചോരയില്‍ 
ജീവനെടുത്തവര്‍ 

പത്തൊമ്പതിലുളെളാ-
രച്ചരിതം പോലെ
വാഗണ്‍കൊലയതും
ഉള്ളം തളര്‍ത്തുമേ 

മോചനപ്പോരാട്ടം
തുടരുന്നൊരിന്ത്യയെ
ബ്രിട്ടന്റെ പട്ടാളം
കൊന്നു കെടുത്തുന്നാള്‍ 

ഇങ്ങ് മലബാറും 
കൊച്ചി തിരുദേശം
സ്വാതന്ത്ര്യദാഹത്താല്‍
മുന്നണി കൂടുന്നേ 

നാടിന്റെ മോചന
പ്പൂതിപെരുത്താരേ
സമരത്തിന്‍വീരിതം
നാട്ടില്‍ പുലര്‍ന്നതേ 

റൂഹതെടുക്കുവാന്‍
മലബാറിന്‍ ദേശത്തും
കൊടുമയായപരാധം
കാട്ടിയേ വെള്ളക്കാര്‍ 

നാടിന്റെ കാവലായ്
നിന്നൊരാ വീരരേ
ഹിച്ച്‌കോക്കും കൂട്ടരും
ചതിയാല്‍ കൊരുത്തതേ