Tuesday, 16 August 2022

പുനർവായന


Text Formatted

അതിരാണിപ്പാടത്ത്​ വിളഞ്ഞ മനുഷ്യരും ചരിത്രവും

ഒരു നാടിന്റെ ചരിത്രം മയിലെണ്ണയില്‍ മുക്കിയ ഈര്‍ക്കിലി പോലെ ചരിത്രകാരന്‍മാര്‍ വളച്ചൊടിക്കുന്നിടത്ത്, യഥാര്‍ത്ഥ ചരിത്രം ലഭ്യമാവുക അജണ്ടകളില്ലാതെ രചിക്കപ്പെടുന്ന സാഹിത്യസൃഷ്ടികളിലാണ്: അര നൂറ്റാണ്ട്​ പൂർത്തിയായ ‘ഒരു ദേശത്തിന്റെ കഥ’ എന്ന ​നോവലിന്റെ പുനർവായന

Image Full Width
Image Caption
എസ്. കെ. പൊറ്റെക്കാട്ട് / ഫോട്ടോകള്‍: പുനലൂർ രാജൻ
Text Formatted

രു ദേശത്തിന്റെ കഥയുടെ അരനൂറ്റാണ്ടും അതിരാണിപ്പാടത്തു വിളഞ്ഞ ചരിത്രത്തിന്റെ ഒരു നൂറ്റാണ്ടും തികയുന്ന വേളയിലെ ഒരു വായനയാണിത്. ഇന്നിന്റെ രാഷ്ട്രീയ സമവാക്യങ്ങളുടെ ഒരു നൂറ്റാണ്ടുകാലത്തെ ഗതിവിഗതികള്‍, ആളും തരവും ഇടവും നയവും തന്ത്രവും മാറുന്നതല്ലാതെ മനോഭാവം മാറാത്ത അവസ്ഥ എസ്. കെ. പൊറ്റെക്കാട്ട്​ നമുക്കായി വരച്ചിട്ടത് അവിസ്മരണീയമായ ഏതാനും കഥാപാത്രങ്ങളിലൂടെയാണ്.  ‘കത്തിപ്പടരുന്നൊരു തറവാടും തെക്കുനിന്നു വന്നവരും’ എന്ന അഞ്ചാമധ്യായം സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ്. കേളഞ്ചേരിയിലെ ചന്തുക്കുട്ടി മേലാനിലൂടെ, ഇളംതലമുറക്കാരന്‍ കുഞ്ഞിക്കേളുമേലാനിലൂടെയും  എസ്.കെ വരച്ചിടുന്നത്  ‘സോ-കോള്‍ഡ്’ സാമൂഹിക- രാഷ്ട്രീയ നേതൃത്വങ്ങളുടെ, അങ്ങേയറ്റം സ്വാര്‍ത്ഥമതികളായ ഒരു പറ്റം ആഢ്യജന്മങ്ങളുടെ പഴയ തറവാടുകളുടെ അനിവാര്യമായ അന്ത്യത്തിന് തിരി കൊളുത്തിയ ധാര്‍മികാധപ്പതനത്തിന്റെയും ചിത്രമാണ്. ഒരു കാറ്റില്‍ കരിയിലപോലെ വന്നുപോയ പണയാധാരങ്ങളത്രയും  ‘മദ്യവും മദിരാക്ഷിയും മറ്റു നേരമ്പോക്കുകളും’ ചേര്‍ന്ന കൊടുങ്കാറ്റില്‍ പുറത്തേക്കു പറന്ന ആ തറവാട് എല്ലാ അധികാര കേന്ദ്രങ്ങളുടെയും, നാളെ തകര്‍ന്നടിയേണ്ട മുഴുവന്‍ അധികാരകേന്ദ്രങ്ങളുടെയും നേര്‍ചിത്രമായാവണം എസ്.കെ കോറിയിട്ടത്. 

സൂക്ഷിച്ചു നോക്കിയാല്‍ എസ്.കെ.യുടെ മിക്ക കഥാപാത്രങ്ങളെയും  നിര്‍വ്വചിക്കുന്ന ശാരീരിക പ്രത്യേകതകളില്‍ ഒന്ന്​ രോഗാവസ്ഥയാണ്, പഴയകാല മാറാവ്യാധികളുടെ തിരുശേഷിപ്പുകള്‍. മന്നവനെന്നോ യാചകനെന്നോ ഭേദമില്ലാതെ ആരെയും ആക്രമിക്കുന്ന രോഗങ്ങളില്‍ വസൂരി കൊണ്ടുപോയത് കുഞ്ഞിക്കേളുമേലാന്റെ ഇടംകണ്ണാണ്. എസ്.കെയുടെ ഭാഷയില്‍ കണ്ണു കലങ്ങി ചത്തുപോയി. ഇന്ന് കോവിഡ് മഹാമാരിക്കു മുന്നില്‍ പകച്ചു നില്ക്കുന്ന നമ്മള്‍ ഒന്നറിയുന്നു - കോവിഡിനു മുന്നില്‍ എല്ലാവരും സമന്മാരാണ്.