Saturday, 22 January 2022

നോവല്‍ ഭാഗം


Text Formatted

മൂന്നു കല്ലുകള്‍

Image Full Width
Image Caption
ചിത്രീകരണം: രാ​ജേഷ്​ ചിറപ്പാട്​
Text Formatted

രണ്ട്​

നുഷ്യന് ഏറ്റവും ആനന്ദം ലഭിക്കുന്നത് ആവര്‍ത്തനങ്ങളിലാണ്.
ശരിയായ ആവര്‍ത്തനങ്ങള്‍ ആയിരിക്കണമെന്നുമാത്രം.
ആവര്‍ത്തനം കൃത്യമായി മുന്നോട്ടുപോകുന്നതിനെയാണു നാം ജീവിതം എന്നുവിളിക്കുന്നത്. എല്ലാ ദിവസവും ട്രെയിനും ബസും കൃത്യമായ സമയത്തു വരണം, കൃത്യം സമയം ട്രാഫിക് വിളക്കുകള്‍ തെളിയണം, എന്നും കൃത്യം ജോലിസമയമാകണം. ഈ ആവര്‍ത്തനചക്രത്തില്‍ എവിടെയാണ് ക്രമരഹിതമായ ഒരു ചലനമുണ്ടാകുക എന്ന് ആര്‍ക്കറിയാം, ഏതു ക്രമഭംഗമാണു കഥയാകുക മുന്‍കൂട്ടി അറിയാനാവില്ല.

കഴിഞ്ഞ ഇരുപതു വര്‍ഷമായി ഞാന്‍ ദിവസവും രാവിലെ എഴുന്നേറ്റ് തൊട്ടടുത്ത ചായക്കടയിലേക്കു നടക്കുന്നു, കുറച്ചുപേര്‍ മാത്രം പ്രഭാതഭക്ഷണം കഴിക്കാന്‍ പോകുന്ന ഒരു പഴയ കടയാണത്. വൃത്തിഹീനമായ ചുവരുകള്‍, പഴയ കസേരകള്‍,തീന്‍മേശകള്‍, നിറംമങ്ങിയ ഗ്‌ളാസുകള്‍, ആറര മണിയോടെ ആ കട തുറക്കുന്നു, വൈകാതെ ഞാന്‍ അവിടേക്കു നടന്നുചെല്ലുന്നു, കടയ്ക്കു പുറത്തുള്ള ഒരു മരത്തിനു ചുറ്റുമുള്ള സിമന്റുകെട്ടിലിരുന്നു ചായ കുടിക്കുന്നു- വര്‍ഷങ്ങള്‍ കടന്നുപോയതായി ആ മരത്തിനോ ആ കടയ്‌ക്കോ തോന്നുമോ? എന്റെ ജീവിതകഥ പറയുകയാണെങ്കില്‍ ആ ഇടത്തിനു പ്രധാന്യമുണ്ട്, പക്ഷേ കേള്‍ക്കുന്നവര്‍ക്ക് ആ ചായക്കടയും പരിസരവും അപ്രധാനമായ ഒന്നായി തോന്നാം, ഓ, ഞാന്‍ എന്തിനാണ് ഇപ്പോള്‍ എന്റെ ജീവിതത്തിലേക്കു പോയത്?  കോഴിക്കോട്ടെ രണ്ടാം ദിവസം രാവിലെ എഴുന്നേറ്റ് ഒരു ചായ കുടിക്കാന്‍ കട അന്വേഷിച്ചു നടന്നതാണ്, ആ നടത്തം തൊട്ടടുത്ത കവലയില്‍ എത്തിച്ചു. എഴുതുമ്പോള്‍ അനുഭവങ്ങളെ ഇനം തിരിക്കല്‍ ബുദ്ധിമുട്ടാണ്. ആവര്‍ത്തിക്കുന്ന അനുഭവങ്ങളിലെ രസം എഴുത്തില്‍ വരണമെന്നില്ല. അതാകണം എന്റെ ചിന്ത എന്നിലേക്കു വേഗം പോയത്. പക്ഷേ ഞാന്‍ മരക്കച്ചവടക്കാരന്റെ ജീവിതമെഴുതിയപ്പോള്‍ ഒന്നിനെയും കുറിച്ചു വേവലാതിപ്പെട്ടില്ലല്ലോ, ആ ജോലി എത്രയും വേഗം തീര്‍ക്കണമെന്നല്ലാതെ. അക്കാലത്ത് എന്റെ വലതുകൈവിരലുകള്‍ക്കു വേദനയുണ്ടായിരുന്നു. പേന പിടിച്ചെഴുതുമ്പോള്‍ ആ വേദന കൂടി.  കംപ്യൂട്ടര്‍ ഉപയോഗിച്ചാല്‍ ഈ പ്രയാസം ഒഴിവാക്കാമെന്ന് പ്രസാധകനാണ് എന്നെ ഉപദേശിച്ചത്. എനിക്കു സ്വന്തമായി ഒരു ലാപ്‌ടോപ്പോ ഡെസ്‌ക് ടോപ്പോ ഉണ്ടായിരുന്നില്ല. മരക്കച്ചവടക്കാരന്‍ അക്ഷമത കാട്ടിയില്ല. ഞാന്‍ പണിയെടുക്കുന്നുണ്ടെന്ന് അയാള്‍ മനസിലാക്കി. അയാള്‍ക്കു കാത്തിരിക്കാന്‍ മടിയില്ലായിരുന്നു. മരക്കച്ചവടക്കാരനെക്കാള്‍ വേഗത്തില്‍ എനിക്കു നടനെ എഴുതാന്‍ പറ്റുമെന