Saturday, 22 January 2022

സാംസ്​കാരിക പഠനം


Text Formatted

ബസവണ്ണയുടെ ചോദ്യങ്ങളും ​പോയിൻറ്​ ബ്ലാങ്കിലേക്കുള്ള വെടിയുണ്ടകളും- 3

വചനം, എഴുത്തിലെ വിപ്ലവകാലം

രാജാപദാനങ്ങള്‍ക്കും പുരാണേതിഹാസ കഥാപാത്രങ്ങള്‍ക്കും അത്ഭുതകൃത്യങ്ങള്‍ക്കും പകരം വചനകവികള്‍ എഴുത്തിനെ ജനസഞ്ചയജീവിതത്തിന്റെ ഭാഗമാക്കി. ജീവിതത്തിന്റെ നാനാതുറകളിലെ മനുഷ്യര്‍ പാട്ടു കാവ്യങ്ങള്‍ പാടി കന്നഡമെങ്ങും അലഞ്ഞു നടന്നു.

Image Full Width
Image Caption
യു.കെ. പാര്‍ലിമെന്റിന് അഭിമുഖമായി 2015-ല്‍ ലണ്ടനില്‍ സ്ഥാപിച്ച ബസവണ്ണയുടെ അര്‍ദ്ധകായക പ്രതിമ / Photo: Wikimedia Commons
Text Formatted

സവണ്ണക്കുമുമ്പും വചനമുണ്ട്. പക്ഷേ, സാമൂഹിക ജീവിതത്തിലേക്ക് വചനത്തിന്റെ മുന തിരിച്ചുവച്ചത് ബസവണ്ണയാണ്. കന്നഡ ഭാഷയിലും സാഹിത്യത്തിലും വചനം നടപ്പുരീതികളെ തിരുത്തിയെഴുതി. രാജാപദാനങ്ങള്‍ക്കും പുരാണേതിഹാസ കഥാപാത്രങ്ങള്‍ക്കും അത്ഭുതകൃത്യങ്ങള്‍ക്കും പകരം വചനകവികള്‍ എഴുത്തിനെ ജനസഞ്ചയ ജീവിതത്തിന്റെ ഭാഗമാക്കി. വിശ്വാസത്തെയും ഭക്തിയേയും സമത്വത്തിന്റേയും, സ്വാതന്ത്ര്യത്തിന്റേയും, സാമൂഹിക നീതിയുടേയും അറിവടയാളമാക്കി മാറ്റി. ജീവിതത്തിന്റെ നാനാതുറകളിലെ മനുഷ്യര്‍, സ്ത്രീകളും പുരുഷന്‍മാരും  ഹാഡുഗബ്ബകള്‍ (പാട്ടു കാവ്യങ്ങള്‍) പാടി കന്നഡമെങ്ങും അലഞ്ഞു നടന്നു.

ക്ലാസിസിസത്തിന്റെ പറഞ്ഞു പഴകിയ ഇതിവൃത്തവഴികളില്‍ നിന്ന് ജനകീയതയുടെ പാരമ്പര്യേതര വഴികളിലേക്കുള്ള കന്നഡഭാഷയുടെ പ്രയാണത്തിന്റെ തുടക്കം വചനത്തോടെയാണ്.

വചന സാഹിത്യത്തിന്റെ പിതാവായി പരിഗണിക്കപ്പെടുന്ന ചെരുപ്പുകുത്തിയായിരുന്ന ശരണകവി മാദര ചെന്നയ്യയും, അസ്പൃശ്യനായ ദോഹര കക്കയ്യയും, നെയ്ത്തുകാരനായ ദേവരദാസിമയ്യയും ബസവണ്ണക്കുമുമ്പ് വചനത്തെ തീവ്രമായി അനുഭവിപ്പിച്ചവരാണ്. ജാതിയേയും, ജാതിവിഭജനങ്ങളെയും സംബന്ധിക്കുന്ന സമസ്യകളെയാണ് ആദ്യകാല വചനം അഭിമുഖീകരിക്കാന്‍ ശ്രമിച്ചത്. ദൈവത്തെ സംബന്ധിക്കുന്ന ചോദ്യങ്ങളെക്കാളേറെ മനുഷ്യ ജീവിതത്തിന്റെ പ്രതിജനഭിന്നമായ സങ്കീര്‍ണതകളെയാണ് അവര്‍ ആവിഷ്‌ക്കരിച്ചത്. ഗദ്യവും പദ്യവും ഇടകലര്‍ത്തിപ്പറഞ്ഞതും പാടിയതുമായ വചനങ്ങള്‍ ഭാഷയിലും സാഹിത്യത്തിലും പുതുചലനങ്ങള്‍ സൃഷ്ടിച്ചു. ഇതിനുമുമ്പ് സംഘകാല സാഹിത്യത്തിലാണ് വചനത്തിനു സമാനമായ പൊട്ടിത്തെറിക്കലുകളും വെട്ടിത്തുറക്കലുകളും നാം കാണുന്നത്.

വചനം: സാമൂഹിക- രാഷ്ട്രീയ- സാഹിത്യ പശ്ചാത്തലം