Saturday, 22 January 2022

വായന


Text Formatted

‘ആഫ്റ്റര്‍ ലൈവ്‌സ്' : ആഫ്രിക്കൻ അനുഭവങ്ങളുടെ ഭൂപടം

‘ആഫ്റ്റര്‍ ലൈവ്‌സ്'  എന്ന നോവലിലൂടെ തന്റെ ചുറ്റും കാണുന്ന കാഴ്ചകളുടെ അനുഭവങ്ങളുടെ ഒരു രേഖാചിത്രം മാത്രമേ അബ്​ദുൽ റസാഖ്​ ഗുർണ വരയ്ക്കുന്നുള്ളൂ. എന്നാല്‍ ആ വരയ്ക്ക് ഗഹനതയുണ്ട്. പുസ്തകം വായിച്ചു കഴിയുമ്പോള്‍ വായനക്കാർ അനുഭവിക്കുന്നത് ആ ഗഹനതയാവും.

Image Full Width
Image Caption
അബ്ദുള്‍ റസാഖ് ഗുർണ./Photo : Nobel prize, Facebook Page
Text Formatted

2021ലെ സാഹിത്യ നോബല്‍ സമ്മാന ജേതാവായി പ്രഖ്യാപിച്ചതിനുശേഷം അബ്ദുള്‍ റസാഖ് ഗുർണയും അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലോകമറിയും. ‘പാരഡൈസ്’ ബുക്കര്‍ പ്രൈസിനും വൈറ്റ് ബ്രഡ് അവാര്‍ഡിനും ഷോര്‍ട്ട് ലിസ്​റ്റ്​ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, അഡ്‌മെയറിങ് സൈലന്‍സ്, ബൈ ദ സീ ബുക്കര്‍ സമ്മാനത്തിന് ലോങ് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, അത്ര അറിയപ്പെടുന്ന എഴുത്തുകാരനായിരുന്നില്ല ഗുർണ. ‘ആഫ്റ്റര്‍ ലൈവ്‌സ്' എന്ന പുസ്തകത്തിലൂടെ അദ്ദേഹത്തിന്റെ  എഴുത്തിലേക്ക് കടന്നുചെല്ലാനും ആ വായനാനുഭവം പങ്കുവെയ്ക്കാനുമാണ് ശ്രമിക്കുന്നത്.

സമൂഹത്തിലേക്കോ, ചരിത്രത്തിലേക്കോ നീട്ടിയ ഒരു കണ്ണാടിയല്ല ഈ പുസ്തകം. തന്റെ ചുറ്റും കാണുന്ന കാഴ്ചകളുടെ അനുഭവങ്ങളുടെ ഒരു രേഖാചിത്രം മാത്രമേ എഴുത്തുകാരന്‍ വരയ്ക്കുന്നുള്ളൂ. എന്നാല്‍ ആ വരയ്ക്ക് ഗഹനതയുണ്ട്.

‘ആഫ്റ്റര്‍ ലൈവ്‌സ്' പൂര്‍ണമായും ആഫ്രിക്കന്‍ പശ്ചാത്തലത്തിലാണ് എഴുതപ്പെട്ടത്. ഖാലിഫ്, ഇല്യാസ്, ഹംസ എന്നീ മൂന്നു കഥാപാത്രങ്ങളും, അവര്‍ക്കു ചുറ്റുമുള്ള മറ്റു ചിലരുടെയും ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലഘട്ടത്തിലെ ഒരു ആഫ്രിക്കന്‍ ടൗണിലാണ് കഥയുടെ അധികഭാഗവും നടക്കുന്നത്. ആ പട്ടണമേതാണ് എന്ന്​ എഴുത്തുകാരന്‍ വ്യക്തമാക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. കാരണം കഥയാണ് പ്രസക്തം, സ്ഥലമല്ല എന്നോ, അല്ലെങ്കില്‍ ഈ കഥകള്‍ ഏതു പ്രദേശത്തിനും ചേരുമെന്നോ ആവാം എഴുത്തുകാരന്‍ ഉദ്ദേശിക്കുന്നത്.

ഖാലിഫിന്റെ അച്ഛന്‍ ഗുജറാത്തിലാണ് ജനിച്ചതും വിദ്യാഭ്യാസം ചെയ്തതും. മുബൈയില്‍ ചെന്ന് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു. പഠിപ്പുകഴിഞ്ഞ് ആഫ്രിക്കയിലെ ഒരു തോട്ടത്തിലെ കണക്കെഴുത്തുകാരനായി ജോലി കിട്ടിയപ്പോള്‍ അത് വേണ്ടെന്നുവെയ്ക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. അയാള്‍ക്ക്​ ആഫ്രിക്കന്‍ സ്ത്രീയ