Saturday, 22 January 2022

ചരിത്ര പഠനം


Text Formatted

രാജര്‍ഷി രാമവര്‍മ: ഇതാ, രേഖകൾ സത്യം പറയുന്നു- 3

കടല്‍ കടന്നതിന്​ പ്രജയെ ഭ്രഷ്ടനാക്കി
​​​​​​​കല്യാണം മുടക്കാന്‍ തത്രപ്പെടുന്ന ഒരു രാജാവ്

പൗരസ്വാതന്ത്ര്യങ്ങള്‍ നിഷേധിയ്ക്കപ്പെട്ടിരുന്ന അയിത്ത ജാതിക്കാര്‍ക്ക് ഒരു പിടിവള്ളിയായിരുന്നു മതപരിവര്‍ത്തനം. ‘വിദേശ'മതങ്ങള്‍ക്ക്  അംഗബലം കൂടുന്നത് രാജാവ് ഉള്‍പ്പെടെയുള്ള സവര്‍ണ ബുദ്ധിജീവികളെ ബേജാറാക്കിയിരുന്നു.

Image Full Width
Image Caption
രാജർഷി രാമവർമ്മ
Text Formatted

തീവ്രമായ മതപരിവര്‍ത്തന സമ്മര്‍ദം നിലനിന്നിരുന്ന കാലമായിരുന്നു ‘രാജര്‍ഷി'യുടേത്. പൗരസ്വാതന്ത്ര്യങ്ങള്‍ നിഷേധിയ്ക്കപ്പെട്ടിരുന്ന അയിത്തജാതിക്കാര്‍ക്ക് ഒരു പിടിവള്ളിയായിരുന്നു മതപരിവര്‍ത്തനം. മതം മാറിവരുന്നവരെ മനുഷ്യരായി അംഗീകരിയ്ക്കാതെ നിവൃത്തിയില്ലായിരുന്നു സവര്‍ണര്‍ക്ക്. അങ്ങനെ ‘വിദേശ'മതങ്ങള്‍ക്ക് അംഗബലം കൂടുന്നത് രാജാവ് ഉള്‍പ്പെടെയുള്ള സവര്‍ണ ബുദ്ധിജീവികളെ ബേജാറാക്കിയിരുന്നു. അതുകൊണ്ടാണ് അവരില്‍ ചിലര്‍, സമുദായ പരിഷ്‌കരണ പരിപാടികളുമായി രംഗത്തുവന്ന ഘട്ടത്തില്‍, അയിത്തജാതിക്കാരെ സഹായിക്കാന്‍ തുടങ്ങിയത്. എങ്ങനെയും മതംമാറ്റം തടയുകയായിരുന്നു അവരുടെ ലക്ഷ്യം. മതംമാറ്റവുമായി ബന്ധമുള്ളതാണ് രാജാവ് 20.7.1897-ന് ദിവാന് എഴുതിയ ഈ കത്ത്. മതം മാറുന്നവരുടെ പാരമ്പര്യസ്വത്തവകാശത്തക്കുറിച്ചുള്ള ബില്‍ ആണ്​ വിഷയം-

‘ഗവ: ഓര്‍ഡറും (No: 367, Political, dated 10th June, 1896) ബന്ധപ്പെട്ട രേഖകളും ഞാന്‍ ശ്രദ്ധയോടെ വായിച്ചു; മതം മാറുന്നവര്‍ക്കു ജീവനാംശം നല്‍കുന്നതുസംബന്ധിച്ച് ശ്രേഷ്ഠനായ [മദ്രാസ്]ഗവര്‍ണര്‍ തന്റെ അവസാന അഭിപ്രായം പ്രകടിപ്പിച്ചതായി മനസ്സിലാക്കുന്നു. നീണ്ട 47 കൊല്ലം മുന്‍പ് അന്നത്തെ [ബ്രിട്ടീഷ് ഇന്‍ഡ്യന്‍] നിയമനിര്‍മാതാക്കള്‍, ഈ നാട്ടിലെ
[കേരളത്തിലെ] ജനങ്ങളെയും അവരുടെ പെരുമാറ്റങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും നടപ്പ് പാരമ്പര്യ സ്വത്തവകാശക്രമങ്ങളെയും കുറിച്ച് അജ്ഞരായിരുന്നപ്പോള്‍ പാസാക്കിയതാണ് 1850-ലെ 21-ാം ആക്റ്റ് എന്നു വ്യക്തം. [...] ആലോചനയില്ലാതെ ആ നിയമം ഈ രാജ്യത്തു നടപ്പാക്കിയാല്‍ മരുമക്കത്തായ പിന്തുടര്‍ച്ച വ്യവസ്ഥയെ അതു ഗുരുതരമായി ബാധിക്കും. [...] മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന, വര്‍ധിപ്പിക്കുന്ന അത്തരമൊരു നിയമം പാസാക്കുന്നത് ഒരു ഹിന്ദു ഭരണാധികാരിക്ക് സന്തോഷ