Saturday, 22 January 2022

സിനിമാ പഠനം


Text Formatted

കേരള നവോത്ഥാനം സൃഷ്​ടിച്ച വീടും 
‘നിറക്കൂട്ടി’ലെ മൂന്ന്​ പെണ്ണുങ്ങളും

മലയാളത്തിലെ മുഖ്യധാരാ സിനിമകൾ അതാതുകാലത്തെ സാമൂഹിക- രാഷ്​ട്രീയ പരിണാമങ്ങളെ അടയാളപ്പെടുത്തിയത്​ എങ്ങനെയാണ്​ എന്നന്വേഷിക്കുന്ന പഠനം തുടങ്ങുന്നു. ജോഷി സംവിധാനം ചെയ്​ത ‘നിറക്കൂട്ട്​’ എന്ന സിനിമയിലെ നായികമാരെ കേന്ദ്രീകരിച്ച്​ ഒരു അന്വേഷണം

Image Full Width
Image Caption
നിറക്കൂട്ട് എന്ന ചിത്രത്തില്‍ ഉര്‍വശി, സുമലത, ലിസി
Text Formatted

‘‘സ്ത്രീസ്വാതന്ത്ര്യ സൗധത്തിന്റെ അടിസ്ഥാനശില സാമ്പത്തിക സ്വാതന്ത്ര്യമാണല്ലോ. സ്ത്രീകള്‍ ഉദ്യോഗത്തിന്​ കാംക്ഷിക്കുന്നത് ഈ സാമ്പത്തിക സമത്വം സമ്പാദിപ്പാനാണ്. സ്ത്രീകള്‍ സർവ്വതന്ത്ര സ്വതന്ത്രകളാണെന്ന് സ്ഥാനത്തും അസ്ഥാനത്തും അഭിമാനിക്കുന്ന കൂട്ടര്‍ സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യത്തിനുള്ള മാര്‍ഗ്ഗമായ സര്‍ക്കാര്‍ ഉദ്യോഗങ്ങളും മറ്റും അവര്‍ക്ക് ലഭിക്കാതിരിക്കണമെന്ന് വിചാരിച്ച് പ്രസംഗങ്ങള്‍ പൊടിപൊടിക്കുന്നതു കാണുമ്പോള്‍ ഈ പൂര്‍വ്വാപരതവിരുദ്ധതയെ ഓര്‍ത്ത് ഹാസ്യസ്മിതം തൂകാനേ തരമുള്ളൂ.’’
(ദേവിക ജെ, കല്പനയുടെ മാറ്റൊലി, ശാസ്ത്രസാഹിത്യപരിഷത്ത്, 2011)

​​​​​​​വോത്ഥാന പ്രസ്ഥാനങ്ങള്‍ ശക്തമായിരുന്ന 1920-30കളില്‍ കേരളത്തിലെ പത്രമാധ്യമങ്ങളിലും പൊതുരംഗത്തും ഏറെ ശ്രദ്ധപിടിച്ചുപറ്റിയ വിഷയമാണ്‌ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ ഉദ്യോഗം ലഭിക്കണമെന്ന വാദം. ആ വാദം സ്ത്രീബുദ്ധിജീവികള്‍ ഉയര്‍ത്തിയപ്പോള്‍ സ്ത്രീകള്‍ ഉദ്യോഗത്തിനു പോയാല്‍ വീട്ടുകാര്യങ്ങളും കുട്ടികളുടെ പരിപാലനവും അവതാളത്തിലാകുമെന്നും മാതൃത്വത്തിന്റെ മഹനീയത ഇല്ലാതാകുമെന്നും പറഞ്ഞ് പുരുഷ ബുദ്ധിജീവികള്‍ എതിര്‍ത്തു. പുരുഷന്മാരുടെ ഇത്തരം വാദങ്ങളെ  എതിര്‍ത്ത്​ അന്നാ ചാണ്ടി 1929ല്‍ നടത്തിയ പ്രഭാഷണത്തിലെ ഏതാനും വാക്കുകളാണ് മുകളില്‍ നല്കിയിരിക്കുന്നത്. ആധുനികത കേരളത്തില്‍ ശക്തമായപ്പോള്‍, ആധുനിക ഭരണരീതികളും ഓഫീസുകളും സ്‌കൂളുകളും മറ്റും വ്യാപകമായതോടെ ജാതിത്തൊഴിലിനുപകരം പുതിയ തൊഴില്‍ സംസ്‌കാരം രൂപപ്പെട്ടു. ശമ്പളം കിട്ടുന്ന ഈ തൊഴിലുകളിലേക്ക് ആളുകള്‍ ഇടച്ചുകയറാനും തങ്ങളുടെ സാമ്പത്തിക ജീവിതം മെച്ചപ്പെടുത്താനും ശ്രമമുണ്ടായി. അങ്ങനെയാണ് ശമ്പളം കിട്ടുന്ന സര്‍ക്കാര്‍ ജോലി ആകര്‍ഷണീയമാകുന്നതും  ‘ശ്രീപദ്മനാഭന്റെ പത്തുചക്രം' എന്ന പറച്ചില്‍ വ്യാപകമാകുന്നതും.