Saturday, 22 January 2022

ലോക മാര്‍ക്കറ്റിലെ പൊട്ടറ്റോ


Text Formatted

അപ്പത്തിനും പൂരിക്കും കള്ളിനും ഒപ്പം;
പിന്നെ യൂറോപ്പിലേക്കും...

ചില ഉരുളക്കിഴങ്ങനുഭവങ്ങൾ

നമ്മുടെ നാട്ടില്‍ മെഴുക്കുവരട്ടിയിലെ ഉരുളക്കിഴങ്ങിന് പച്ചക്കറിയുടെ സ്ഥാനമാണെങ്കില്‍ നെതെര്‍ലാന്‍ഡ്സിലും ബെല്‍ജിയത്തിലുമൊക്കെ അത്താഴം പലപ്പോഴും ഉരുളക്കിഴങ്ങും ഏതെങ്കിലും പച്ചക്കറിയും ഇറച്ചിയുമാണ്. മെഴുക്കുവരട്ടിയുടെ പോലെ സൈഡല്ല ഉരുളക്കിഴങ്ങ്​. ചോറിനും ചപ്പാത്തിക്കും പകരമാണ്. ഉരുളക്കിഴങ്ങിനെക്കുറിച്ചുള്ള ചില യൂറോപ്യൻ അനുഭവങ്ങൾ

Image Full Width
Image Caption
Photo: Pixabay
Text Formatted

ചോറിനൊപ്പവും, അപ്പത്തിന്റെ കൂടെയും, പൂരിക്കൊപ്പവും, കള്ളുകുടിക്കുമ്പോഴും ഉരുളക്കിഴങ്ങ് പല അവസ്ഥാന്തരങ്ങളിലൂടെ സദാ സാന്നിധ്യമറിയിച്ച എണ്‍പതുകളിലും, തൊണ്ണൂറുകളിലുമാണ് വളര്‍ന്നത്. മെഴുക്കുവരട്ടിയില്‍, വെജിറ്റബിള്‍ സ്റ്റുവില്‍ ചിലപ്പോള്‍ ഒറ്റയ്ക്കും മറ്റു ചില പച്ചക്കറികള്‍ക്കുമൊപ്പം, സാമ്പാറില്‍, ചിപ്‌സായി, പൊരിയലായി, പൊടിമാസായി.
ഉരുളക്കിഴങ്ങ്​ ഒന്നേ ഉണ്ടായിരുന്നുള്ളു അറിവില്‍. ഒരു സ്വത്വമേണ്ടായിരുന്നുള്ളൂ ഉരുളക്കിഴങ്ങിന്. കടയില്‍ പോയാല്‍ ഏത്തപ്പഴവും പാളയംകോടനും, രസകദളിയും തരംതിരിച്ച്​, പേരെടുത്തു ചോദിക്കുന്ന പോലല്ല. ഉരുളക്കിഴങ്ങ്​... അത്രേയുള്ളൂ, അത്രേം മതി.

യൂറോപ്പിലേയ്ക്ക് കുടിയേറി ആദ്യമായി ഡെന്മാര്‍ക്കിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഉരുളക്കിഴങ്ങ്​ വാങ്ങാന്‍ ചെന്നപ്പോള്‍ കഥ മാറി. മെഴുക്കുവരട്ടിയുണ്ടാക്കാന്‍ വേണ്ടിയാണ് ഉരുളക്കിഴങ്ങ്​. പൊട്ടറ്റോ എന്നുചോദിച്ചപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ഒരു ഷെല്‍ഫിലേക്ക് കൈചൂണ്ടി. നോക്കിയപ്പോള്‍ ഒന്നല്ല, നാലോ അഞ്ചോ തരം ഉരുളക്കിഴങ്ങുകള്‍. എല്ലാത്തിനും വെവ്വേറെ പേരും, ഓര്‍ഗാനിക്കും അല്ലാത്തതും. ചിലത്​ പ്ലാസ്റ്റിക് ബാഗില്‍, വേറെ ചിലത് ഒരു കൂമ്പാരമായി കൂട്ടിയിട്ടത്. എന്ത് എടുക്കണമെന്ന് ഒരു ധാരണയുമില്ല. മെഴുക്കുവരട്ടിയെന്നു പറഞ്ഞാല്‍ സൂപ്പര്‍മാര്‍ക്കറ്റുകാര്‍ക്ക് തിരിയില്ല. വിശദീകരിച്ചു മെനക്കെടാന്‍ നിന്നില്ല, കൈയില്‍ കിട്ടിയ ഒരു ചെറിയ പായ്ക്കറ്റും വാങ്ങിപ്പോന്നു. കഴുകി വൃത്തിയാക്കി പുഴുങ്ങിയെടുത്തു. തൊലികളയാനെടുത്തപ്പോള്‍ ഉരുളക്കിഴങ്ങ്​ പൊടിഞ്ഞു, ചെറിയ ചെറിയ കഷ്ണങ്ങളായി. അമര്‍ത്തിയാല്‍ ഒരു പേസ്റ്റ് പരുവം. ഒടുക്കം ചോറും തൈരെന്നു പേര് നല്‍കിയ യോഗര്‍ട്ടും നാട്ടില്‍ നിന്ന് കൂടെക്കൊണ്ടുവന്ന അച്ചാറും കൂട്ടി കഴിച്ചു സമാധാനിച്ചു. പിന്നെ