Monday, 18 October 2021

കഥ


Text Formatted

തെറിപ്പോലീസ്

Image Full Width
Image Caption
ചിത്രീകരണം:സുധീഷ് കോട്ടേമ്പ്രം
Text Formatted

ഒന്ന്

പരമനെസ്സൈ 

ചെട്ടിഭാഗത്തുനിന്ന് ഹൈക്കോര്‍ട്ടിലേക്കുള്ള പാസഞ്ചര്‍ ബോട്ടില്‍ വച്ച് അങ്ങോരെ അന്ന് പരിചയപ്പെട്ടില്ലായിരുന്നെങ്കില്‍ പട്ടാളത്തില്‍ ചേര്‍ന്ന് അറുപത്തിരണ്ടിലെ ഹിന്ദി ചീനി യുദ്ധത്തില്‍ വീരമൃത്യു അടയാനായിരുന്നേനെ ഭരതന്‍പിള്ളയമ്മാവന്റെ വിധി. ബോട്ടിന്റെ മൂലയില്‍ പതുങ്ങി ഇരിക്കുകയായിരുന്ന അമ്മാവനോട് "നല്ല പൊക്കമുണ്ടല്ലാ... പട്ടാളത്തില്‍ ചേരാന്‍ പോകുവാണാ?' എന്ന് പുള്ളിക്കാരന്‍ നേരിട്ട് വന്നു ചോദിക്കുകയായിരുന്നു. രാമവര്‍മ്മ സ്‌കൂളില്‍ ആ സമയത്ത് നടന്നുകൊണ്ടിരുന്ന പട്ടാളറിക്രൂട്ട്‌മെന്റിനെപ്പറ്റിയൊന്നും സത്യത്തില്‍ അമ്മാവനറിയില്ലായിരുന്നു.

എസ്സൈ യൂണിഫോമില്‍ മുന്നില്‍ നില്‍ക്കുന്ന കൊമ്പന്‍മീശക്കാരനെ കണ്ട് അമ്മാവന്‍ ആദ്യമൊന്ന് പേടിച്ചു. ഇടത്തേ പോക്കറ്റില്‍ മെഡലെല്ലാമുണ്ട്. അതിനു മുകളില്‍ "പരമന്‍' എന്ന നെയിംപ്ലേറ്റ്. ചോദ്യത്തിന്റെ താളം കേട്ടപ്പോള്‍ അമ്മാവന് സംശയം തോന്നിയതാണ്. പേരും കൂടി കണ്ടപ്പോള്‍ പേടി അടങ്ങി. പേരും സംസാരവും കൊണ്ട് ആള്‍ക്കാരുടെ മൂലാധാരം വരെ മനസ്സിലാക്കുന്ന വിദ്യ അന്നേ കാരിപ്പള്ളിയിലെ നായന്‍മാര്‍ക്കറിയാം.

കാരിപ്പള്ളിയില്‍ നെല്ലായിപ്പിള്ളിക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ഭൂജന്മിയായിരുന്നു അമ്മാവന്റെ അച്ഛന്‍ അതായത് എന്റെ അമ്മയുടെ അച്ഛന്‍ പങ്കജാക്ഷന്‍പിള്ള. അമ്പലനടയില്‍ പലചരക്കുകടയും തൊട്ടുചേര്‍ന്ന് "പൂര്‍ണ്ണേശ്വരി' ജൗളിക്കടയും.
മൂത്ത മകന്‍ രാമന്‍പിള്ളയെ അതേല്‍പ്പിച്ചിട്ട് പലചരക്കുകടയില്‍ ക്യാഷിലിരിക്കുന്നത് മുത്തച്ഛന്‍ നേരിട്ടാണ്. ഇരിക്കുന്നിടത്തുനിന്ന് ജൗളിക്കടയിലേക്ക് ആരൊക്കെ പോകുന്നുണ്ടെന്ന് നോക്കിവയ്ക്കും.
ഓരോ കച്ചവടം കഴിയുമ്പോഴും വല്യമ്മാവന്‍ ചെന്ന് മുത്തച്ഛന് കണക്ക് കൊടുക്കണം.
തുണിക്ക് വന്നവരെക്കൊണ്ട് ഒരു ചുട്ടിതോര്‍ത്തെങ്കിലും അധികം വാങ്ങിപ്പിച്ചില്ലെങ്കില്‍ എല്ലാവരുടേയും മുന്നില്‍ വച്ച് "തന്തയിയില്ലാ കഴുവേര്‍ടമോനേ' എന്നുള്ള വിളി ഉറപ്പാണ്.
ചെറുപ്പം മുതലേ ചേട്ടനെ വിളിക്കുന്ന ഈ വിളിയുടെ അര്‍ത്ഥം മനസ്സിലാവാതെ അമ്മാവന്‍ തല പുകച്ചിട്ടുണ്ട്. ഒരിക്കല്‍ ചേട്ടനോട് നേരിട്ട് ചോദിച്ചു. വല്യമ്മാവന്‍ ചിരിച്ചുകൊണ്ട് "അതച്ഛന്‍ തന്നെത്തന്നെ വിളിക്കണതല്ലേടാ...'