Friday, 14 January 2022

പുസ്​തക വിപണി


Text Formatted

പുസ്​തക വിപണിയിലെ ഇരകൾ,​ വേട്ടക്കാർ

പുസ്തക പ്രസാധനത്തിന്റെ ആവേശം കൂടുതലാളുകളെ പ്രസാധന സംരഭകരാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. അതില്‍ ചിലര്‍ മാത്രം കച്ചവടപരമായി വിജയിക്കുന്നു. മണ്ണെണ്ണവിളക്കിന്റെ പ്രകാശവലയത്തിലേക്ക് ആസക്തിയോടെ വന്നടുക്കുന്ന പ്രാണികളുടെ ആത്മത്യാഗവാസനയ്ക്കു തുല്യമായൊരു സാഹസികത ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യുന്നു. പുസ്തക വിപണി മാസ്മരിക ഭാവത്തോടെ പുതിയ ഇരകളേയും വേട്ടക്കാരേയും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

Image Full Width
Image Caption
ബോബി തോമസ്
Text Formatted

വായനക്കാര്‍ എഴുത്തുകാരായി പരിണമിക്കുന്ന ഒരു കാലമാണിത്. ഇപ്പോള്‍ എഴുത്തിന്റെ  ‘വിശുദ്ധ സ്വര്‍ഗ’ങ്ങളിലേക്ക് അതിക്രമിച്ചുകയറി തങ്ങളുടെ വിജയപതാകകള്‍ പാറിക്കുന്ന കൂടുതലാളുകളാണ് ഉണ്ടാകുന്നത്. ഒരു സവര്‍ണ- വരേണ്യ മണ്ഡലമെന്ന പരിവേഷം എഴുത്തിന് ഇല്ലാതാകുകയും അനേകായിരം എഴുത്തുകാരുടെ മഹാപ്രവാഹം സംഭവിക്കുമ്പോഴുള്ള ആരവം ചുറ്റും മുഴങ്ങുകയുമാണ്. പത്രാധിപരുടെ മറുപടിക്കത്തിനു കാത്തുനിന്ന് കാലുകള്‍ തളരേണ്ടതില്ലിപ്പോള്‍. എഴുതിത്തെളിയാന്‍ കടലാസുകളും ആവശ്യമില്ലാതായി. സാമൂഹ്യ മാധ്യമങ്ങളാണ് എഴുത്തിന്റെ ഈ പുതിയ സാധ്യതകളെ തുറന്നിട്ടത്.

എഴുത്തിലെ വിരലിലെണ്ണാവുന്ന സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അനേകം നക്ഷത്രങ്ങളും എഴുത്തിന്റെ ആകാശത്ത് തെളിഞ്ഞുനില്‍ക്കുന്നു. പല നക്ഷത്രങ്ങള്‍ക്കും ആയുസ് ഹ്രസ്വമാകാം. എന്നാല്‍ ചിലതിന്റെയെല്ലാം തിളക്കം കാലക്രമത്തില്‍ കൂടുകയാണ്. കുറേക്കഴിയുമ്പോഴേക്കും വായനക്കാരുടെ എണ്ണത്തേക്കാളധികം എഴുത്തുകാര്‍ ഉണ്ടായെന്നും വന്നേക്കാം. കുറച്ചു കോപ്പികള്‍ മാത്രമടിയ്ക്കാനാകുന്ന പ്രിൻറ്​ ഓണ്‍ ഡിമാൻറ്​ എന്ന അച്ചടിവിദ്യ സ്വയം പ്രസാധനത്തിന്റെ സാധ്യതകളെയും വ്യാപകമാക്കി. അതിനൊപ്പം, പുസ്തക പ്രസാധനത്തിന്റെ ആവേശം കൂടുതലാളുകളെ പ്രസാധന സംരംഭകരാക്കി മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതില്‍ ചിലര്‍ മാത്രം കച്ചവടപരമായി വിജയിക്കുന്നു. ഇക്കാര്യത്തിലുണ്ടാകുന്ന, മണ്ണെണ്ണ വിളക്കിന്റെ പ്രകാശവലയത്തിലേക്ക് ആസക്തിയോടെ വന്നടുക്കുന്ന പ്രാണികളുടെ ആത്മത്യാഗവാസനയ്ക്കു തുല്യമായൊരു സാഹസികത ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യുന്നു. പുസ്തക വിപണി മാസ്മരിക ഭാവത്തോടെ പുതിയ ഇരകളേയും വേട്ടക്കാരേയും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.