Monday, 18 October 2021

Gulf life and Covid 19


Text Formatted

ചേര്‍ത്തുപിടിക്കുന്നുണ്ട്, മറികടക്കുന്നുണ്ട് പ്രവാസം

ഗള്‍ഫ് പ്രവാസം കോവിഡിന്റെ കുതിപ്പിനെ ഇപ്പോള്‍ തടയിടുന്നുണ്ട്. തുടക്കം അവരെ സംബന്ധിച്ച് ആധിയുടേതായിരുന്നെങ്കില്‍ ഇപ്പോള്‍ അവര്‍ ജീവഭയത്തിനെ മറികടന്നിരിക്കുന്നു

Image Full Width
Image Caption
ഹണി ഭാസ്‌കരന്‍
Text Formatted

കോവിഡ്; ഈ തലമുറയിലെ ഏറ്റവും ഇരുണ്ട കാലം. ലോകത്തിന്റെ മുഖം തന്നെ മാറ്റി മറിച്ച് ഹ്രസ്വകാല ജീവിതത്തെ കുറിച്ച് മനുഷ്യനെ ഇത്ര വേഗത്തിലും ആഴത്തിലും പഠിപ്പിച്ച മറ്റൊരു കാലമുണ്ടായിട്ടില്ല. മനുഷ്യന്റെ അത്യാര്‍ത്തികളുടെ ചിറകരിഞ്ഞും ജീവിതം തന്നെ പോരാട്ടമാക്കിയ മനുഷ്യരുടെ ശ്രമങ്ങളെ മന്ദഗതിയിലാക്കിയും കോവിഡ് അതിന്റെ ആധിപത്യം സ്ഥാപിക്കുന്നതിന്റെ നേര്‍ക്കാഴ്ചകള്‍. പണത്തിനും അധികാരത്തിനും അപ്പുറം  ജീവിച്ചിരിക്കേണ്ടതാണ് ഏറ്റവും വലിയ ആവശ്യകത, മനുഷ്യത്വത്തിനു വേണ്ടിയാവണം എറ്റവും മികച്ച പോരാട്ടം...എന്നീ ഓര്‍മപ്പെടുത്തലുകള്‍. ജീവനോളം പ്രാധാന്യം മറ്റൊന്നിനുമില്ലെന്ന യാഥാര്‍ത്ഥ്യം കുറഞ്ഞ കാലം കൊണ്ട് മനുഷ്യന്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. ജീവനോടെ ശേഷിക്കുന്നുവെന്ന ആനന്ദത്തിനപ്പുറം ഈ കാലത്ത് മറ്റൊരാനന്ദവുമില്ല. വംശീയവും വര്‍ഗീയവുമായ എതിര്‍പ്പുകളെ ഇതിനിടയിലും അതിജീവിക്കേണ്ടി വന്നാലത് തികച്ചും ദൗര്‍ഭാഗ്യകരവുമാണ്.

പ്രിയപ്പെട്ടവരെപ്പോലും തള്ളിപ്പറയുന്ന ഭയം

യുദ്ധത്തെ ഒരിക്കല്‍ പോലും നേരിട്ടിട്ടില്ലാത്ത തലമുറയുടെ മുന്നില്‍ പലായനത്തോടുപമിക്കാന്‍ പറ്റുന്ന സാധ്യതകള്‍ പ്രവാസത്ത് കോവിഡ് തുറന്നുതന്നു. ജീവനില്‍ ഭയം പിടിപെടുമ്പോള്‍ മനുഷ്യര്‍ മറ്റെല്ലാം മറക്കും. സ്വന്തത്തിലേക്ക് ഒതുങ്ങും. സ്വാര്‍ത്ഥത കൈമുതലാവും. ജീവഭയം ഏറ്റവും പ്രിയപ്പെട്ടവരെ പോലും തള്ളിപ്പറയുമെന്ന നേരനുഭവങ്ങള്‍, സ്വന്തം മുറിയില്‍ നിന്ന് സുഹൃത്തുക്കളാല്‍ പുറത്താക്കപ്പെട്ട കോവിഡ് ബാധിതന്‍ ആശുപത്രി മുറ്റത്തു വന്നുനിന്ന് നിറഞ്ഞ കണ്ണുകളോടെ ബോധ്യപ്പെടുത്തി. ഒരു ബെഡ് പോലും ഒഴിവില്ലെന്ന സത്യം പറഞ്ഞ് മുന്നില്‍ നിര്‍ത്തിയിട്ട പൊലീസ് വാഹനത്തിനു നേരെ ഞാന്‍ വഴി കാട്ടുമ്പോള്‍ നിസ്സഹായത മാസ്‌കില്‍ നനവു പടര്‍ത്തി.

അടുക്കോടെയും ചിട്ടയോടെയും ഗള്‍ഫ് പ്രവാസം കോവിഡിന്റെ കുതിപ്പിനെ ഇപ്പോള്‍ തടയിടുന്നുണ്ട്. തുടക്കം അവരെ സംബന്ധിച്ച് ആധിയുടേതായിരുന്നെങ്കില്‍ ഇപ്പോള്‍ അവര്‍ ജീവഭയത്തിനെ മറികടന്നിരിക്കുന്നു. 

ബന്ധുമിത്രങ്ങളുടെ  അന്ത്യചുംബനമില്ലാതെ പ്രവാസ മണ്ണിലേക്ക് മടങ്ങി