Sunday, 17 October 2021

Post Covid Education


Text Formatted

പരസ്​പരം മൽസരിക്കുന്ന അധ്യാപകരുടെയും വിദ്യാർഥികളുടെയും സമൂഹം വരും, പേടിപ്പെടുത്തുന്ന ലോകം

Image Full Width
Image Caption
Photo:Unsplash.com
Text Formatted

കോവിഡാനന്തരം വിദ്യാഭ്യാസ രംഗത്ത്​ സംഭവിക്കാനിടയുള്ള പുതിയ പ്രവണതകളും മാറ്റങ്ങളും വിലയിരുത്തപ്പെടുന്നു

രാവിലെ ഏഴു മണിയോടെ പ്രധാന റോഡുകളിലൂടെ തലങ്ങും വിലങ്ങും പായുന്ന സ്‌കൂള്‍ ബസുകളും, ലൈന്‍ ബസിലെ കണ്ടക്ടറുടേയും കിളിയുടെയും പരുഷമായ കുത്തുവാക്കുകള്‍ ചേമ്പിലയിലെ വെള്ളംപോലെ ഒഴുക്കിക്കളഞ്ഞ് യാത്രയുടെ ഓരോ നിമിഷവും ആസ്വദിക്കുന്ന വിദ്യാര്‍ഥികളും ഒക്കെ ഓര്‍മയായിട്ട് പത്തു മാസങ്ങളോളം ആകുന്നു. സ്‌കൂള്‍ മണികള്‍ ശബ്ദം മറന്നിട്ടുണ്ടാവുമോ? സ്‌കൂള്‍- കോളേജ് കാമ്പസുകൾ ശബ്ദത്തിന്റെ ശവക്കോട്ടകളായി മാറിയിരിക്കുന്നു. ഇത്തരത്തില്‍ നമ്മുടെ വിദ്യാഭ്യാസത്തെ അടയാളപ്പെടുത്തുന്ന കാഴ്ചകള്‍, ശബ്ദങ്ങള്‍ എന്നിവയെല്ലാം കോവിഡാനന്തര കാലഘട്ടത്തില്‍ എന്തു തരത്തിലുള്ള മാറ്റങ്ങള്‍ക്കാണ് വിധേയമാകാന്‍ പോകുന്നത്?

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറിവിന്റെ വാതായനം എന്നതില്‍നിന്ന് തൊഴിലിന്റെ വാതായനം എന്നതിലേക്ക്​ മാറിക്കഴിഞ്ഞിട്ടുണ്ടല്ലോ. ദേശീയ വിദ്യാഭ്യാസ നയം ഇത്തരത്തിലൊരു പരിവര്‍ത്തനത്തിന്റെ  അനിവാര്യത അടിവരയിടുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്ക് ഒരു രാസത്വരകം എന്ന രീതിയില്‍ വലിയൊരളവുവരെ മാത്രമായിട്ടാണ് കോവിഡിനെ കാണേണ്ടത്. കോവിഡിനു മുമ്പ്​ പച്ചപരിഷ്‌കാരമായി മുദ്രകുത്തപ്പെട്ടിരുന്ന പലകാര്യങ്ങളും കോവിഡാനന്തര വിദ്യാഭ്യാസത്തില്‍ ഒരുപക്ഷേ അനിവാര്യതയായി മാറാം. ഉദാഹരണമായി പഠന സമയങ്ങളില്‍ മൊബൈല്‍ ഫോൺ ഉപയോഗം കോവിഡ് പൂര്‍വ കാലഘട്ടത്തില്‍ അധ്യാപകരെ ചൊടിപ്പിക്കുന്ന കാര്യമായിരുന്നുവെങ്കില്‍ കോവിഡ് കാലഘട്ടം ഈ അസ്പര്‍ശ്യത ഇല്ലാതാക്കിയിരിക്കുന്നു. കോവിഡാനന്തര കാലഘട്ടത്തിലും മൊബൈല്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ പഠനസഹായികളെ നിഷേധിക്കുക അസാധ്യമാകും.

school
കോവിഡിനുമുമ്പുള്ള ഒരു സ്​കൂൾ ദൃശ്യം. നമ്മുടെ വിദ്യാഭ്യാസത്തെ അടയാളപ്പെടുത്തുന്ന ഇത്തരം കാഴ്ചകളും ശബ്ദങ്ങളും കോവിഡാനന്തര കാലഘട്ടത്തില്‍ അടിമുടി മാറാന്‍ പോകുകയാണ്‌ / ഫോട്ടോ:മുഹമ്മദ് ഹനാന്‍