Saturday, 15 January 2022

Novella


Image Full Width
Image Caption
ചിത്രീകരണം: സൂരജ കെ.എസ്‌
Text Formatted

നായിന്റെ മോന്‍


ഒന്ന്

ര്‍.വി.ടി.എസ്. ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന യുക്തിവേദിയുടെ പ്രതിമാസയോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രവീണ്‍ കുമാര്‍ എന്ന യുവാവ്. അന്ധവിശ്വാസങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്ന സര്‍ക്കാര്‍ നടപടികളെക്കുറിച്ച് ഉണ്ടായ ചര്‍ച്ചയില്‍ കേട്ട അപകടകരമായ കാര്യങ്ങളെക്കുറിച്ചുള്ള വിചാരം നിമിത്തം വീട്ടിലേക്ക് രണ്ടുകിലോ സവാള ഉള്ളിയും ഒരുകിലോ പഞ്ചസാരയും വാങ്ങാനുണ്ടെന്ന കാര്യം പൂര്‍ണ്ണമായും മറന്നിരുന്നു അയാള്‍.

റോഡിന്റെ ഓരം ചേര്‍ന്ന് മിതമായ വേഗത്തില്‍ സഞ്ചരിച്ചുവന്ന പ്രവീണിന്റെ സ്‌കൂട്ടര്‍ വഴിവക്കത്തുള്ള ഭാഗീരഥീക്ഷേത്രത്തെ സമീപിച്ചു.
ഏതാനും വർഷം മുമ്പുവരെ പുറമ്പോക്കുഭൂമിയായിരുന്നു ഈ ക്ഷേത്രം നില്‍ക്കുന്ന സ്ഥലം. കല്ലും കുപ്പയും നിറഞ്ഞ്, കാട്ടുചെടികള്‍ വളര്‍ന്ന് നിന്ന ത്രികോണാകൃതിയിലുള്ള ഒരു കഷണം ഭൂമി. ആ ത്രികോണത്തിന്റെ മൂലകളിലൊന്നില്‍ ഒരു അരയാല്‍ വൃക്ഷം നിന്നിരുന്നു എന്നല്ലാതെ ഒരു ദിവ്യത്വവും ആ സ്ഥലത്തിന് ആരും കല്പിച്ചിരുന്നില്ല.

എന്നാല്‍ ഒരു സുപ്രഭാതത്തില്‍ മരത്തിന്റെ ചുവട്ടില്‍ ഒരു ദേവീവിഗ്രഹം പ്രത്യക്ഷപ്പെട്ടു.

വയലറ്റ് സ്വാമി എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ആള്‍‌ദൈവത്തിന്റെ സംഘടന വിഗ്രഹത്തിന്റെ സംരക്ഷണത്തിനായി രംഗത്തെത്തി. ഉളിയുടെ പാട് മാഞ്ഞിട്ടില്ലാത്ത കല്‍പ്രതിമ സ്വയംഭു ആണെന്നായിരുന്നു അവരുടെ വാദം. തറ കെട്ടി, വിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടു. വൈകാതെ അവിടെ ചെറിയൊരു അമ്പലമുണ്ടായിത്തീർന്നു. പിന്നെ, നടപ്പന്തലും തിടപ്പള്ളിയും മതില്‍‌ക്കെട്ടും ഗോപുരവും വഴിപാട് കൗണ്ടറും ഒക്കെയായി വളർന്ന്, ഫുട്പാത്തും കവിഞ്ഞ്, ഒടുക്കം വഴിയിലേക്കിറങ്ങി നില്ക്കുകയാണ് ഇപ്പോള്‍ ക്ഷേത്രം.

വെളുത്ത അരിയില്‍ റെഡ് ഓക്‌സൈഡ് ചേർത്ത് ചുവപ്പുനിറമാക്കി വിറ്റ് ശതകോടീശ്വരനായിത്തീര്‍ന്ന അങ്കമാലിക്കാരനായ ഒരു മുതലാളിയാണ് ക്ഷേത്രനിർമ്മാണത്തിന് പണം കൊടുത്തത് എന്ന് കേട്ടിരുന്നു. കൈയേറ്റത്തിന്റെയും അഴിമതിയുടെയും പ്രത്യക്ഷ ഉദാഹരണമായ ഈ സ്ഥാപനത്തില്‍ ആരാധിക്കാന്‍ തന്റെ ഭാര്യ ശുഭയെപ്പോലുള്ള വിഡ്ഢികള്‍ എത്തുന്നല്ലോ എന്ന് ചിന്തിച്ചപ്പോള്‍ പ്രവീണിന് അമർഷം തോന്നി.

വയലറ്റ് സ്വാമി എന്ന മൃത്യുഞ്ജയാനന്ദയെക്കുറിച്ച് നാട്ടില്‍ പ്രചരിച്ചിരുന്ന കള്ളപ്പണക്കഥകളെല്ലാം പറഞ്ഞുകൊടുത്തിട്ടും അവള്‍ ഒരിക്കലും സ്വാമിയുടെ വിശ്വാസത്തില്‍നിന്നും വ്യതിചലിക്കാന്‍ തയ്യാറായില്ല.
"ആള്‍ദൈവം' എന്നും "കുറ്റവാളി' എന്നും "മാനസികരോഗി' എന്നും മാറിമാറി വിളിച്ച്