Wednesday, 29 March 2023

വടക്കുകിഴക്കൻ രാഷ്​ട്രീയം


Text Formatted

പെണ്ണിനെ എതിർലിംഗമാക്കുന്ന രാഷ്​​ട്രീയാധികാരം

ചില വടക്കുകിഴക്കന്‍ അനുഭവങ്ങൾ

പൊതുവെ  ‘കുടുംബിനികള്‍’ക്ക് പറ്റിയതല്ല രാഷ്ട്രീയം എന്നൊരു ചിന്ത മണിപ്പൂരിന്റെ മനസില്‍ ഉറപ്പിച്ചെടുത്തിട്ടുണ്ട്. വടക്കുകിഴക്കന്‍ ഗോത്രസമൂഹങ്ങളിലെല്ലാം രാഷ്ട്രീയാധികാരം സംബന്ധിച്ച് ഇങ്ങനെയൊരു വിലക്കുചിന്ത വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പും ഇതിന്റെ തനിയാവർത്തനമായിരുന്നു.

Image Full Width
Image Caption
Photo: N.A. Backer
Text Formatted

പോരാട്ട ചരിത്രത്തില്‍, സഹനസമര മാതൃകയിലെ ഇതിഹാസനാമമാണ് ഇറോം ചാനു ശര്‍മിളയുടേത്. സ്ത്രീശക്തിയുടെ ഏറ്റവും കരുത്തുറ്റ ബിംബമായി അവരിന്നും കൊണ്ടാടപ്പെടുന്നു. മണിപ്പൂരില്‍ ഇറോം ശര്‍മിള സമരം നയിച്ചത് സൈനികശക്തികള്‍ക്ക് അനുവദിച്ചുനല്‍കിയ ഭരണഘടനാവിരുദ്ധമായ പ്രത്യേകാധികാരങ്ങള്‍ക്ക് (The Armed Force Special Powers Act) എതിരെയായിരുന്നു. ഇത് മണിപ്പൂര്‍ എന്ന കൊച്ചു സംസ്ഥാനത്തെ മാത്രം ബാധിക്കുന്നതായിരുന്നില്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ നോര്‍ത്ത് ഈസ്റ്റിനെ മൊത്തം വരിഞ്ഞുമുറുക്കിയ സൈനികാധികാര നിയമം കൂടിയായിരുന്നു ഇത്​. ഇതിനെ ചോദ്യംചെയ്യുക വഴി ലോകത്തിലെ തന്നെ, സൈനികാധീശ ശ്രമങ്ങള്‍ക്കെതിരായ പോരാട്ടമാതൃകയാണ് അവര്‍ മുന്നോട്ടുവെച്ചത്.

തന്റെ യൗവനം മുഴുവൻ, 16 വര്‍ഷം, അവര്‍ നിരാഹാരം അനുഷ്ഠിച്ചു. അത്രയും കാലം ആശുപത്രി എന്ന പേരില്‍ തടവില്‍ കഴിഞ്ഞു. മൂക്കിലൂടെയിട്ട കുഴല്‍ വഴി നിയമം അവരുടെ ജീവന്‍ നിലനിര്‍ത്തുന്ന ഉത്തരവാദിത്തം നിറവേറ്റി പീഡിപ്പിച്ചു. റിമാൻറ്​ കാലാവധി കഴിയുമ്പോള്‍ ഓരോ ആറുമാസത്തിലും മോചിപ്പിച്ചു. അടുത്ത ദിവസം വീണ്ടും അതേ കാരണം പറഞ്ഞ് തടവിലേയ്ക്ക് മാറ്റി. ആര്‍ക്കുവേണ്ടി നിലകൊണ്ടുവോ അവര്‍ വിസ്മരിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നതിന്റെ വേദന സമരതീക്ഷ്ണതയ്ക്കൊപ്പം കൊണ്ടുനടക്കേണ്ടിയും വന്നു. സഹനം ശരീരത്തിന്റെ മാത്രമല്ല, മനസിന്റേതുമായിരുന്നു.

സമരത്തിന്റെ പരിണതി ചരിത്രത്തിന്റെ തന്നെ നോവായി മാറിയെങ്കിലും അവര്‍ നോര്‍ത്ത് ഈസ്റ്റിന്റെ കരുത്തിന്റെ പ്രതീകമായി തന്നെ നിലനില്‍ക്കുന്നു. പെണ്‍ കരുത്തിന്റെ ലോക മാതൃകയായി ഇന്നും ജനാധിപത്യ വിശ്വാസികള്‍ അവരെ നെഞ്ചേറ്റുന്നു. പേരാട്ടങ്ങളുടെ മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് ഇച്ഛാശക്തി ഊതിക്കത്തിക്കാന്‍ ഇറോം ശര്‍മിള എന്ന പേരുമാത്രം മതിയായിരുന്നു