Monday, 18 October 2021

Media Criticism


Text Formatted

പെരുമ്പറകൾക്കിടയിൽ കെട്ടുപോകാത്ത ചെറുശബ്​ദങ്ങളുണ്ട്​

മാധ്യമങ്ങളുടെ സ്വയം വിധേയരാകല്‍, ഈ വിധേയത്വത്തിലൂടെ മാഞ്ഞുപോകുന്ന മാധ്യമ പ്രവര്‍ത്തന മൂല്യങ്ങള്‍ - 2020ലെ ഇന്ത്യന്‍ മാധ്യമ പ്രയോഗങ്ങളുടെ കാഴ്ചകള്‍

Image Full Width
Image Caption
ഭരണകൂടം അടിച്ചേല്‍പ്പിച്ച കമ്യൂണിക്കേഷന്‍ നിരോധനത്തിനെതിരെ 2019 ഒക്ടോബറില്‍ ശ്രീനഗറില്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം / Photo:@AakashHassan, Twitter

Text Formatted

ധികാരത്തിന്റെ അംശവടികള്‍ ചുഴറ്റി മാധ്യമങ്ങളെ വരുതിക്ക് നിര്‍ത്താനുള്ള ശ്രമങ്ങള്‍, അത് തോല്‍ക്കുന്നിടത്ത് ജനാധിപത്യത്തിന്റെ പുറംതോട് നിലനിര്‍ത്തി അകക്കാമ്പു തകര്‍ക്കാനുള്ള ഭരണകൂട ബുദ്ധിയുടെ പ്രയോഗം, നിഷ്പക്ഷ സംവിധാനങ്ങളുടെ സ്വതാല്‍പര്യ വ്യാഖ്യാനങ്ങളിലൂടെ നിയന്ത്രണ സാധ്യതകളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍, ഇതിനെല്ലാം സന്തോഷത്തോടെയുള്ള മാധ്യമങ്ങളുടെ സ്വയം വിധേയരാകല്‍, ഈ വിധേയത്വത്തിലൂടെ മാഞ്ഞുപോകുന്ന മാധ്യമ പ്രവര്‍ത്തന മൂല്യങ്ങള്‍- 2020ലെ ഇന്ത്യന്‍ മാധ്യമ പ്രയോഗങ്ങള്‍ ഒരു കാലിഡോസ്‌കോപ്പിലിട്ടാൽ കാണുന്ന കാഴ്ചകള്‍ ഇവയാണ്. 

വംശീയ അധീശത്വത്തിന്റെയും അപരവിദ്വേഷത്തിന്റെയും മനുഷ്യവിരുദ്ധതയെ ഭരണകൂട നടത്തിപ്പിന്റെ തത്വസംഹിതയായി മാറ്റിയിട്ടുള്ളവര്‍ പ്രായോഗികമാക്കിയ ചരിത്രത്തിലെ സമാന്തരങ്ങളില്‍ നിന്ന് ഒട്ടും വ്യത്യാസമുള്ളതല്ല ഇന്നത്തെ ഇന്ത്യന്‍ മാധ്യമരംഗം തുറന്നിടുന്ന ജാലകക്കാഴ്ചകള്‍. സമാന്തരങ്ങളായതുകൊണ്ടു തന്നെ ഒരിടത്തും അവ തമ്മില്‍ കൂട്ടിമുട്ടി വൈരുദ്ധ്യം സൃഷ്ടിക്കുന്നില്ല. ഇരുപതും ഇരുപത്തിയൊന്നും നൂറ്റാണ്ടുകളിലെ ഫാസിസ്റ്റ് ഭരണക്രമങ്ങള്‍ ഘടനാപരമായി ഒന്നാണെന്ന് ഈ കാഴ്ചകള്‍ വീണ്ടും വീണ്ടും ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയുമാണ്. ഇത് 2020ല്‍ തുടങ്ങിയതുമല്ല. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി 2014ല്‍ അധികാരത്തിലെത്തി അധികനാള്‍ കഴിയുന്നതിനു മുമ്പ് തന്നെ ഈ പ്രവണതകളുടെ നാമ്പുകള്‍ മുളപൊട്ടിയിരുന്നു. ഭരണകൂടത്തോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ കടമയുള്ള മാധ്യമങ്ങള്‍, പ്രത്യേകിച്ചും ദേശീയ മാധ്യമങ്ങള്‍, അതില്‍തന്നെ ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ എല്ലാ ചോദ്യങ്ങളും പ്രതിപക്ഷത്തോട് മാത്രം ചോദിച്ചു തുടങ്ങിയത് ഈ ഭരണത്തിന്റെ ആദ്യനാളുകളില്‍ തന്നെയാണ്. മഹാമാരി ജനതയെ ആകെ ക്ലേശങ്ങളുടെ നടുവിലേയ്ക്ക് എടുത്തെറിഞ്ഞ 2020ല്‍ നേരത്തെ സൂചിപ്പിച്ച മുളകള്‍ കരുത്താര്‍ജിച്ച് വന്‍മരങ്ങളായി. 

ഭരണകൂടത്തോട് ചോദ്യങ്ങള്‍ ചോദിക്കാന്‍