Monday, 18 October 2021

Media and Covid 19


Text Formatted

കോവിഡ് കാലത്തെ മാധ്യമ നീതി:
​​​​​​​‘അതങ്ങ് പള്ളിയില്‍ പറഞ്ഞാല്‍ മതി' 

കേരളത്തിനും മലയാളികള്‍ക്കും വേണ്ടി സംസാരിക്കാനാവാത്തവയായി മാധ്യമങ്ങള്‍ പരിവര്‍ത്തനപ്പെട്ടിരിക്കുന്നുവെന്നാണ് ഈ മഹാമാരിക്കാലത്തെ മാധ്യമനീതികള്‍ കാണിച്ചു തരുന്നത്

Image Full Width
Image Caption
അറസ്​റ്റിനുശേഷം ജയിലിലേക്കുകൊണ്ടുപോയ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ പിന്തുടർന്നെത്തിയ ചാനൽ സംഘങ്ങൾ ജയിൽ കവാടത്തി​നടിയിലൂടെ ക്യാമറകള്‍ ജയിൽ വളപ്പിലേക്ക്​ തിരിച്ചുവച്ചിരിക്കുന്നു /ഫോട്ടോ: ഹസനുല്‍ ബസരി പി.കെ.
Text Formatted

ലയാള മുഖ്യധാരാ മാധ്യമങ്ങള്‍ ഇത്രയേറെ ജനരോഷത്തിനും വിമര്‍ശനത്തിനും പരിഹാസത്തിനും ഇരയായി പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിവന്ന ഒരു കാലം മുമ്പൊന്നും ഉണ്ടായിട്ടില്ല. മാധ്യമങ്ങളുടെ വിശ്വാസ്യതയില്‍ ജനങ്ങള്‍ സംശയാലുക്കളായി മാറിക്കഴിഞ്ഞതിന്റെ കൂടി തെളിവാണല്ലോ കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു ഫലം? തുറന്ന വിമര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും ബാഹ്യനിയന്ത്രണങ്ങളില്ലാതെ ഇടം നല്‍കുന്ന ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ സാധാരണക്കാരായ ടി.വി പ്രേക്ഷകരും പത്രവായനക്കാരും ഈ മാധ്യമങ്ങളെ വിചാരണ ചെയ്തുകൊണ്ടിരിക്കയാണ്. ഇതിന്റെ ഫലമാണ് മാധ്യമങ്ങള്‍ ജനങ്ങളില്‍ നിന്ന് നേരിടുന്ന സാര്‍വത്രിക തിരസ്‌കാരം. ടെലവിഷന്‍ വാര്‍ത്തയെ പ്രേക്ഷകരും പത്രങ്ങളെ വായനക്കാരും കയ്യൊഴിയുന്നു. ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചും ബോണസ് നിര്‍ത്തിയും പത്രപ്പേജിന്റെ എണ്ണം പകുതിയാക്കിയും കോവിഡ് മഹാമാരി വരുത്തിവച്ച പ്രതിസന്ധിയേക്കാള്‍ കടുപ്പമാണിത്. 

വിശ്വാസരാഹിത്യത്തിന്റെ പാരമ്യം

വാര്‍ത്ത സംശുദ്ധമെന്ന മാധ്യമവിജ്ഞാനത്തിന് അടിവരയിടുന്ന നിഷ്‌കളങ്ക സമൂഹമല്ല ഇന്ന് മലയാളികള്‍. ‘പത്രത്തില്‍ വായിച്ചതാണ്', ‘ടി.വിയില്‍ കണ്ടതാണ്' എന്നൊക്കെയുള്ള സാക്ഷ്യങ്ങളില്‍ മലയാളിക്ക് വിശ്വാസരാഹിത്യം വന്നിട്ട് കാലമേറെയായി. മാധ്യമവ്യവഹാരത്തെ അഴിച്ചുപണിയുന്നതില്‍ മലയാളി സമൂഹം ഏറെ മുന്നിലാണ്. ഇത് ബോധ്യപ്പെടാത്തവര്‍ മുഖ്യധാരാ മാധ്യമങ്ങള്‍ മാത്രവുമാണ്. അവര്‍ വരുത്തിവച്ച വിശ്വാസരാഹിത്യത്തിന്റെ പാരമ്യമാണ് കോവിഡ് കാലത്തെ മലയാള മാധ്യമ പ്രവര്‍ത്തനം മലയാളികള്‍ക്ക് വെളിപ്പെടുത്തിയത്.