Monday, 18 October 2021

ആത്മകഥ


Text Formatted

എഴുകോൺ-5

രാഷ്​ട്രീയപാർട്ടികൾ നാടുവാണ കാലം

Image Full Width
Image Caption
ജയശ്രീയുടെ അപ്പച്ചിയും ചെറുമക്കളും
Text Formatted

അഭിമാനിനികള്‍ 
ജീവനു വിലയില്ലേ, ജീവിതം ധനമല്ലേ 
മാനവജീവിതം മാനമല്ലേ 
ആരുമാരെ തന്നെ പേടിപ്പെടുത്തേണ്ടും 
കാലമിതല്ലെന്നതോര്‍മ്മയില്ലേ 
നിക്സാ,വിയറ്റ് നാം നീ വിട്ടു പോരൂ  

ലൈല പാടിയിരുന്ന പാട്ടാണിത്. എല്ലാവരും സിനിമാപ്പാട്ടുകള്‍ പാടുമ്പോള്‍ ലൈല, അച്ഛന്‍ എഴുതി സംഗീതം കൊടുക്കുന്ന പാട്ടുകളാണ് പാടിയിരുന്നത്. ലൈലയുടെ അച്ഛന്‍ ടി.എം പ്രസാദ് അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ്  പ്രവര്‍ത്തകനും, കാഥികനും എഴുത്തുകാരനും പാട്ടുകാരനും  ആയിരുന്നു. അമേരിക്ക വിയറ്റ്നാമില്‍ ബോംബുകള്‍ വര്‍ഷിച്ചു കൊണ്ടിരുന്ന കാലം. നിക്സണ്‍ പ്രസിഡന്റായി വന്ന ശേഷവും വിയട്‌നാമില്‍ യുദ്ധം തുടര്‍ന്ന് കൊണ്ടിരുന്നു. വടക്കന്‍ വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം തകര്‍ക്കുകയും ലോകം മുഴുവന്‍ ഉണ്ടായേക്കാവുന്ന കമ്മ്യൂണിസ്റ്റു ആധിപത്യം നേരിടുകയും ചെയ്യുക അമേരിക്കയുടെ ഉദ്ദേശമായി കരുതി പോന്നു. അതേസമയം  അമേരിക്കക്കുള്ളിലും ലോകമാകെയും യുദ്ധവിരുദ്ധ താല്‍പ്പര്യങ്ങളും പ്രസ്ഥാനങ്ങളും വളര്‍ന്നു കൊണ്ടുമിരുന്നു. വിയറ്റ്നാമിനുള്ള പിന്തുണയും യുദ്ധത്തോടുള്ള അതൃപ്തിയും, കമ്മ്യൂണിസ്റ്റ് വേരോട്ടമുള്ള കേരളത്തില്‍ സ്വാഭാവികമായിരുന്നു. ഇതൊന്നും കാര്യമായി അന്ന് ഗ്രഹിച്ചിരുന്നില്ലെങ്കിലും അഭിമാനത്തോടെ  ലൈല പാടുമ്പോള്‍ വിയറ്റ്നാമിന് വേണ്ടി   മനസ്സ് തുടിച്ചു. 

അതിനു ശേഷം  യുദ്ധഭീതി, നിഴലായി എപ്പോഴും പിന്തുടര്‍ന്നു. യുദ്ധവിമാനങ്ങള്‍ പല ആകൃതിയിലും നിറങ്ങളിലും സ്വപ്നങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. നിറം മങ്ങിയ ആകാശത്തിന്റെ ഒരറ്റത്തായി അവ്യക്തമായ ആകൃതികള്‍ കണ്ട് തുടങ്ങും. ഒറ്റക്കും കൂട്ടമായും അവ വലുതായി വരും. വരി വരിയായി, നിര നിരയായി മുകളിലുണ്ടാവും. എന്തെങ്കിലും സംഭവിക്കുന്നതിനേക്കാള്‍, ഭീതി പടര്‍ത്തുന്ന ഭാവനയായി  യുദ്ധം തലക്കകത്ത്  കുടിയിരിക്കും എന്നതാണ്. പല തരത്തില്‍ ചിത്രങ്ങള്‍ വരച്ചു കൂട്ടാനുള്ള ഇടം ആകാശത്തിലുണ്ട്. ഉപനിഷദ് സങ്കല്‍പ്പനത്തിലെ ചിദാകാശം ആന്തരികമായ ആകാശത്തെ  വിസ്തരിക്കുന്നു.