Sunday, 17 October 2021

കഥ


Text Formatted

അബ്രഹാമായും ജയന്തനായും

Image Full Width
Image Caption
ചിത്രീകരണം: കെ.പി മുരളീധരന്‍
Text Formatted

ഫുള്‍സ്റ്റോപ്പില്‍ നിന്നു പോയ ആ കഥയില്‍ നിന്ന് അയാള്‍ സ്വതന്ത്രനായിരിക്കുന്നു. അഥവാ ആ കറുത്ത കുത്ത് കവച്ചു വച്ച് ഇറങ്ങിപ്പോരാന്‍ അയാള്‍ക്കു കഴിഞ്ഞിരിക്കുന്നു. കഥയില്‍ അയാളുടെ പേര് അബ്രഹാം എന്നായിരുന്നു.

തൊഴില്‍ നഷ്ടപ്പെട്ടതോടെ അബ്രഹാമിന്റെ ജീവിതം പ്രതിസന്ധിയിലായി. ക്രിസ്ത്യാനിയായ അയാളെ ഇഷ്ടപ്പെട്ട് അഗ്രഹാരം ഉപേക്ഷിച്ച് പോന്ന ആനന്ദത്തെയും അവളിലുണ്ടായ കുട്ടികളെയും പോറ്റാന്‍ വഴിയില്ലാതായി. ബീഫ് വിരോധിയായ ആനന്ദത്തിന്റെ വെറുപ്പും എതിര്‍പ്പും അവഗണിച്ച് അബ്രഹാം ബീഫു കച്ചവടത്തിന് ഇറങ്ങുന്നിടത്താണ് ആ കഥ നിന്നത്. ഇനിയെന്ത് എന്ന് പ്രവചിക്കാനാവാത്ത ആ അവസാനത്തില്‍ ഇക്കഴിഞ്ഞ ആറു വര്‍ഷമായി അബ്രഹാമും നില്‍ക്കുകയായിരുന്നു.

ആ കഥയുടെ കാലത്ത് ബീഫ് നിരോധനം വലിയ ചര്‍ച്ചയായിരുന്നതു കൊണ്ടാകും കഥാകൃത്ത് ബീഫ് വിഷയത്തില്‍ കൊണ്ടു വന്ന് കഥ നിറുത്തിയത്. എഴുത്തുകാരന്‍ എന്ന നിലയില്‍ അങ്ങനെ സമകാലികനായി എന്ന് അയാള്‍ക്ക് സമാധാനമായിക്കാണും. പ്രാരാബ്ധക്കാരനായ അബ്രഹാമിന്റെ പ്രശ്നങ്ങള്‍ തീര്‍ന്നോ ഇല്ലേ എന്നൊന്നും അയാള്‍ ആലോചിച്ചു കാണില്ല. രാഷ്ട്രീയക്കാരോ സാമൂഹിക പരിഷ്‌കര്‍ത്താക്കളോ ഭരിക്കുന്നവരോ ആ കഥ വായിച്ചിരിക്കാനും ഇടയില്ല. പ്രശസ്തിയുടെ വൃത്തം അല്‍പ്പം കൂടി വികസിച്ചതിന്റെ ആനന്ദത്തോടെ എഴുത്തുകാരന്‍ ആ കഥ വിട്ട് അടുത്ത കഥയിലേക്കും അതിനടുത്ത കഥയിലേക്കും പോയി. പിന്നീട് അയാള്‍ എഴുതിയ കഥകളിലൊന്നും ദരിദ്രന്റെ ജീവിതവുമില്ലായിരുന്നു. ചുരുക്കത്തില്‍ അബ്രഹാമിന്റെ പ്രശ്നങ്ങള്‍ പരിഹൃതമാകാതെ ആ ഫുള്‍സ്റ്റോപ്പിനകത്തു തന്നെ തിങ്ങി നിറഞ്ഞു നിന്നു.
ഇക്കാലത്തിനിടയില്‍ അബ്രഹാമിന് പിന്നീടെന്തു സംഭവിച്ചു എന്നറിയാന്‍ യാതൊരു ഉത്സാഹവും കാണിക്കാതെ വായനക്കാരും മറ്റു പല കഥകളിലേക്കും നീങ്ങി.

എന്നാല്‍ ഇപ്പോള്‍ ആ എഴുത്തുകാരന്‍ അബ്രഹാമിലേക്കു തിരിച്ചു വരുന്നു. മറ്റൊരു കഥയില്‍ അയാളെ പ്രതിഷ്ഠിക്കാനായി. ഇത് എന്റെ തന്നെ പഴയ കഥയിലെ അബ്രഹാമാണ്, ഇയാളെ തന്നെയാണ് ഞാന്‍ പുതിയ കഥയിലേക്ക് എടുക്കുന്നത് എന്നൊന്നും എഴുത്തുകാരന്‍ ചിന്തിച്ചുകാണില്ല. അയാള്‍ക്ക് മറ്റൊരു ആശയം കിട്ടിയപ്പോള്‍, അതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങിയപ്പോള്‍ ആ ആലോചനയില്‍ ഉണ്ടായ രൂപമാതൃകകള്‍ അബ്രഹാമിനു നന്നേ ഇണങ്ങി വന്നതാകും.