Monday, 18 October 2021

Technology


Text Formatted

ടെക്‌നോ സൊല്യൂഷനിസം, ടെക്‌നോ കൊളോണിയലിസം?

അറിവിന്റെ അധികാരം കൂടുതലായി വിപണിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ ജനാധിപത്യ സംവിധാനങ്ങളുടെ കഴിവ് ചോദ്യം ചെയ്യപ്പെടുകയാണ്. ഇവിടെ സാങ്കേതികവിദ്യയുടെ ശക്തി ഉപയോഗപ്പെടുത്താന്‍ പ്രതിരോധ മുന്നേറ്റങ്ങള്‍ക്ക് കഴിയുമോ എന്നത് ഭാവിയിലേക്കുള്ള ചോദ്യമായി അവശേഷിക്കുന്നു

Image Full Width
Text Formatted

സാങ്കേതികവിദ്യയെ നിത്യജീവിതത്തില്‍ നിന്ന് വേര്‍തിരിച്ച് കാണാന്‍ കഴിയാത്ത ഒരു വര്‍ത്തമാനകാലത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. വിവരസാങ്കേതികവിദ്യയുടെ ലോകത്തുണ്ടായ മുന്നേറ്റമാണ് ഇന്നുകാണുന്ന രീതിയില്‍ സാങ്കേതികവിദ്യയെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിയത്. മനുഷ്യര്‍ക്ക് ചെയ്യാന്‍ വിഷമകരമായ എന്തിനെയും എളുപ്പമാക്കാന്‍ സഹായിക്കുന്ന ഒന്ന് എന്നതിലുപരി നമ്മള്‍ എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം എന്ന് തീരുമാനിക്കുന്ന ഒന്നായി സാങ്കേതികവിദ്യയുടെ ഇടപെടല്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു മഹാമാരിയുടെ നടുവില്‍ നില്‍ക്കുന്ന ലോകക്രമത്തിലാവട്ടെ സാങ്കേതിക വിദ്യ അതിന്റെ സാന്നിധ്യം കുറെ കൂടി അരക്കിട്ടുറപ്പിക്കുകയാണ് ചെയ്യുന്നത്. കോവിഡ് കാലത്ത് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന അടച്ചുപൂട്ടലിലേക്ക് നീങ്ങാന്‍ ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക് പിന്‍ബലം നല്‍കിയത് സാങ്കേതികവിദ്യ പകരുന്ന സൗകര്യങ്ങളായിരുന്നു. ജനങ്ങളുടെ സഞ്ചാരം ട്രാക്ക് ചെയ്ത് രേഖപ്പെടുത്തുക, അവര്‍ രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയോ എന്നത് അവരറിയാതെ തന്നെ കണ്ടെത്തുക എന്നിങ്ങനെ നവസാങ്കേതികവിദ്യ തുറന്നു നല്‍കിയത് ഒരു സാധാരണ ലോകത്ത് ഏകാധിപത്യ ഭരണകൂടങ്ങള്‍ ആഗ്രഹിച്ച സൗകര്യങ്ങളായിരുന്നു. ജനാധിപത്യ ഭരണകൂടങ്ങള്‍ പൗരന് നല്‍കുന്നു എന്ന് അവകാശപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കാനുള്ള ശക്തമായ ഉപകരണങ്ങളായി സാങ്കേതികവിദ്യ മാറുന്ന ചിത്രമാണ് നാം സമീപകാലത്ത് കണ്ടത്. കോവിഡ് നിയന്ത്രണങ്ങള്‍ ഈ പ്രക്രിയക്ക് വേഗം കൂട്ടാന്‍ സഹായിച്ചു.

അജ്ഞാതമായ ഒരു സാംക്രമിക രോഗത്തെ പറ്റിയുള്ള ഭയം ഭരണ സംവിധാനങ്ങളോട് സഹകരിക്കാന്‍ മനുഷ്യരെ സ്വമേധയാ തയ്യാറാക്കുകയും ചെയ്തു. അവര്‍ കാണിച്ച  അച്ചടക്കത്തിനുപകരം സാധാരണ പൗരന് രോഗത്തില്‍ നിന്നുള്ള സംരക്ഷണവും രോഗബാധക്കുള്ള ചികില്‍സയും ഭരണകൂടങ്ങള്‍ നല്‍കി. എന്നാല്‍ എല്ലാവരും വീടുകളിലേക്ക് മടങ്ങുക എന്നത് അസാധ്യമായ ഒരു കാര്യമാണ്. ഭരണസംവിധാനങ്ങള്‍ക്ക് പുറമേ ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള അവശ്യ വസ്തുക്കളുടെ വിതരണം എന്നിങ്ങനെയുള്ളവ അനുസ്യൂതം തുടരേണ്ടതുണ്ടല്ലോ. അതിനും സാങ്കേതിക വിദ്യയെയാണ് മനുഷ്യര്‍ ആശ്രയിച്ചത്.