Wednesday, 29 March 2023

കഥ


Image Full Width
Image Caption
ചിത്രീകരണം : ഷാഹിന
Text Formatted

ഷ്യാക്കാരന്‍ പതിവ് തെറ്റിച്ചു.
അയാള്‍ക്ക് ഇംഗ്‌ളീഷ് നല്ല തിട്ടമായിരുന്നു.
അനായാസം, ചെരിഞ്ഞ അക്ഷരങ്ങളില്‍, അയാള്‍ വ്യക്തിവിവരങ്ങള്‍ രജിസ്റ്ററിലെഴുതുന്നത് കണ്ടപ്പോള്‍ ജോസ്മോന് ബോധ്യപ്പെട്ടതാണത്.
ഫോണിലെ ഭാഷാന്തരീകരണത്തിനുള്ള സഹായി വേണ്ടതില്ലെന്ന് കണ്ട ജോസ്​മോൻ അത് താഴെ വച്ചു. എന്നിട്ട് റഷ്യാക്കാരനെ സസൂക്ഷ്മം നിരീക്ഷിക്കാന്‍ തുടങ്ങി. എന്തെന്നാല്‍ കുമരകം വിപ്‌ളവത്തിനുശേഷം ‘ദി ഹിസ്റ്റോറിക് കമറാഡിയറി ' യിലേക്ക് കാലുകുത്തിയ ആദ്യത്തെ റഷ്യാക്കാരനാണ് ദാ, ഇങ്ങനെ മുന്നില്‍ നിന്ന് ഇന്‍മേറ്റ്‌സ് രജിസ്റ്റര്‍ പൂരിപ്പിക്കുന്നത്. അവന്‍ പൊലീസ് റിപ്പോര്‍ട്ടിങ്ങിനുള്ള കടലാസുകള്‍ ഈരണ്ട് കോപ്പിവീതം പ്രിന്റിങ്ങിനയച്ചു. 

റഷ്യാക്കാരന്‍ മന്ദഗതിയിലായിരുന്നു. ആ മന്ദഗതി ജോസ്​മോനെ ചരിത്രത്തിലേക്ക് തന്നെ വഴിതിരിച്ചുവിട്ടു. ആ വഴിയത്രയും പിന്‍നടക്കവേ, പ്രകാശമാനമായ ഈ സ്വീകരണകവാടം ഒരു ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് അയാള്‍ക്ക് ചുമ്മാതെയങ്ങ് തോന്നി. ദാ, രണ്ട് വിപ്‌ളവങ്ങള്‍ മുഖാമുഖം; കുമരകത്തിന്റെ വിനോസഞ്ചാരവിപ്‌ളവവും മഹത്തായ റഷ്യന്‍വിപ്‌ളവത്തിന്റെ വാലറ്റവും. 

ഇപ്പോള്‍ റഷ്യാക്കാരന്‍ മുഖം ഉയര്‍ത്തി ജോസ്​മോനെ നോക്കിച്ചിരിച്ചു. എന്നിട്ടയാള്‍ ഹാളിലാകെ തന്റെ സൂക്ഷ്മശ്രദ്ധയെ വ്യാപരിപ്പിച്ചു. ചുമരില്‍ സ്ഥാപിച്ചിരുന്ന വിചിത്രരൂപങ്ങളുടെ ഒരു പ്രദര്‍ശനത്തില്‍ അയാളുടെ ശ്രദ്ധ കുടുങ്ങി. റഷ്യാക്കാരന്‍ അതിനടുത്തേക്ക് നടക്കാന്‍ തുനിയവേ, ജോസ്മോന്‍ കൈനീട്ടി. പാസ്പോര്‍ട്ടിന്റെയും വിസയുടെയും കോപ്പികളെടുത്ത് സൂക്ഷിക്കേണ്ടതുണ്ട്. 
റഷ്യാക്കാരന്റെ പാസ്പോര്‍ട്ടിലെ ചിത്രം അപ്പോഴെടുത്തതുപോലെ തോന്നിപ്പിച്ചു. അയാള്‍ക്ക് വയസ്​ നാല്‍പ്പത്താറാണെന്നും പാസ്പോര്‍ട്ട് പറഞ്ഞു. അതിനും താഴെ മേല്‍വിലാസം കുറിച്ചിടത്ത് നിന്നും വോള്‍ഗയുടെ തണുത്ത കാറ്റ് വീശിയടിക്കുന്നതായി ജോസ്​മോന് തോന്നി. മിഷ്‌ക്കിന്‍ പട്ടണം വോള്‍ഗയുടെ കിഴക്കന്‍തീരത്താണെന്ന് കോരസാര്‍ പറഞ്ഞ് അവനറിയാമായിരുന്നു.

റഷ്യാക്കാരന്‍ വരുന്നത് മിഷ്‌ക്കിന്‍ പട്ടണത്തില്‍ നിന്നാണ്. വോള്‍ഗയുടെ തീരത്ത് നിന്നായ സ്ഥിതിക്ക് സ്റ്റര്‍ജിയണ്‍ മത്സ്യത്തിന്റെ കാവിയര്‍ തിന്നായിരിക്കും അയാള്‍ ഇത്ര തുടുത്തിരിക്കുന്നതെന്നും അവന്‍ വെറുതെ സങ്കല്‍പ്പിച്ചു. 
റഷ്യാക്കാരന്‍ അപ്പോള്‍ ചുമരിലെ അലങ്കാരപ്രദര്‍ശനം നോക്കിക്കാണാന്‍ തുടങ്ങിയിരുന്നു. ചൈനീസ് ബാട്ടിക്ക് ചുമരില്‍ നെടുനീളത്തില്‍ പതിച്ചിരുന്നു. അതില്‍ പലയിടത്തുമായി വിചിത്രകൗതുകങ്ങള്‍ ചിതറിക്കിടന്നു. അവയില്‍ പടര്‍ന്നു കിടന്ന കാലത്തിന്റെ സഞ്ചാരപഥങ്ങളില്‍ എവിടേക്ക് വേണമെങ്കിലും ഒരു സ്പര്‍ശം കൊണ്ട് തനിക്ക് കടന്നുകയറാമെന്ന് റഷ്യാക്കാരന്‍ ചിന്തിച്ചതും ജോസ്​മോൻ വിലക്കി