Saturday, 21 May 2022

വെറും മനുഷ്യർ- 55


Text Formatted

ക്ഷമിക്കണം, തൂണുകളിൽ കൊത്തിവച്ച ​കോഴിക്കോ​ട്ടെ
​​​​​​​ആ വീടിന്റെ പേര്​ ഞാനിവിടെ പറയുന്നില്ല...

ഉപ്പില്ലാത്ത വിയര്‍പ്പിന്റെ രുചിയിലേക്ക്  എന്റെ കണ്ണീരുപ്പു തൊടുമ്പോള്‍, എന്നെ ശ്വാസം മുട്ടിച്ച, കൊട്ടാരത്തിലെ പെണ്‍മുലകളെ, അതിന്റെ വയലറ്റ് നിറമുള്ള കണ്ണുകളെ ഞാന്‍ കണ്ടു. അമ്പുട്ടിക്കാന്റെ ചുണ്ടുകള്‍ വിറക്കുന്നതുകണ്ടു. മഴപ്പാറ്റകള്‍ പൊടിയുന്ന മണ്ണിന്റെ ഗന്ധങ്ങള്‍ക്കപ്പുറം തീരാത്ത ഉടല്‍വിശപ്പുമായി എന്നെ കാത്തുനിന്ന പെണ്ണുടലുകളെ, അതിന്റെ വിനാഗിരി മണങ്ങളെ ഓര്‍ക്കാതിരിക്കാന്‍ ഞാന്‍ അമ്പുട്ടിക്കാനെ കെട്ടിപ്പിടിച്ചു. 

Image Full Width
Image Caption
മുഹമ്മദ്​ അബ്ബാസ്​
Text Formatted

നടത്തത്തിന്റെ ഒടുക്കം ഞാന്‍ ബോധം കെട്ടുവീണു എന്നെഴുതിയാല്‍ മതി. പക്ഷേ എനിക്കാ അനുഭവം കൃത്യമായി വിശദാംശങ്ങളോടെ ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ട്, അങ്ങനെയോര്‍ക്കുമ്പോഴാണ്  ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ട് എന്ന അറിവ് എനിക്ക് അസ്​തിത്വം തരുന്നത്.

ഓര്‍മയുണ്ട് ...
ഇനി ഒരൊച്ചുവട് മുമ്പോട്ടുവെക്കാന്‍ കഴിയില്ല എന്ന് ബോധ്യമായപ്പോള്‍  ചുറ്റുമുള്ള കാഴ്ചകള്‍ വലുതാവാന്‍ തുടങ്ങി. കെട്ടിടങ്ങളും പാതകളും വാഹനങ്ങളും മനുഷ്യരും തണല്‍മരങ്ങളും വലുതായി വലുതായി വന്നു. ഞാനെന്ന അസ്​തിത്വം, ഞാനെന്ന ചിന്ത ചെറുതാവാന്‍ തുടങ്ങി. ചെറുതായിച്ചെറുതായി ഒരു കടുകുമണിയോളം ചെറുതായി. വെളിച്ചത്തിന്റെ ആ കൂറ്റന്‍ വലയങ്ങള്‍ക്കിടയില്‍ ഞാനെന്ന കടുകുമണി ഒന്നുമല്ലാതെയായി. വെയിലുകൊണ്ട് ചൂടായ തലയ്ക്കുള്ളില്‍ പലതരം വര്‍ണങ്ങള്‍ തെളിഞ്ഞു. ആ വര്‍ണങ്ങളും വലിയ വലിയ വലയങ്ങളായി മാറി.

ബോധത്തിന്റെ മണ്‍തിട്ടില്‍, അതിന്റെ വിളുമ്പില്‍ ഞാന്‍ നാരകങ്ങള്‍ മണത്തു. നന്നാറി സര്‍വത്തിലേക്ക് നാരങ്ങ പിഴിയുന്ന ഒരാളുടെ മുഖമാണ് ഒടുക്കമായി കണ്ടത്. ആ മുഖത്തിലെ മൂക്കിന്‍ ദ്വാരത്തിലൂടെ വാഹനങ്ങള്‍ ഒരു തുരങ്കത്തിലേക്കെന്ന പോലെ കടന്നുപോയി. പറഞ്ഞുഫലിപ്പിക്കാന്‍ കഴിയാത്ത ഒരുതരം പിടച്ചില്‍ തലയ്ക്കുള്ളില്‍ അറിഞ്ഞു. പിന്നെ ഞാനെന്ന കടുകുമണി ആ മൂക്കിന്‍ ദ്വാരത്തിനുള്ളിലെ ഇരുട്ടിലേക്ക് നാരകങ്ങളെ മണത്തുകൊണ്ട് കടന്നുപോയി... കാലങ്ങള്‍ക്കുശേഷം അറുപത് ഉറക്കഗുളികകള്‍ കഴിച്ച് മരണത്തിലേക്ക് നടന്നപ്പോള്‍ ഇതേ പിടച്ചിലും ഇതേ ഇരുട്ടും ഞാന്‍ അറിഞ്ഞതാണ്.

വലയങ്ങളെല്ലാം ചെറുതായി, കടുകുമണി വലുതായി കണ്ണു തുറക്കുമ്പോള്‍ ഞാന്‍ മനുഷ്യമുഖങ്ങളെ കണ്ടു. മുഖങ്ങള്‍, മനുഷ്യമുഖങ്ങള്‍, മനുഷ്യന്റെ കണ്ണുകള്‍, മനുഷ്യശബ്ദങ്ങള്‍,