Wednesday, 29 March 2023

ആത്മകഥ


Text Formatted

മൊളക്കാല്‍മുരുവെന്ന പാഠപുസ്തകം

കർണാടകത്തിനും ആന്ധ്രയ്ക്കുമിടയിൽ ഡെക്കാൻ പീഠഭൂമിയിൽ പെടുന്ന മൊളക്കാൽമുരു എന്ന ഉൾനാടൻ ഗ്രാമത്തിൽ നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് അധ്യാപകനായി  ജീവിച്ചതിന്റെ ഓർമക്കുറിപ്പുകൾ തുടങ്ങുന്നു

Image Full Width
Image Caption
പ്രൊഫ. ടി. ശോഭീന്ദ്രന്‍
Text Formatted

മൊളക്കാല്‍മുരു എന്റെ ജീവിതത്തിലെ ഒരു പാഠപുസ്തകമായിരുന്നു. അനുഭവങ്ങള്‍കൊണ്ട് സഫലവും ഓര്‍മ്മകള്‍കൊണ്ട് ഹരിതാഭവുമായ ഒരിടം. ഡെക്കാന്‍പീഠഭൂമിയുടെ ഭാഗമായ ഉഷ്ണമേഖലാ ഭൂപ്രദേശം. കര്‍ണാടകത്തിനും ആന്ധ്രാപ്രദേശിനുമിടയില്‍ അതിര്‍ത്തി പങ്കിടുന്ന മിശ്രസംസ്‌കാരത്തിന്റെ ഭൂമിക. മൗര്യരും കടമ്പരും വിജയനഗരരും കുന്തളദേശരും അടക്കം അനേകരാജവംശങ്ങള്‍ കഥകളുഴിതിട്ട നാട്. കന്നടയും തെലുങ്കും ഉര്‍ദുവും ഹിന്ദിയും ഇടകലര്‍ന്ന നാട്ടുമൊഴി വഴക്കങ്ങള്‍. മുത്താറിയും നെല്ലും നിലക്കടലയും വിളയുന്ന പാടങ്ങള്‍. ഉരുളക്കിഴങ്ങ് രൂപത്തിലുള്ള കൂറ്റന്‍ ഉരുളന്‍കല്ലുകളുടെ മലവാരങ്ങള്‍. ഇളനീരിന്റെ മധുരപാകമനസ്സുള്ള മനുഷ്യര്‍. ഇതായിരുന്നു നാലുപതിറ്റാണ്ടുകള്‍ക്കു മുമ്പ് ഞാന്‍ ജീവിച്ച മൊളക്കാല്‍ മുരു.

മൊളക്കാല്‍മുരു എനിക്ക് തന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓര്‍മ്മകളായിരുന്നു. ഇന്നലെകളിലേക്ക് പരതിനോക്കുമ്പോള്‍ പരലുകള്‍പോലെ പ്രിയപ്പെട്ടതൊക്കെയും ഓര്‍മ്മയുടെ കൈവെള്ളയില്‍ക്കിടന്ന് ജീവനോടെ പിടയ്ക്കുന്നു. നാല്‍പത്തെട്ടു വര്‍ഷങ്ങള്‍ക്കുശേഷം എന്റെ എഴുപത്തി മൂന്നാമത്തെ വയസ്സില്‍ ഞാന്‍ ആ ഓര്‍മ്മകളിലേക്ക് ഒരു നിയോഗംപോലെ തിരിച്ചുപോകുകയും അക്ഷരരൂപത്തില്‍ അതില്‍നിന്ന് ഒരു ജീവിതപുസ്തകം തുറന്നുവയ്ക്കുകയും ചെയ്യുന്നു.
മൊളക്കാല്‍മുരു തന്ന വിവിധങ്ങളായ അനുഭവങ്ങളാണ് ഒരു പച്ചമനുഷ്യനായി ജീവിക്കാനുള്ള എല്ലാവിധ പ്രചോദനങ്ങളും എനിക്ക് തന്നത്. 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയ പ്രകാശ എന്ന ഒരു മനുഷ്യന്റെ ആത്മസൗഹൃദത്തിന്റെ ശീതളഛായയില്‍ നിന്നാണ് ഞാന്‍ മൊളക്കാല്‍മുരു എന്ന ഗ്രാമത്തെ സ്നേഹിച്ചു തുടങ്ങിയത്. അവിടെയുണ്ടായിരുന്ന ഓരോരുത്തരും ഇതേപോലെ എന്നെ അവരോടൊപ്പം ചേര്‍ത്തുനിര്‍ത്തി സ്നേഹം പകര്‍ന്നുതന്നു. അവിടത്തെ ആകാശവും ഭൂമിയും ഇവിടത്തെപ്പോലെ സുന്ദരവും സുഖദവും ആയിരുന്നില്ല. എങ്കിലും അവിടത്തെ മനുഷ്യരില്‍ അതൊക്കെയും വേണ്ടതിലും അധികമുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍, നാട്ടുകാരായ സുഹൃത്തുക്കള്‍ എല