Monday, 08 August 2022

Photo Fiction


Image Full Width
Image Caption
Brown-breasted Flycatcher എന്ന മുത്തുപിള്ള. Muscicapa muttui എന്നാണ് ശാസ്ത്രീയനാമം
 /ഫോട്ടോ:ഇ. ഉണ്ണിക്കൃഷ്ണന്‍

Text Formatted

മുത്തുപിള്ള 

കിളികളുടെ ആത്​മകഥ

ഒന്ന്

മുപ്പത്തഞ്ച് വര്‍ഷത്തിനു ശേഷം ബാലചന്ദ്രന്റെ  ഫോണ്‍ വന്ന ദിവസം തന്നെയാണ് മുത്തുപിള്ളയും വന്നത്. നിരന്തരം ഫ്രണ്ട്സ് റിക്വസ്റ്റ് അയക്കുമായിരുന്നിട്ടും ഞാന്‍ നിഷ്‌ക്കരുണം തഴഞ്ഞ ക്യാപ്റ്റന്‍ ബി.സി.നമ്പ്യാര്‍ പത്തു മുപ്പതു കൊല്ലം മുമ്പ് ഉറ്റ ചങ്ങാതിയായിരുന്ന ഇല്ലപ്പറമ്പില്‍ തെക്കെവീട്ടില്‍ ബാലചന്ദ്രനാണെന്ന്  ഒരു പൊതുസുഹൃത്ത് പറഞ്ഞാണ് അറിഞ്ഞത്. കൗമാര കൗതുകങ്ങളുടെ കാലത്ത് ഞങ്ങള്‍ ഒന്നിച്ചു നടത്തിയ രസഭരവും സമരഭരിതവുമായ  ഗ്രാമീണവാഴ്‌വുകള്‍
സ്മരിച്ചു കൊണ്ടും ഞാന്‍  മൈന്റു ചെയ്യാത്തതിലെ പരിഭവം മേമ്പൊടി ചാലിച്ചും അവന്‍ എഴുതിയ സുദീര്‍ഘമായ മെസേജ് മറ്റേ ചങ്ങാതി എനിക്ക്  ഫോര്‍വേഡ് ചെയ്തു തന്നു. ഓക്കത്തൗവന്‍ കണ്ടത്തില്‍ നിന്നും വരിനെല്ല് പിഴുതു കളയുന്ന സൂക്ഷ്മതയോടെ, രക്തബന്ധുക്കളെ ഒഴിവാക്കി വാലുകളുള്ള സൗഹൃദങ്ങള്‍ തെരഞ്ഞ് പിടിച്ച് പുറത്തു കളഞ്ഞ് കുറേശ്ശ കാലോചിതനായിക്കൊണ്ടിരിക്കുമ്പോഴാണ് ഈ കുരിപ്പ് നമ്പ്യാര്‍ കടന്ന് വരുന്നത്. ബി.സി. നമ്പ്യാരെ ഒഴിവാക്കാനായാലും "ബാന്ദ്ര'നെന്നു വിളിക്കുന്ന പഴയ കൂട്ടുകാരനെ ഒഴിവാക്കാനാവില്ലല്ലോ. മുപ്പത്തഞ്ച് കൊല്ലം മുമ്പ് പുരോഗമനവേദിയുടെ കയ്യെഴുത്ത് മാസിക ഉറക്കമൊഴിഞ്ഞിരുന്ന് വടിവൊത്ത അക്ഷരത്തില്‍ എഴുതി തയ്യാറാക്കുകയും ഇന്ത്യനിങ്കില്‍ മുളമ്പേന മുക്കി ദേശാഭിമാനിയിലെ ചന്‌സ് വരക്കുന്നതു പോലെ ഇലസ്‌ട്രേഷന്‍ നടത്തി മനോഹരമാക്കുകയും ചെയ്ത് പ്രകാശനം ചെയ്യിപ്പിച്ച ശേഷം ഒരാഴ്ചത്തെ ഉറക്കം ഒറ്റ രാത്രി കൊണ്ടുറങ്ങിയെണീറ്റവനെ അതേ ഉറക്കച്ചടവോടെ റിക്രൂട്ടിങ് റാലിക്ക് നിര്‍ബന്ധിച്ചയച്ചത് പട്ടാളക്കാരനായ അവന്റെ വല്യച്ചനാണ്.

പാപ്പിനിശ്ശേരിക്കടുത്തെവിടെയോ ആയിരുന്നു ബാന്ദ്രന്‍ ജനിച്ചത്. തീത്ഥാടനയാത്രക്കിടയിലെ ഒരപകടത്തില്‍ ചെറുപ്പത്തിലെ അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട ഒറ്റമകനായ ബാലനെ വെള്ളൂരിലെ ബന്ധത്തില്‍ പെട്ട ഒരു വല്യമ്മ സഹായിയായി കൂട്ടിയതാണ്. അവരുടെ മരണത്തോടെ ഈ നാടുമായുള്ള ബന്ധം അറ്റുപോയി. അന്ന് പോയവനാണ് അനേകം വീരശൃംഖലകള്‍ നേടിയ ശേഷം അടുത്തൂണ്‍ പറ്റിപ്പിരിഞ്ഞ് കേന്ദ്രആരോഗ്യ വകുപ്പില്‍ ഉന്നത  ഉദ്യോഗസ്ഥയായ ഉത്തരേന്ത്യക്കാരിയായ ഭാര്യയ്ക്കാപ്പം ദല്‍ഹിയില്‍ തന്നെ സ്ഥിരതാമസമാക്കിയിരിക്കുന്നത്. കാര്‍ക്കശ്യം തീരെയില്ലാത്ത ലോലഹൃദയക്കാരനായ ഒരു പട്ടാളക്കാരന്‍  റിട്ടയര്‍മെന്റ് ജീവിതത്തിന്റെ കനത്ത ഏകാന്തതയെ ദല്‍ഹ