Thursday, 21 October 2021

ആത്മകഥ


Text Formatted

എഴുകോൺ-6

എണ്ണിയാലും എണ്ണിയാലും ഒടുങ്ങാത്ത മനസ്സ്
​​​​​​​

Image Full Width
Image Caption
എ.കെ ജയശ്രീയും എം.എസ്.സി കാലം മുതല്‍ മെഡിക്കല്‍ കോളജില്‍ വരെ സഹപാഠിയായിരുന്ന വല്‍സലയും
Text Formatted

ഒന്നൊന്നായെണ്ണിയെണ്ണിത്തൊ
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കു പോലുള്ളം
നിന്നിലസ്പന്ദമാകണം

നാരായണഗുരു  

സംസ്‌കൃതവും ഇംഗ്ലീഷുമൊഴികെ സ്‌കൂള്‍ ക്ലാസുകള്‍ ഒന്നും തന്നെ എക്സൈറ്റ്‌മെന്റുണ്ടാക്കിയില്ല. സാമൂഹ്യപാഠം പഠിപ്പിക്കുന്ന ടീച്ചറിന്റെ സ്വരവും ഭാവവും കുട്ടികളോടുള്ള സമീപനവും എനിക്കിഷ്ടമായിരുന്നു. ഒട്ടും ടെന്‍ഷനില്ലാതെ ക്ലാസിലിരിക്കാം. ആ സമയത്ത് ബെഞ്ചില്‍ നിന്നിറങ്ങി തറയില്‍ ഇരിക്കാനൊക്കെ ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. താഴെയിരിക്കുമ്പോള്‍ ബഞ്ചിലിരിക്കുന്നവര്‍ മുടിയിഴകളിലൂടെ വിരലോടിക്കും. രോമാഞ്ചമുണ്ടാക്കുന്ന ആ സ്പര്‍ശത്തോടൊപ്പം ക്ലാസ് കേള്‍ക്കുന്നത് ഒരു പ്രത്യേക സുഖമായിരുന്നു. കര്‍ശന നിയന്ത്രണങ്ങള്‍ ഏല്‍പ്പിക്കാതിരുന്ന ആ അധ്യാപികയെ ഇപ്പോഴും സ്നേഹത്തോടെ ഓര്‍ക്കുന്നു. 

പരീക്ഷക്ക് മാര്‍ക്ക് കുറയുമോ എന്ന ഭയം ഒഴിച്ചാല്‍ കണക്ക് ചെയ്യുന്നത് മായാജാലം പോലെ രസമുള്ള കാര്യമാണ്. പ്രപഞ്ച രഹസ്യങ്ങള്‍ ചുരുളഴിയുന്നതു പോലെയുള്ള അനുഭവമാണ് സയന്‍സും കണക്കും മനസ്സിലാക്കുമ്പോള്‍. അത് അങ്ങനെ അനുഭവിപ്പിക്കാനുള്ള അന്തരീക്ഷം അന്ന് സ്‌കൂളുകളില്‍ ഉണ്ടായിരുന്നില്ല. ലബോറട്ടറികള്‍ അടഞ്ഞ മുറികളായിരുന്നു. യൂക്ലിഡിന്റെ ജ്യാമിതിയും ന്യൂട്ടന്റെ ക്ലാസിക്കല്‍ ഫിസിക്സുമൊക്കെയായിരുന്നു അന്ന് പഠനവിഷയമായിരുന്നത്. നിരന്തരം അന്വേഷിച്ച് കൊണ്ടിരിക്കുകയും കണ്ടെത്തലുകളും സിദ്ധാന്തങ്ങളും മാറി കൊണ്ടിരിക്കുകയും ചെയ്യുന്നതാണ് സയന്‍സിനെ നവോന്മേഷശാലിനിയാക്കുന്നത്.

ഗോസിയന്‍(Gaussian) ജ്യാമിതിയോടും ക്വാന്റം ഫിസിക്സിനോടും ഒപ്പം യൂക്ലിഡിയന്‍ ജ്യാമിതിയും ക്ലാസ്സിക്കല്‍ ഫിസിക്‌സും അതാതിന്റെ പ്രാധാന്യത്തോടെ ഇന്നും നില കൊള്ളുന്നുണ്ട്. സൂക്ഷ്മാണുജീവിശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെട്ട ഡച്ചുകാരനായ ആന്റണി വാന്‍ ലൂവന്‍ ഹോക് ആയിരുന്നു ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ മനസ്സില്‍ പതിഞ്ഞത്. അദ്ദേഹം വാസ്തവത്തില്‍ ഒരു ഔദ്യോഗിക ശാസ്ത്രജ്ഞനായിരുന്നില്ല. തുണിക്കച്ചവടത്തില്‍ ഏര്‍പ്പെട