Sunday, 17 October 2021

Islam and Politics


Text Formatted

മുസ്‌ലിം വിരോധത്തിന്റെ വിചിത്ര വര്‍ത്തമാനങ്ങള്‍

ഫാസിസത്തിന്റെ പിടിയില്‍ നിന്ന് എങ്ങനെയാണ് രാജ്യത്തെ രക്ഷിക്കുക എന്ന മൗലിക ചോദ്യം മാത്രമാണ് ഇന്ന് പ്രസക്തം. മുസ്‌ലിംവിരോധത്തിന്റെ പൊതുപ്രകടനങ്ങളെ നേരിടുന്നതും തുറന്നുകാണിക്കുന്നതും ആ നിലക്ക് ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ മുഖ്യഘടകങ്ങളില്‍ ഒന്നാണ്. അതെങ്ങനെ വേണം എന്ന വിഷയത്തിലാണ് പുരോഗമന സംവാദങ്ങളെല്ലാം ഇന്ന് കേന്ദ്രീകരിക്കേണ്ടത്

Image Full Width
Image Caption
ഷാജഹാൻ മാടമ്പാട്ട്​
Text Formatted

സ്‌ലാമോഫോബിയ എന്ന പ്രയോഗത്തോട് താല്‍പര്യമില്ലാത്ത ഒരാളാണ് ഇതെഴുതുന്നത്. അത് ഇസ്‌ലാമാഫോബിയയുടെ നൃശംസസാന്നിധ്യത്തെ തിരിച്ചറിയാത്തതുകൊണ്ടല്ല, മറിച്ച്​, ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനുള്ളിലുമുള്ള ആന്തരിക വിമര്‍ശകരെ  വിളിക്കാനുള്ള തെറിയായിക്കൂടി ഈ വാക്ക് ഉപയോഗിക്കാറുള്ളതിനാല്‍, ഇസ്‌ലാമോഫോബ് എന്ന് ചിലപ്പോഴൊക്കെ വിളിപ്പേര് കിട്ടിയതിനാലും, പ്രയോഗത്തെക്കുറിച്ചു ചില ജാഗ്രതകള്‍ പുലര്‍ത്തിവരുന്നുവെന്നു മാത്രം.

അതവിടെ നില്‍ക്കട്ടെ. വിശ്വാസിയോ അവിശ്വാസിയോ ആയ ഒരു സമകാലിക മുസ്‌ലിം കടന്നു പോകുന്ന സാഹചര്യങ്ങള്‍ വിവരണാതീതമാം വിധം പരിതാപകരമാണ്. ഈ അവസ്ഥയുടെ കാരണങ്ങളില്‍ മുസ്‌ലിംകളില്‍ ചിലരുടെയെങ്കിലും ചിന്താശൂന്യതയും അവിവേകവും മതഭ്രാന്തും ഉണ്ടെന്ന വസ്തുത അംഗീകരിക്കാതെ ഈ സങ്കീര്‍ണാവസ്ഥ മനസ്സിലാക്കാനാവില്ല. അതേ സമയം ഒരു സ്വയം വിമര്‍ശനം നടത്തിയത് കൊണ്ടുമാത്രം മുസ്‌ലിംകള്‍ക്ക് മറികടക്കാവുന്ന അവസ്ഥയല്ല അവരിന്നു നേരിടുന്നത്. ഒരു ഭാഗത്തു ആഗോളസ്വഭാവമുള്ള, ലോകരാഷ്ട്രീയത്തിന്റെ ഗതിവിഗതികളുമായി അഭേദ്യബന്ധമുള്ള ഒരു പ്രതിഭാസമാണ് മുസ്‌ലിം വിരോധം. മറുഭാഗത്തു ഇത് പലരാജ്യങ്ങളുടെയും ആന്തരിക സാമൂഹിക രാഷ്ട്രീയ കിടമത്സരങ്ങളുമായും വലതുപക്ഷ രാഷ്ട്രീയാതിപ്രസരത്തിന്റെ വ്യാപനവുമായും ബന്ധപ്പെട്ട ഒരു സങ്കീര്‍ണ പതിഭാസമാണ്. ഈ രണ്ടുതലങ്ങളിലും പൊതുവായുള്ള സംഗതി മുസ്‌ലിം വിരോധത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറ കുടികൊള്ളുന്നത് പാശ്ചാത്യാധിനിവേശത്തിന്റെ  ചരിത്രസന്ദര്‍ഭത്തിലാണെന്ന യാഥാര്‍ഥ്യമാണ്.

അങ്ങേയറ്റം മതനിരപേക്ഷത  അവകാശപ്പെടുന്നവര്‍ പോലും അവസരവാദപരമായോ സ്വയമറിയാതെയോ മുസ്‌ലിം വിരോധത്തിന്റെ പൊതുസന്ദര്‍ഭത്തെ തീവ്രമാക്കുന്നു 

മുസ്‌ലിം വിരോധത്തിന്റെ സ്ഥൂലവും സൂക്ഷ്മവുമായ പ്രകടനങ്ങളെ വിലയിരുത്തുമ്പോള്‍ രണ്ടു കാര്യങ്ങള്‍ വ്യക്തമാണ്.