Thursday, 21 October 2021

Gulf Memoir


Text Formatted

കിമോത്തി അല്‍ബാനി 
ഒരു എക്‌സ് ഗള്‍ഫുകാരന്റെ വര്‍ത്തമാനങ്ങള്‍ - മൂന്ന്

സിറിയക്കാരന്‍ മുസ്‌ലിം, ഗുജറാത്തി ഹിന്ദു, പിന്നെ ഞാനും

Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

തൊഴില്‍ ചോദിക്കുമ്പോള്‍ സ്ഥലപ്പേരു പറയുന്നവരെന്ന് ഗള്‍ഫുകാരെ ആളുകള്‍ കളിയാക്കാറുണ്ട്.
""എന്താ ജോലി?''
""ഗള്‍ഫിലാ..''

ഗള്‍ഫില്‍ എന്താ ജോലി എന്ന ചോദ്യം അപൂര്‍വ്വമായേ ചോദിക്കപ്പെടാറുള്ളൂ. തൊഴിലിനെ അടിസ്ഥാനപ്പെടുത്തി ഗള്‍ഫുകാരന്‍ വര്‍ഗീകരിക്കപ്പെട്ടിട്ടില്ല എന്നതിന്റെ സൂചനകൂടിയാണിത്. 

ശമ്പളക്കുടുതലുള്ളതും ശമ്പളക്കുറവുള്ളതുമായ ജോലികള്‍ ഉണ്ടെങ്കിലും മലയാളി പ്രവാസികള്‍ക്കിടയില്‍ അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഉച്ചനീചത്വങ്ങളില്ല. ജീവിക്കാന്‍ വേണ്ടി അന്യരാജ്യത്തുവന്നുകിടന്ന് കഷ്ടപ്പെടുന്നവരാണ് എല്ലാവരും എന്നൊരു ബോധമാണ് പൊതുവേയുള്ളത്. 

നാട്ടുകാരുടെ കണ്ണില്‍ ഗള്‍ഫുകാര്‍ രണ്ടുവിധമുണ്ട്; രക്ഷപ്പെട്ടവനും രക്ഷപ്പെടാത്തവനും. ഇവര്‍ രണ്ടുകൂട്ടരും എന്തു ജോലിയാണ് ഗള്‍ഫില്‍ ചെയ്യുന്നത് എന്ന കാര്യം ഇങ്ങ് നാട്ടില്‍ പ്രാധാന്യം അര്‍ഹിക്കുന്നില്ല. പൈസ ഉണ്ടാക്കുന്നുണ്ടോ ഇല്ലയോ? അതിലാണ് കാര്യം.

ആര്‍ക്കും ആരെയും ചെറുതാക്കിക്കാണാനുള്ള അവസരം ഗള്‍ഫ് നല്‍കുന്നില്ല. ഇന്ന് ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്നയാള്‍ നാളെ ഏതെങ്കിലും ബിസിനസ്സിന്റെ മുദീറായി പ്രത്യക്ഷപ്പെടാം. ഇന്ന് മുദീറായിരിക്കുന്നവന്‍ നാളെ വിസാ ക്യാന്‍സലാക്കപ്പെട്ട് ഒരു ജോലിക്കായി അലയുന്നതു കാണാം. മാളികമുകളേറലും മാറാപ്പേറ്റലുമെല്ലാം ഓര്‍ക്കാപ്പുറത്ത് സംഭവിക്കുന്ന പ്രതിഭാസങ്ങള്‍. ജോലി നഷ്ടപ്പെടുമോ എന്ന ഭയം എല്ലാവരുടേയും മനസ്സില്‍ പുതഞ്ഞുകിടക്കുന്നു. ഗവണ്‍മെന്റ് പോളിസികള്‍, എണ്ണവില, ദേശീയവും അന്തര്‍ദ്ദേശീയവുമായ സംഭവവികാസങ്ങള്‍, മഹാമാരികള്‍ എല്ലാം തന്നെ ജോലിയെയും ജീവിതത്തേയും ബാധിക്കുന്ന കാര്യങ്ങളാണ്. ജോലി നഷ്ടപ്പെട്ടാല്‍ പിന്നെ അയാളുടെ മാര്‍ക്കറ്റ് വില ഇടിയുന്നു. വിലപേശല്‍ ശക്തി കുറയുന്നു. അയ്യായിരം ദിര്‍ഹത്തിന് ജോലി ചെയ്തുകൊണ്ടിരുന്ന ഒരാള്‍ക്ക് അതേ വരുമാനമുള്ള ജോലി കിട്ടിയാല്‍ ഭാഗ്യമെന്നു പറയാം. അതേ ജോലി കിട്ടിയാലും ഭാഗ്യം. പലയാളുകള്‍ക്കും പിന്നെ മുന്നിലുള്ള മാര്‍ഗം കിട്ടുന്ന ജോലിയില്‍ കയറുക എന്നതാണ്.