Saturday, 13 August 2022

കുഞ്ഞിബുക്ക്​


Text Formatted

എന്റെ തീവണ്ടിക്കുറിപ്പുകള്‍ അഥവാ

‘ബുക്ക് ഓഫ് സെല്‍ഫ് ടോക്'- 2

എന്ന് സ്വന്തം RGK

പുരുഷാധിപത്യത്തിലധിഷ്ഠിതമായ ഒരു സാമൂഹിക വ്യവസ്ഥിതിയില്‍, ഒരു സ്ത്രീക്ക് ഒരു പക്ഷെ, തന്റെ ഏറ്റവും വേണ്ടപ്പെട്ട ഒരു പുരുഷനോട് സംവേദിക്കാനാവുന്നതിലുമധികം മറ്റൊരു സ്ത്രീയുമായി സംവേദിക്കാനാവും. അമ്മച്ചിയുടെ കത്തുകളില്‍ എവിടൊക്കെയോ അമ്മച്ചിയുടെ ഉള്ളിലെ വേദന അടുത്തറിഞ്ഞത് മേരിയായിരുന്നു. 

Image Full Width
Image Caption
അമ്മച്ചിയുടെ കത്തുകള്‍
Text Formatted

പ്രതീക്ഷിതമായി പിടിച്ചൊരു പനിയില്‍ ഒരു ഞായറാഴ്ച ഉച്ചതിരിഞ്ഞ്​ കിടുകിടാ വിറച്ച്​ മൂടിപ്പുതച്ചുകിടന്നപ്പോള്‍ അമ്മച്ചി മുംബൈയിലെ എന്റെ ഫ്ലാറ്റില്‍  കടന്നു വന്നു. അമ്മച്ചിയുടെ ആ വരവില്‍ എനിക്കെന്തോ വളരെ ആശ്വാസം തോന്നി. പനിച്ചു പനിച്ചു  ഞാനൊരു ഗര്‍ത്തത്തിലോട്ടു വഴുതിവീണു കൊണ്ടിരിക്കുകയായിരുന്നു. പതിവുപോലെ  പത്രമാഫിസിലേക്കുപോയ കസിന്‍ അറിയാതെ പുറത്തുനിന്ന് എന്നെ ലോക്ക്​ ചെയ്തിട്ടുണ്ടോന്നു സംശയമുണ്ടായിരുന്നു. പക്ഷെ പനിയും  കിടുകിടുപ്പും കാരണം എനിക്ക് എണീറ്റ് ഡോര്‍ നോക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. എന്തായാലും അമ്മച്ചി മുറിയില്‍ കടന്നുവന്നതോടെ സമാധാനമായി. ജനാലക്കലേക്ക്​ ചൂരല്‍ക്കസേര  വലിച്ചിട്ട്​അമ്മച്ചി ഇരുന്നു;  പണ്ട്, 1994-ല്‍ മരിക്കുന്നതിനുമുമ്പ്, നാട്ടില്‍ വച്ച്,  അമ്മച്ചി  ഉച്ച സമയത്ത്​ പലപ്പോഴും പോസ്റ്റ്മാനേയും കാത്ത്​ അങ്ങനിരിക്കാറുണ്ടായിരുന്നു. പോസ്​റ്റുമാന്റെ നരച്ച ശീലക്കുട ഗേറ്റ് കടന്നുപോകുന്നതുവരെ  അമ്മച്ചി അങ്ങനിരിക്കും. കത്തുകള്‍ കിട്ടാത്ത ദിനങ്ങളില്‍ അമ്മച്ചിയുടെ മുഖത്ത് ഒരു നിരാശയുടെ നിഴല്‍ പടരാറുണ്ടായിരുന്നു.

വർഷങ്ങൾക്കുശേഷം മുംബൈയിലെ എൽ.ഐ.സി കോളനിയിലെ എന്റെ ഫ്ലാറ്റില്‍, പനിച്ചു മൂടിപ്പുതച്ചുകിടക്കുന്ന എന്നെ കാണാനെത്തിയ അമ്മച്ചി ശാന്തയായിരുന്നു, ഒരു ചെറുപുഞ്ചിരി ചുണ്ടിലുണ്ടായിരുന്നു. അമ്മച്ചിയുടെ മുടിയുടെ മൃദുലതയും പീയേഴ്‌സ് സോപ്പിന്റെയും രാസ്‌നാദി പൗഡറിന്റെയും സമ്മിശ്രഗന്ധവും അതേപോലെ ഞാനറിഞ്ഞു. മേശപ്പുറത്തിരുന്ന പൊട്ടിക്കാത്ത രാസ്‌നാദി പൗഡറിന്റെ പാക്കറ്റ് കണ്ട്​ അമ്മച്ചി ചോദിച്ചു,  ‘ഇനിയും നിനക്കിതു ഉപയോഗിക്കാറായില്ലേ? ചുമപ്പൊടി ഇപ്പോള്‍ കടയില്‍ നിന്നാവും വാങ്ങുക അല്ലേ?'