Friday, 09 December 2022

വസ്​ത്രവും തുല്യതയും


Text Formatted

തലകുത്തിമറിയ​ട്ടെ
തുള്ളിച്ചാട​ട്ടെ
പെൺകുട്ടികളും...

ഞാന്‍ അധ്യാപികയായിരുന്ന ചെറുതാഴം ഗവണ്‍മെൻറ്​ ഹൈസ്‌കൂളില്‍ സാരിക്കുപകരം ഷാള്‍ ഇല്ലാത്ത ഖദര്‍ ചുരിദാര്‍ ഇട്ടുപോയത് 1990ലാണ്. അന്ന് നെറ്റിചുളിച്ചവരും കല്ലെറിയാന്‍ കാത്തുനിന്നവരും അധ്യാപകരുടെ സ്വാഭാവികവേഷമായി ചുരിദാറിനെ സ്വീകരിച്ചു കഴിഞ്ഞില്ലേ. സ്​കൂൾ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ കരടില്‍ സര്‍ക്കാര്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഉള്‍പ്പെടുത്തിയ സാഹചര്യത്തിൽ ഒരാലോചന.

Image Full Width
Image Caption
എം. സുൽഫത്ത്​
Text Formatted

സ്ത്രവൈവിധ്യങ്ങളുടെ ചരിത്രത്തെക്കുറിച്ച്, ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന ആശയത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതുകൊണ്ടാണ്, ‘‘പിണറായി വിജയന്‍ ഭാര്യയെക്കൊണ്ട് എന്തിനാ പാൻറ്​  ‘ഇടീക്കുന്നത്’, പിണറായി വിജയന് സാരിയും ബ്ലൗസും ‘ഇട്ടാല്‍’ പോരെ’’ എന്ന ചോദ്യം പൊതുവേദിയില്‍ നിന്ന് ഡോ. എം.കെ. മുനീറിനെപോലെ ഒരാള്‍ ചോദിക്കുന്നത്. ആ ചോദ്യം കേട്ട് ഹൂറാ... ഹൂറാ... എന്നാര്‍ത്ത് കൈയടിക്കുന്ന ആള്‍ക്കൂട്ടത്തില്‍ വസ്ത്രവും ആൺകോയ്മയും തമ്മിലുള്ള ബന്ധം കൃത്യമായി തിരിച്ചറിഞ്ഞവരും തിരിച്ചറിയാനുള്ള പക്വതയില്ലാത്തവരും ഉണ്ട്. സ്വയം ഇടുന്നവനും ഭാര്യയെ ഇടീക്കുന്നവനും എന്ന കാഴ്ചപ്പാട് തിരിച്ചറിയാത്തവരുമുണ്ട്.

നാണം അല്ലെങ്കില്‍ നഗ്‌നത എന്നത് മറയ്‌ക്കേണ്ട ഒന്നായി നമ്മുടെ പൂര്‍വികര്‍ക്ക് തോന്നിത്തുടങ്ങിയ കാലത്തുനിന്ന് ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രം എന്ന സങ്കല്പത്തിലേക്ക് എത്തുന്നത് ചരിത്രപരമായ പല ഘട്ടങ്ങളിലൂടെയാണ്.

മുനീര്‍ പറഞ്ഞതുപോലെ, 100 കുട്ടികളുള്ള സ്‌കൂളിലെ 30 ആണ്‍കുട്ടികളുടെ വസ്ത്രം 70 പെണ്‍കുട്ടികളിലും അടിച്ചേല്‍പ്പിക്കുന്ന പുരുഷമേല്‍ക്കോയ്മയല്ല, 30 കുട്ടികള്‍ ധരിക്കുന്ന, ചലനാത്മകതയെ തടസ്സപ്പെടുത്താത്ത, പഠനസമയങ്ങളിലും പരിഗണന വേണ്ടാത്ത, ആത്മവിശ്വാസത്തോടെ ധരിക്കാവുന്ന ഒരു വേഷം 70 കുട്ടികള്‍ക്കും കൂടി പ്രാപ്യമാക്കുക എന്നതാണ് ജെൻഡർ ന്യൂട്രല്‍ യൂണിഫോം. കായിക വിനോദങ്ങള്‍ക്ക് തടസമാകുന്ന, തങ്ങളുടെ എല്ലാ ആവിഷ്‌കാരങ്ങള്‍ക്കും ഇടയില്‍ അനാവശ്യബാധ്യതയാവുന്ന ഒരു പെണ്‍വസ്ത്രം അതൊന്നുമില്ലാതെ കംഫര്‍ട്ട് ആയി വസ്ത്രം ധരിച്ചുകൊണ്ടിരിക്കുന്ന 30 പേരിലേക്കുകൂടി വ്യാപിപ്പിക്കലും അല്ല.