Friday, 09 December 2022

പാർട്ടിയിലെ പെണ്ണ്​


Text Formatted

പാര്‍ട്ടി സെക്രട്ടറി, സംസ്ഥാനത്തും ദേശീയതലത്തിലും
സ്ത്രീയാകുന്ന ദിവസം; സംഭവിക്കും

ഭാര്യയും ഭര്‍ത്താവും മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമ്പോള്‍ ജീവിക്കാന്‍ പണം എങ്ങനെ കണ്ടെത്തും എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്​. സ്വഭാവികമായും ഭാര്യ തൊഴില്‍ സ്വീകരിക്കുകയും ഭര്‍ത്താവ് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകയുമാണ് സംഭവിക്കുക. എന്റെ അനുഭവവും വ്യത്യസ്തമല്ലായിരുന്നു.

Image Full Width
Image Caption
ഗീത നസീർ
Text Formatted

ജീവിതത്തിന്റെ ഒഴിച്ചുകൂടാനാകാത്ത എല്ലാ വ്യവഹാരവും പോലെ ഒന്നായിരുന്നു രാഷ്ട്രീയ ജീവിതവും എന്നതുകൊണ്ട്, രാഷ്ട്രീയജീവിതാനുഭവങ്ങള്‍ അടയാളപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ആറര പതിറ്റാണ്ടുകാലത്തെ ജീവിതത്തിനിടയില്‍ അര നൂറ്റാണ്ടോളം രാഷ്ട്രീയത്തിന്റെ വിവിധ മേഖലകളില്‍ ജീവിച്ച ഒരു സ്ത്രീക്ക് പലതും പറയാനുണ്ടെന്നതുകൊണ്ട് എഴുതുകയാണ്.

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും പാര്‍ട്ടിയും നിറഞ്ഞുനിന്ന കുടുംബാന്തരീക്ഷത്തില്‍നിന്ന് ഒരാള്‍ രാഷ്ട്രീയതാല്‍പര്യങ്ങള്‍ പ്രകടിപ്പിക്കുന്നതും പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതും പുതുമയുള്ള കാര്യമല്ല. എന്നാല്‍, അതുകൊണ്ടുമാത്രം ഒരാള്‍ അങ്ങനെ ആകണെന്നും നിര്‍ബന്ധമില്ല. പക്ഷെ, എന്നെ അതൊക്കെ കുഞ്ഞുനാളിലേ സ്വാധീനിച്ചിരുന്നു എന്നത് വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്.

എൻ.ഇ. ബാലറാം, അച്​ഛൻ എന്ന അതിഥി

അച്ഛന്‍ എന്‍.ഇ. ബാലറാം കുടുംബത്തിലെ ഒരതിഥിയായാണ് ബാല്യകാലത്ത് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിരുന്നത്. അച്ഛന്റെ നാടായ പിണറായിയില്‍ പാറപ്പുറത്ത് 1939ല്‍ സി.പി.ഐ രൂപീകരിക്കുമ്പോള്‍ അതിലേക്ക് നാടിനെ നയിച്ച നിരവധിയായ പ്രക്ഷോഭങ്ങളും പോരാട്ടങ്ങളും പ്രവര്‍ത്തനങ്ങളും പിന്നീട് വിജയം കണ്ട നാളിലാണ് ഞാനൊക്കെ ജനിക്കുന്നത്. ഒളിവിലും ജയിലിലുമൊക്കെയായി അതുവരെ ജീവിച്ച അച്ഛനും സഖാക്കളും 1957ഓടെ ജനാധിപത്യഭരണക്രമത്തിന്റെ ഭാഗമായി. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റ് ഏഴുമാസം കഴിഞ്ഞപ്പോഴാണ് ഞാന്‍ ജനിച്ചത്. 1957നുശേഷമുള്ള സി.പി.ഐയുടെ ചരിത്രനാള്‍വഴികളില്‍ പലതിനും സാക്ഷിയായും പങ്കാളിയായും പിന്നീട് ഈ നിമിഷം വരെ ഞാനുണ്ട്. 

e-balaralam