Friday, 09 December 2022

നോവലിലെ മനുഷ്യർ


Text Formatted

ഓര്‍മകളില്‍ രക്തം കൊണ്ട്
വിലാസപ്പെടുത്തുന്ന നോവല്‍ദേശം

ചരിത്രബോധവും കൃത്യമായ രാഷ്ട്രീയവും സര്‍ഗാത്മകതയോടൊപ്പം സമ്മേളിക്കുമ്പോഴാണ് പ്രമോദ് രാമന്റെ രക്തവിലാസം പോലുള്ള ആഖ്യാനങ്ങള്‍ പിറവിയെടുക്കുക. സര്‍ഗാത്മകമായ മനുഷ്യശേഷി തടവിലിടപ്പെടുന്ന സമകാലിക ഇന്ത്യയില്‍ ഇത്തരം സൃഷ്ടികള്‍ക്ക് ചരിത്രപരമായ ദൗത്യം നിര്‍വഹിക്കാനുണ്ട്. 

Image Full Width
Image Caption
പ്രമോദ് രാമൻ
Text Formatted

രപ്പാത്തിമ ഒരു പൂര്‍ണ പാത്തിമ ആയിരുന്നപ്പോള്‍ ഈ ലോകത്ത് അവശേഷിപ്പിക്കും എന്നു കരുതിയത് തന്റെ മനോഹരമായ റോസ് നിറത്തിലുള്ള തുടകളായിരുന്നു. ഈര്‍ച്ചത്തൊഴിലാളിയായ കെട്ടിയോന്‍ അസ്സയിനാര്‍ അറക്കവാള്‍ കൊണ്ട് അതു മുറിച്ചിട്ടപ്പോള്‍ വാര്‍ന്നുവീണ ചോര പടര്‍ന്നിറങ്ങിയത് കാലത്തിലും ചരിത്രത്തിലും മുദ്രയുണ്ടാക്കി. അത് പാത്തിമയുടെ രക്തം കൊണ്ടുള്ള ഒപ്പായി, വിലാസമായി ഭൂമിയില്‍ ജീവനുകള്‍ക്കുമേല്‍ ഒഴുകിക്കൊണ്ടിരിക്കുന്നു.

രക്തത്തിന്റെ സഞ്ചാരപഥങ്ങള്‍ ഒറ്റ ജന്മത്തില്‍ അവസാനിക്കുന്നില്ല. കാലത്തിലൂടെ തിരശ്ചീനമായും ലംബമായും യാത്രചെയ്യുകയാണ് ചോര. ആ പടര്‍ന്നൊഴുകലിന്റെ കഥയും ചരിത്രവുമാണ് പ്രമോദ് രാമന്റെ ആദ്യനോവലായ രക്തവിലാസം. സമൂഹത്തിന്റെ ധമനികളിലൂടെ എപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്ന രക്തത്തിന്റെ പടര്‍ന്നാട്ടം. നോവല്‍ നോവല്ലാതെ മറ്റൊന്നുമല്ലെന്നാണ് നോവലിസ്റ്റിന്റെ സത്യവാങ്മൂലം. ചെറുകഥകളിലൂടെ മനുഷ്യാവസ്ഥയുടെ സൂക്ഷ്മവൈവിധ്യങ്ങളെ വ്യതിരിക്തതയോടെ ആവിഷ്‌കരിച്ച പ്രമോദ് രാമന്‍ തന്റെ ആദ്യനോവലിലും സങ്കീര്‍ണമായ ജീവിതാവസ്ഥയുടെ ആഴങ്ങളിലേയ്ക്ക് രാഷ്ട്രീയമായ ഉള്‍ക്കാഴ്ചയോടെ ഊളിയിടുന്നു.

കാലത്തിലൂടെ തിരശ്ചീനമായും ലംബമായും യാത്ര ചെയ്യുകയാണ് ചോര. ആ പടര്‍ന്നൊഴുകലിന്റെ കഥയും ചരിത്രവുമാണ് പ്രമോദ് രാമന്റെ ആദ്യനോവലായ രക്തവിലാസം. സമൂഹത്തിന്റെ ധമനികളിലൂടെ എപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്ന രക്തത്തിന്റെ പടര്‍ന്നാട്ടം.

നാല് ഭാഗങ്ങളിലായി വിഭജിക്കപ്പെട്ടിരിക്കുന്ന നോവലിന് ആകെ നൂറ്ററുപത്തേഴ് പുറങ്ങള്‍. അവയില്‍ ചെറുകഥയുടെ ഇറുക്കവും അടിത്തട്ടുമനുഷ്യരുടെ ചരിത്രജീവിതത്തിന്റെ ഉള്ളൊഴുക്കുമായി നോവലെന്ന നോവ് നില്‍ക്കുന്നു. ആദ്യ രണ്ടുഭാഗങ്ങളിലും ആഖ്യാനത്തിനകത്ത് കഥയും ചരിത്രവും ലയിച്ചൊന്നായതിന്റെ വായനസുഖം കൂടുതലുണ്ട്. അകൃത്രിമമായ ആഖ്യാനത്തിന്റെ ഭംഗി തരുന്ന ഉന്മേഷം കഥയിലേയ്ക്ക് ആണ്ടുമുഴുകാന്‍ വായ