Tuesday, 19 October 2021

Healing Hands


Text Formatted

ഞങ്ങൾക്ക് സാമൂഹ്യ പ്രതിബദ്ധതയുടെ
​​​​​​​അതിഭാവുകത്വം വേണ്ട

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാമൂഹ്യ പ്രതിബദ്ധതയുടെ അതിഭാവുകത്വം നല്‍കുന്നതിന് പകരം തൊഴില്‍ സുരക്ഷിതത്വവും മറ്റ് ആനുകൂല്യങ്ങളും ഉറപ്പുവരുത്താനാണ്​ ശ്രദ്ധയൂന്നേണ്ടത്

Image Full Width
Image Caption
ഡോ. വി. ജി. അനില്‍ജിത്ത്
Text Formatted

കോവിഡ്-19 സാധാരണക്കാരുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റം ചെറുതല്ല, ആരോഗ്യപ്രവര്‍ത്തകരുടെ കാര്യത്തില്‍ പ്രത്യേകിച്ചും. ഒരു വ്യക്തി തന്റെ മോശപ്പെട്ട ആരോഗ്യാവസ്ഥയിലൂടെ കടന്നുപോകുമ്പോഴാണ് ഡോക്ടര്‍മാരെ സമീപിക്കാന്‍ തയാറാവുക. എന്നാല്‍ കോവിഡിനുശേഷം, ചികിത്സ കൂടുതല്‍ സുരക്ഷിതമായ മറ്റൊരു സമയത്തേക്ക് മാറ്റിവെക്കാനോ, ഓണ്‍ലൈന്‍ സംരംഭങ്ങളെ ആശ്രയിച്ച് ഡോക്ടറുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താതെ ചികിത്സ തേടാനോ നിര്‍ബന്ധിതരാവുകയാണ് സാധാരണ ജനം.

ഡോക്ടറും രോഗിയും പങ്കിടുന്ന പൊതു ഇടം തുടങ്ങി, അവര്‍ക്കിടയിലുള്ള അകലം പോലും ചികിത്സയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. രോഗികളും, ആരോഗ്യപ്രവര്‍ത്തകരും തമ്മിലുള്ള ബന്ധത്തെ ഇത് പ്രതികൂലമായി ബാധിക്കും

മറ്റു​ മാധ്യമങ്ങളിലൂടെ ചികിത്സ തേടുമ്പോള്‍, ഒരു ഡോക്ടറുമായി നേരിട്ട് സംവദിക്കുമ്പോള്‍ ഉണ്ടാകുന്ന സാധ്യതകള്‍ ഇല്ലാതാവുകയാണ്. ഡോക്ടറും രോഗിയും തമ്മിലുള്ള പരസ്പര ആശയ വിനിമയം (Interpersonal Communication) വളരെ പ്രധാനമാണെന്നിരിക്കെ, രോഗാവസ്ഥയെക്കുറിച്ചും, രോഗലക്ഷണങ്ങളെക്കുറിച്ചും ശരിയായ രീതിയില്‍ പറഞ്ഞു ഫലിപ്പിക്കാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി പലപ്പോഴും സാധിക്കാതെ വരാം. ചികിത്സ മറ്റൊരു സമയത്തേക്ക് മാറ്റിവെക്കുന്നത് രോഗാവസ്ഥ ഗുരുതരമാവുന്നതിനും, ഫലപ്രദമായ ചികിത്സ ലഭ്യമാവാതിരിക്കുന്നതിനും കാരണമാവാം.

അകലം ഒരു പ്രശ്​നമാണ്​

രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കുമിടയില്‍ കോവിഡ് സൃഷ്ടിച്ച അനേകം മറകളും അകലങ്ങളുമുണ്ട്. ആലങ്കാരികമായവയേക്കാളുപരി അക്ഷരാര്‍ഥത്തിലുള്ളവ. പുഞ്ചിരിക്കുന്ന മുഖത്തോടെ രോഗാവസ്ഥയെക്കുറിച്ച് ചോദിച്ചറിയാനും, രോഗികള്‍ക്ക് പ്രത്യാശ നല്‍കാനും പി.പി.ഇ കിറ്റിന്റെയും, മാസ്‌കുകളുടേയും പരിമിതി ആരോഗ്യപ്രവര്‍ത്തകരെ അനുവദിക്കുന്നില്ല. ഇതുമൂലം ചികിത്സയുടെ പ്രാരംഭഘട്ടത്തില്‍ രോഗിക്ക് ലഭിക്കേണ്ട ആത്മവിശ്വാസം നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കാതെ പോകുക മാത്രമല്ല, അവരില്‍ പിരിമുറുക്കം ഉണ്ടാക്കാനും സാധ്യതയുണ്ട്.