Monday, 18 October 2021

Novella-3


Image Full Width
Image Caption
ചിത്രീകരണം: സൂരജ കെ.എസ്
Text Formatted

നായിന്റെ മോന്‍

പതിനാറ്

ശുഭയുടെ പെട്ടെന്നുള്ള പതര്‍ച്ച കണ്ട് പ്രവീണിന് ഹരമായി. ഇത്രയേ ഉള്ളൂ പെണ്ണിന്റെ ചങ്കൂറ്റം.
അയാള്‍ പുസ്തകം വായിച്ചിരിക്കുമ്പോള്‍ അവള്‍ പിന്നെയും വന്നു. ""അച്ഛന്‍ പറഞ്ഞല്ലോ.''
""എന്ത്?'' അയാള്‍ ചോദിച്ചു.
""ഭൂതവും പ്രേതവുമൊന്നും ഇല്ലെന്ന്. നമ്മുടെ ഓരോ തോന്നലാണെന്ന്.''
""നീ അതിനിടയ്ക്ക് അച്ഛനെയും വിളിച്ചോ?''
അയാള്‍ ചിരിക്കാന്‍ ശ്രമിച്ചു.
""ഉച്ചയ്ക്ക് ഏട്ടനെ വിളിച്ചിട്ട് എടുത്തില്ലല്ലോ. അപ്പോള്‍ ഞാന്‍ അച്ഛനെ വിളിച്ചു.''
""അച്ഛന്‍ പറയുന്നതാണ് ഇപ്പോഴും നിനക്ക് വേദവാക്യം, അല്ലേ?''
അയാള്‍ക്ക് കോപം വരാന്‍ തുടങ്ങി.
""അതെ പ്രവിയേട്ടാ, ചെറുപ്പം മുതലേ അങ്ങനെയാ എനിക്ക്. അച്ഛന്‍ പറഞ്ഞാല്‍ ഒരു സമാധാനമാണ്.''
""എന്നിട്ട് നീ താലി അഴിച്ചുവെച്ചത് അച്ഛനോട് ചോദിച്ചിട്ടാണോ?'' പെട്ടെന്ന് അയാളുടെ വായില്‍ വന്നത് അതാണ്. ചോദ്യം ആവശ്യത്തിലേറെ പരുഷമായിപ്പോയോ എന്ന് ചോദിച്ചയുടനെ ശങ്കിക്കുകയും ചെയ്തു.
""താലി?'' ശുഭ പിറുപിറുത്തു. അവളുടെ കൈ മാലയില്‍ പരതിനടന്നു. താലിയഴിച്ച് കളഞ്ഞകാര്യം അവള്‍തന്നെ മറന്നിരുന്നപോലെ.
നല്ല തന്ത! പ്രവീണ്‍ വിചാരിച്ചു. മകളെ അനാവശ്യമായ വിശ്വാസങ്ങളെല്ലാം പഠിപ്പിച്ചുവിട്ടിട്ട് ഇപ്പോള്‍ പേടിയാണെന്ന് കണ്ടപ്പോള്‍ സമാധാനിപ്പിക്കാന്‍വേണ്ടി അതൊക്കെ വെറുതെയാണെന്ന് പറയുന്നു. ഒരാവശ്യം വന്നാല്‍ ദൈവം ഇല്ലെന്ന് പറയാനും മടിക്കില്ല.
""നിന്റെ അച്ഛന്‍ കള്ളനാണ്,'' പ്രവീണ്‍ പറഞ്ഞു. ""കല്യാണത്തിന് മതപരമായ ചടങ്ങുകളൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പുതന്നിട്ട് വയലറ്റിന്റെ ഭജന നടത്തി മനുഷ്യനെ നാണംകെടുത്തിയ ആളാണ്.''
ശുഭ അതൊന്നും കേട്ടതായി തോന്നിയില്ല. അവള്‍ ആഭരണപ്പെട്ടിയില്‍ താലി തെരയുകയായിരുന്നു.

അത്താഴം കഴിക്കാനിരിക്കുമ്പോള്‍ അവളുടെ കഴുത്തില്‍ താലി ശ്രദ്ധിച്ചു പ്രവീണ്‍. സംസാരിക്കാന്‍ തുടങ്ങിയതോടെ മാളുവമ്മ വീണ്ടും വിഷയമായി. ""വീട്ടിനകത്ത് ഇടയ്ക്കിടയ്ക്ക് തള്ളിക്കയറി വരുന്നതിനൊക്കെ ഞാന്‍ ഓര്‍ക്കാതെങ്ങാനും ആയമ്മയെ പിരാകിയിട്ടുണ്ടാകുമോ എന്തോ! ഇത്ര പെട്ടെന്ന്...'' പിന്നെ പ്രവീണിനെ നോക്കി ചോദിച്ചു. ""പ്രാക്ക് എന്നൊന്നും പറഞ്ഞ് ഒരു സാധനം ഇല്ലല്ലോ.''
""ഉം,''
അയാള്‍ മൂളിയതേയുള്ളൂ.
""ഇല്ല എന്ന് പറയില്ലേ പ്രവിയേട്ടന്‍?'' അവള്‍ ദയനീയമായി ചോദിച്ചു.
""ഞാനെങ്ങനെ പറയാനാ, ശുഭേ?'' അയാള്‍ ക്ഷോഭിച്ചു. ""ഇല്ല എന്ന് ഉറപ്പുള്ള കാര്യങ്ങളല്ലേ ഇല്ലെന്ന് പറയാനൊക്കൂ.''