Monday, 18 October 2021

Healing Hands


Text Formatted

ഇനി വരാന്‍ പോകുന്നത് വാക്സിന്‍ വിരുദ്ധര്‍,

കരുതിയിരിക്കുക

കോവിഡ് വാക്സിന്‍ ജനസംഖ്യ വര്‍ധനവ് തടയുമെന്നും മനുഷ്യരില്‍ ജനിതകവ്യതിയാനം സംഭവിക്കുമെന്നും ഈ വാക്സിന്‍ സ്വീകരിച്ചവരില്‍ മൈക്രോചിപ്പ് പ്രവര്‍ത്തിക്കുന്നു എന്നൊക്കെയുള്ള മണ്ടത്തരങ്ങള്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്

Image Full Width
Image Caption
ഡോ. ജിനേഷ് പി.എസ്
Text Formatted

കോവിഡ് എന്ന മഹാമാരി ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്തത്ര സങ്കീര്‍ണമായ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ആരോഗ്യപ്രശ്നത്തിലുപരി ഒരു സാമൂഹിക വിപത്താണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ഒമ്പതുകോടിയോട് അടുക്കുന്നു, മരണസംഖ്യ 19 ലക്ഷം അടുക്കുന്നു. കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണക്ക് മാത്രമാണിത്. എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും എത്രമാത്രം കൃത്യമാണ് ഉറപ്പിക്കാന്‍ സാധിക്കില്ല. കേസുകളും മരണങ്ങളും ഇങ്ങനെയാണ് അവസ്ഥയെങ്കില്‍ തൊഴിലും വരുമാനവും നഷ്ടപ്പെട്ടവരുടെ സംഖ്യ എത്രയോ ഇരട്ടി ആയിരിക്കും! പല രാജ്യങ്ങളിലും രണ്ടാമത്തെ തരംഗം ആരംഭിച്ചുകഴിഞ്ഞു. ലോക്ക്ഡൗണ്‍ കാലഘട്ടം പല സ്ഥലങ്ങളിലും തിരിച്ചുവരികയാണ്. 

ലോകത്തില്‍ ഇന്നേവരെ ഏതെങ്കിലും ഒരു അസുഖം സംബന്ധിച്ച് ഇത്രയധികം വ്യാജസന്ദേശങ്ങള്‍ പടര്‍ന്ന ഒരു കാലഘട്ടം വേറെ ഉണ്ടാവില്ല

വ്യാജസന്ദേശങ്ങളുടെ മഹാമാരി

ഇതിനിടയില്‍ ഒരു ആശ്വാസം എന്നുപറയാവുന്നത്, വാക്സിന്‍ വിതരണം പല രാജ്യങ്ങളിലും ആരംഭിച്ചു എന്നതാണ്. ലോകത്താദ്യമായാണ് ഏതെങ്കിലുമൊരു അസുഖത്തിനെതിരെ ഇത്ര കുറഞ്ഞ സമയംകൊണ്ട് വാക്സിന്‍ കണ്ടെത്തുന്നത്. പക്ഷേ നമ്മുടെ നാട്ടില്‍ വാക്സിന്‍ വിതരണം തുടങ്ങുന്നതിനു മുമ്പുതന്നെ വാക്സിന്‍ വിരുദ്ധരുടെ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. എങ്ങനെ വാക്സിന്‍ എടുക്കുന്നത് തടയാം എന്ന വിഷയത്തില്‍ പ്രബന്ധങ്ങള്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുകയാണ്, പ്രധാനമായും വാട്സ്ആപ്പ് ആണ് മാധ്യമം. വാക്സിന്‍ വിഷയത്തില്‍ മാത്രമല്ല, ലോകത്തില്‍ ഇന്നേവരെ ഏതെങ്കിലും ഒരു അസുഖം സംബന്ധിച്ച് ഇത്രയധികം വ്യാജസന്ദേശങ്ങള്‍ പടര്‍ന്ന ഒരു കാലഘട്ടം വേറെ ഉണ്ടാവില്ല. വാട്ട്സ്ആപ്പും ഫേസ്ബുക്കും മാത്രമല്ല പ്രധാനപ്പെട്ട മാധ്യമങ്ങളിലൂടെ പോലും വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടു.