Wednesday, 29 March 2023

Contemporary Agrarian Issues


Text Formatted

ഈ പാടങ്ങൾ ഹരിബാബുമാരുടെ ശ്​മശാനങ്ങളാണ്​

ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലകളിലൂടെ സഞ്ചരിച്ച് കര്‍ഷകജീവിതം നേരിട്ടറിഞ്ഞ ഒരു മാധ്യമപ്രവര്‍ത്തക അന്വേഷിക്കുന്നു; ബ്യൂറോക്രസി മുതല്‍ ഭരണകൂടം വരെയുള്ള സംവിധാനങ്ങള്‍ എങ്ങനെയാണ് കര്‍ഷകരെ മരണത്തിലേക്ക്​ നയിക്കുന്നത്?

Image Full Width
Image Caption
കരിമ്പുകര്‍ഷകന്‍ / ഫോട്ടോ: അജീബ് കോമാച്ചി
Text Formatted

രിബാബു മരിച്ച് അഞ്ചാംദിവസമാണ് ഞാന്‍ അയാളുടെ വീട്ടിലെത്തുന്നത്. അപ്പോഴവിടെ അന്ത്യക്രിയകള്‍ നടക്കുകയായിരുന്നു. ഇരുപത്തിയഞ്ചു വയസേ ഉണ്ടായിരുന്നുള്ളു ആ ചെറുപ്പക്കാരന്, കീടനാശിനി കുടിച്ച് ജീവനൊടുക്കുമ്പോള്‍.

ആന്ധ്രാപ്രദേശിലെ പൂര്‍വ ഗോദാവരി ജില്ലയിലെ താടിപര്‍ത്തി ഗ്രാമത്തിലാണ് ഹരിബാബുവിന്റെ വീട്. ഗൊല്ലപ്രൊലു എന്ന ബ്ലോക്കിന്റെ ഭാഗമാണ് ഈ ഗ്രാമം. 
നീലം ചുഴലിക്കൊടുങ്കാറ്റിനെത്തുര്‍ന്നുണ്ടായ കര്‍ഷകരുടെ ആത്മഹത്യകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഞാന്‍ അവിടെ ചെല്ലുന്നത്. ദുരന്തം നടന്ന വീടുകള്‍ കാണിച്ചുതരാന്‍ അഖിലേന്ത്യാ കിസാന്‍ സഭയിലെ രണ്ടുപേര്‍ കൂടെ വന്നിരുന്നു. 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നീലം ചുഴലിക്കൊടുങ്കാറ്റ് ഇന്ത്യയുടെ കിഴക്കന്‍ തീരത്തടിച്ചത് 2012 ഒക്ടോബര്‍ 31 നാണ്. തമിഴ്‌നാട്ടിലെ മഹാബലിപുരത്തിനു സമീപം. ആ സമയത്ത് ആന്ധ്രയിലെ ചിറ്റൂര്‍, നെല്ലൂര്‍, പ്രകാശം, ഗുണ്ടൂര്‍ എന്നീ തെക്കന്‍ജില്ലകളില്‍ കനത്ത മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, പ്രവചനങ്ങള്‍ തെറ്റിച്ച് ഒരാഴ്ചയോളം പേമാരി തോരാതെ പെയ്തത് സംസ്ഥാനത്തിന്റെ പത്തായപ്പുര എന്ന് വിശേഷിപ്പിക്കപ്പെടുന്ന പശ്ചിമ ഗോദാവരി, പൂര്‍വ ഗോദാവരി, കൃഷ്ണ ജില്ലകളിലാണ്. സംസ്ഥാനത്ത് 25 പേര്‍

 മരിച്ചു. അഞ്ചേകാല്‍ ലക്ഷം ഹെക്ടര്‍ സ്ഥലത്ത് വിളനാശമുണ്ടായി.

കണക്കിലില്ലാത്ത ഹരിബാബുമാര്‍

നീലം വന്നുപോയ ശേഷമുള്ള ദിവസങ്ങളില്‍ കര്‍ഷകരുടെ ആത്മഹത്യയെപ്പറ്റിയുള്ള വിവരങ്ങള്‍ തുള്ളിത്തുള്ളിയായി പലയിടങ്ങളില്‍ നിന്ന് വരാന്‍ തുടങ്ങി. ഒറ്റപ്പെട്ട കര്‍ഷക ആത്മഹത്യകള്‍ ആന്ധ്രാപ്രദേശില്‍ വാര്‍ത്തയേ അല്ല, ദിവസേനയെന്നോണം നടക്കുന്ന കാര്യമാണ്. മാധ്യമങ്ങളുടെ ഉള്‍പ്പേജിലെവിടെയെങ്കിലും ഒരു മൂലയില്‍ ആ വാര്‍ത്ത വരും. ആരും ശ്രദ്ധിക്കാറില്ല. അത്ര സാധാരണമായിക്കഴിഞ്ഞു അവിടെ കര്‍ഷക ആത്മഹത്യകള്‍.