Wednesday, 20 October 2021

Book Review


Text Formatted

വീടും തടവും

യാത്രകളോ യാത്രകളിലെ സ്ഥലങ്ങളോ ഇല്ലാതിരുന്ന മാസങ്ങളില്‍ ഞാന്‍ വായിച്ച പുസ്തകങ്ങളില്‍ എനിക്കേറ്റവും പ്രിയങ്കരമായി അനുഭവപ്പെട്ടത് ജര്‍മന്‍ എഴുത്തുകാരിയായ എസ്തര്‍ കിന്‍സ്‌കിയുടെ ഗ്രോവ് എന്ന നോവലായിരുന്നു

Image Full Width
Image Caption
എസ്തര്‍ കിന്‍സ്‌കി / Photo: Heike Huslage-Koch, Wikimedia Commons
Text Formatted

കാന്തതയും അടച്ചിരുപ്പും ഇഷ്ടപ്പെടുന്നവരാണ് എഴുത്തുകാരും വായനക്കാരും എന്നു പറയാറുണ്ട്. തുടര്‍ച്ചയായി വീട്ടിലിരുന്ന മാസങ്ങളില്‍ പലരും പറഞ്ഞുകേട്ടു, നിങ്ങള്‍ക്കൊക്കെ ഇനി സ്വസ്ഥമായി എഴുതാമല്ലോ, കണ്ടമാനം വായിക്കാമല്ലോ. എന്നാല്‍ ഇറങ്ങി നടക്കാനാകുമെങ്കില്‍ മാത്രമേ അകത്തിരുന്നിട്ടുളളു കാര്യമുള്ളൂ എന്നതു നാം മറക്കുന്നു. ആര്‍ത്തിയോടെ പുസ്തകങ്ങള്‍ എടുത്തവര്‍ ചുമരുകള്‍ക്കകം സ്വയം മടുത്തു വേഗം നെടുവീര്‍പ്പിടുന്നത് അതാണ്. 
ഉഷ്ണപ്രദേശമായ കേരളത്തില്‍ ഒരു വീടിനുള്ളില്‍ത്തന്നെ മാസങ്ങളോളം കഴിയേണ്ടിവരുന്നതിലെ പുഴുക്കം കഠിനമാണെന്നതും വിശേഷിച്ചു പറയേണ്ടതില്ലല്ലോ. 

അല്ലെങ്കിലും തനിമയില്ലാത്ത ഭൂമിയിലെ ഇടങ്ങളിലൊന്നു വീടാണ്. വീട് ഏകാന്തമാകണമെങ്കില്‍ മുറികള്‍ ഒഴിഞ്ഞും പകലുകള്‍ നിശബ്ദമായും കഴിയേണ്ടതുണ്ട്. ആളുകള്‍ തിങ്ങുന്ന വീട് ഓരോ നിമിഷവും ശ്രദ്ധതെറ്റിക്കുന്നു. സമയം അവിടെ നിങ്ങള്‍ വിചാരിക്കുന്നതുപോലെ അടങ്ങിയിരിക്കുകയോ മൗനം
പാലിക്കുകയോ ചെയ്യാറില്ല. 

പോയമാസങ്ങള്‍ ഓരോ വീടിന്റെയും യഥാര്‍ഥ സ്വഭാവത്തെയാണു വെളിയില്‍ കൊണ്ടുവന്നത്. ഇന്നലെ വരെ താന്‍ സ്‌നേഹിച്ച വീടല്ല ഇപ്പോള്‍ താന്‍ വസിക്കുന്നതെന്നു പലര്‍ക്കും തോന്നി. എല്ലാവരെയും പറഞ്ഞുവിട്ടശേഷം തനിക്കു മാത്രമായിരുന്ന വീട്ടിലെ പകലുകള്‍ ഒന്നിലധികം പേര്‍ കവര്‍ന്നെടുക്കുന്നതിന്റെ വേവലാതി എത്രയോ പേര്‍ക്കുണ്ടായി. 

അപ്പോള്‍ ബസ് സ്റ്റേഷനിലെയോ റെയില്‍വേ സ്റ്റേഷനിലെയോ തിരക്കുകള്‍ യഥാര്‍ഥത്തില്‍ എന്തായിരുന്നുവെന്നു മനസിലാകുന്നു. ഏറ്റവും ചലനമുള്ള ചിന്തകള്‍ യാത്രയിലാണു കിട്ടുക. നിപ്പ പരത്തുന്ന വവ്വാലുകള്‍ ആ രോഗം വന്നു ചാവാത്തതിനു കാരണം, വവ്വാലുകള്‍ ദീര്‍ഘദൂരം പറക്കുന്നതുകൊണ്ടാണെന്ന് എവിടെയോ വായിച്ചിരുന്നു, ആ സഞ്ചാരം അവയുടെ വൈറസിനെതിരായ പ്രതിരോധശേഷി ഉയര്‍ത്തി. പറക്കലാണു ഇമ്യൂണിറ്റി. കൂട്ടില്‍ കഴിയലല്ല.

എത്ര മനുഷ്യരാണു വീടില്ലാതെ തെരുവില്‍ നടന്നത്, എത്ര പേരാണു വഴിയില്‍ വീണത്, എത്ര കുഞ്ഞുങ്ങളാണു വിശന്നു മരിച്ചത് എന്നൊന്നും നമുക്ക് അറിയില്ല.