Wednesday, 29 March 2023

യൗവനത്തിന്റെ സിനിമ


Text Formatted

എനിക്കാ ആത്മഭാഷണം
മറക്കാന്‍ കഴിയുന്നില്ല

എണ്‍പതുകളില്‍ യൗവനം താണ്ടിയ ഏറെ ചെറുപ്പക്കാര്‍ക്ക് അവരവരുടേതായ മാനസികതലങ്ങളില്‍ നിന്ന്​ അജയനുമായി  താദാത്മ്യം പ്രാപിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവാം. അതിലൊരാളായി ഞാന്‍ എന്നെ കാണുന്നുണ്ട്.  അടൂർ ഗോപാലകൃഷ്​ണന്റെ ‘അനന്തരം’ എന്ന സിനിമയുടെ വൈയക്തികം കൂടിയായ ഒരു കാഴ്​ച

Image Full Width
Image Caption
‘അനന്തര’ത്തിൽ അശോകൻ
Text Formatted

27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേയ്ക്ക് വണ്ടി കയറുമ്പോള്‍ ആദ്യം ഓര്‍മയിലെത്തുന്നത് ഒരു ആത്മഭാഷണമാണ്.

അജയന്റെ ആത്മഭാഷണമാണത്, അടൂരിന്റെ അനന്തരത്തിലെ.

ഡിഗ്രി കഴിഞ്ഞിറങ്ങിയ കാലത്ത് തിയറ്ററില്‍ കണ്ട ഈ സിനിമ ഉണ്ടാക്കിയ അനുഭൂതിസാന്ദ്രമായ ഉള്‍പ്രവാഹങ്ങള്‍ ഇന്നും അറിയാന്‍ കഴിയുന്നുണ്ട്. എന്തുകൊണ്ട് അനന്തരം എന്ന്​ സ്വയം ആലോചിച്ചുനോക്കിയിട്ടുണ്ട്. മനുഷ്യജീവിതത്തെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ഇതിലും മികച്ച എത്രയോ സിനിമകളുണ്ടായിട്ടുണ്ട്.  കണ്ട് മനം നിറഞ്ഞിട്ടുണ്ട്.  ന്യൂജെന്‍ കാലത്ത് എത്രയെത്ര ഗംഭീരമായ അഭ്രാവിഷ്‌കാരങ്ങള്‍ പിറവിയെടുത്തിട്ടുണ്ട്. അടൂരിന്റെ സമീപകാലസിനിമകള്‍ നിരാശപ്പെടുത്തിയിട്ടുമുണ്ട്. എന്നിട്ടും എന്തുകൊണ്ട്?

ജീവിതത്തെ നിര്‍വചിക്കുന്നതിനാവാതെ വരുമ്പോഴുണ്ടാകുന്ന നിസ്സഹായാവസ്ഥ ഇത്ര ആഴത്തില്‍ ‘അനന്തരം’ പോലെ വേറെ അധികം സിനിമകളില്‍ അന്ന് അനുഭവഭേദ്യമായിട്ടില്ല.

അത്​ കണ്ട കാലത്ത് അത്രമേല്‍  അതിലെ അജയന്‍ എന്ന കഥാപാത്രത്തിന്റെ വൈകാരിക സങ്കീര്‍ണതകളുമായി താദാത്മ്യപ്പെട്ടതുകൊണ്ടാണോ? ഒറ്റപ്പെടലിന്റെ അജയാവസ്ഥയുമായി തന്മയീഭവിച്ചതുകൊണ്ടോ? സമാനമായ മാനസികാവസ്ഥയുടെ നുറുങ്ങുകള്‍ അന്നുണ്ടായിരുന്നതുകൊണ്ടാണോ? കൃത്യമായി ഉത്തരം പറയാനാവില്ല. ജീവിതത്തെ നിര്‍വചിക്കുന്നതിനാവാതെ വരുമ്പോഴുണ്ടാകുന്ന നിസ്സഹായാവസ്ഥ ഇത്ര ആഴത്തില്‍ വേറെ അധികം സിനിമകളില്‍ അന്ന് അനുഭവഭേദ്യമായിട്ടില്ല. യൗവനത്തിന്റെ ഒരു കാലഘട്ടതിലാണതു സംഭവിക്കുന്നത്. ജീവിതത്തിന് ഒന്നിലേറെ വ്യാഖ്യാനങ്ങള്‍. ഏതു സ്വീകരിക്കണം? ഏതു ശരി, ഏതു തെറ്റ്? ഏതു റിയല്‍, ഏതു അയഥാര്‍ത്ഥം? ജനനം മുതല്‍ തുടരുന്ന സന്ദിഗ്ധതകളുടെ പശ്ചാത്തലത്തില്‍ സ്വപ്നങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങളുടെയും അവസ്ഥകളെ വിശകലനം ചെയ്യുന്നൊരു സിനിമയായി അനന്തരം എന്ന സിനിമയെ കണ്ടെടുക്കാവുന്നതാണ്.