Wednesday, 29 March 2023

കോവിഡിനൊപ്പം


Text Formatted

കോവിഡിന്റെ
അമേരിക്കൻ വർത്തമാനം

അമേരിക്കയിൽ 2022 ഡിസംബര്‍ ഒന്നു മുതല്‍ 31 വരെ, ഒരു ശതമാനത്തില്‍നിന്ന്​ 40 ശതമാനത്തിലേക്ക് കോവിഡ്​ രോഗവ്യാപനമുണ്ടായി. ഏറ്റവും കൂടുതല്‍ വ്യാപനം ന്യൂയോര്‍ക്ക്, ന്യൂ ഇംഗ്ലണ്ട് സംസ്ഥാനങ്ങളിലാണ്. 

Image Full Width
Image Caption
photo:pexels.com
Text Formatted

ധുനിക മനുഷ്യന്‍ നേരിട്ട ഏറ്റവും വലിയ മഹാമാരികളിലൊന്നാണ് കോവിഡ്- 19. ചൈനയിലുത്ഭവിച്ച് ലോകമാകെപ്പടര്‍ന്ന ആ വൈറസ് രോഗം, ചരിത്രത്തെ കോവിഡിനു മുമ്പും ശേഷവും എന്ന്​ രണ്ടായി വിഭജിച്ചു. മനുഷ്യരുടെ സാമൂഹ്യജീവിതത്തെ അത്​ നിശ്ചലമാക്കി. ശീലങ്ങളെല്ലാം തിരുത്തിയെഴുതപ്പെട്ടു. ‘നരവംശനവാതിഥി'കളുടെ കാഴ്ചപ്പാടുകള്‍ മുതിര്‍ന്നവരുടേതില്‍നിന്ന്​ തികച്ചും വ്യത്യസ്തമായി. പ്രകൃതി അവരെ സംബന്ധിച്ച്​ നാലു ചുവരുകള്‍ക്കുള്ളിലെന്നല്ല, കമ്പ്യൂട്ടറിന്റെയോ ടെലിവിഷന്റെയോ മൊബൈല്‍ ഫോണിന്റെയോ സ്‌ക്രീനുകള്‍ക്കുള്ളിലേക്കു പരിമിതപ്പെട്ട മായക്കാഴ്ച മാത്രമായി. സൗഹൃദങ്ങള്‍ ശബ്ദങ്ങളായോ നിഴല്‍രൂപങ്ങളായോ പരിണമിച്ചു. 

അമേരിക്കയിൽ കോവിഡ് ബാധിച്ചവരുടെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെയും എണ്ണം 2022 ഡിസംബറില്‍ ക്രമാതീതമായി വര്‍ദ്ധിച്ചു.

വാക്സിനുകളുടെ കണ്ടുപിടിത്തത്തോടെയും പ്രതിരോധമാര്‍ഗങ്ങളവലംബിച്ചും ലോകം ആ രോഗത്തെ തുരത്തുകയാണെന്ന് ആശ്വാസം കൊള്ളുന്നതിനിടെ, ഇപ്പോള്‍ ചൈനയില്‍ വീണ്ടും കോവിഡ് അഴിഞ്ഞാടുകയാണെന്ന വാര്‍ത്ത വന്നിരിക്കുന്നു; അതു വീണ്ടും ഭൂമിയെ വിഴുങ്ങുകയാണെന്നും.  അമേരിക്കയില്‍ ആക്രമണം നടത്തുന്ന കോവിഡ് വകഭേദത്തെ XBB 1.5 എന്നു ശാസ്ത്രലോകം വിളിക്കുന്നു. ഫലപ്രദമായ വാക്സിന്‍ എടുക്കാത്തവരെയും ഇതുവരെ കോവിഡ് വന്നിട്ടില്ലാത്തവരെയുമാണ് ഈ പുതിയ വകഭേദം ആക്രമിക്കുന്നത്. 

അമേരിക്കയിൽ കോവിഡ് ബാധിച്ചവരുടെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെയും എണ്ണം 2022 ഡിസംബറില്‍ ക്രമാതീതമായി വര്‍ദ്ധിച്ചു. സെപ്റ്റംബറിനുശേഷം ആഴ്ചയില്‍ ഏതാണ്ട് 2500 മുതല്‍ 3000 വരെ രോഗികള്‍ മരിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്​. ഔദ്യോഗികവെളിപ്പെടുത്തലനുസരിച്ച്  പത്തുലക്ഷത്തിലധികം ആളുകള്‍ ഇതുവരെ മരിച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് അതിലധികമായിരിക്കാനാണ്​ സാധ്യത.