Tuesday, 28 March 2023

കഥ


Text Formatted
pavakali story 112
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

“പ്രേതപ്പറമ്പീ താമസിക്കാൻ ആളു വന്നല്ലോ ചാണ്ടിച്ചാ”

നൂൽ പുട്ടും മുട്ടക്കറിയും കുഴച്ച് അകത്താക്കിയ ശേഷം ബാക്കി വന്ന ചാറിലേക്ക് മുട്ടയുടെ മഞ്ഞ ഉടച്ചു ചേർക്കുന്നത് നിർത്തി ചാണ്ടിച്ചൻ ചോദിച്ചു.

“ങേ നേരാന്നോ കള്ളമ്പൈലീ?” പിന്നെ കുറച്ച് ചിന്തിച്ച് കയ്യൊന്ന് നക്കി പറഞ്ഞു.

“എന്നാ വല്ല വരത്തനുമാരിക്കും”

കള്ളമ്പൈലീയെന്ന് വിളിച്ചപ്പോൾ കള്ളൻ എന്ന ഭാഗം കടുപ്പിക്കാതെയാണ് ഈ വട്ടവും ചാണ്ടിച്ചൻ വിളിച്ചത്. പണ്ട് ഗൾഫിൽ നിന്നും വരുന്ന പ്രവാസികളിൽ നിന്ന് റിയാലും ദിനാറും വാങ്ങി അത് രൂപയിലേക്ക് മാറ്റി കൊടുക്കലായിരുന്നു പൈലിയുടെ പണി. ഒരു ക്രിസ്മസ് കാലത്ത് കിണറ്റിൽ കെട്ടി താഴ്ത്തിയ ഒരു ഡസനോളം മദ്യക്കുപ്പികൾ പോലീസ് പൊക്കിയപ്പോഴാണ് പൈലിക്ക് കള്ളമ്പൈലീന്നുള്ള പേരു കിട്ടിയത്. സ്റ്റേഷനിൽ നിന്നറങ്ങിയതിൽ പിന്നെ തന്റെ ഉഡായിപ് പരിപാടികൾ ഉപേക്ഷിച്ച് മാന്യമായ രീതിയിൽ ജീവിക്കാൻ ശ്രമിച്ചെങ്കിലും കള്ളമ്പൈലിയെന്നുള്ള വിളി മാത്രം ബാക്കിയായി. പള്ളിക്കുന്നിലെ ഏക പേപ്പർ ഏജൻസി കള്ളമ്പൈലിയുടേതാണ്. ആകെ അഞ്ചോ പത്തോ വീട്ടിലും ചായക്കടയിലും പള്ളിയിലും തുടങ്ങി ഏകദേശം ഒരു പത്തിരുപത് കോപ്പി മാത്രമേ പള്ളിക്കുന്നിൽ വിൽപ്പനയുള്ളൂ. 

“അച്ചനറിഞ്ഞോടാ?” വെടിവക്കച്ചനാണ്. കയ്യിൽ ഒരു കട്ടനുണ്ട്. 

“അച്ചനറിഞ്ഞാ ഇതു വല്ലോം നടക്കുവോ? ഇതു മിക്കവാറും ആ മറിയേടെ ഏർപ്പാടാരിക്കും”

ചായക്കടേല് പാല് കൊടുത്ത് കുപ്പിക്ക് വേണ്ടി കാത്ത് നിന്ന വെകിളി വർഗീസിനു വിശ്വസിക്കാൻ വയ്യ. 

“ആള് ബാക്കി വല്ലോം ഉണ്ടോ എന്തോ?”

അച്ചനറിഞ്ഞാ ഇതൊന്നും നടക്കത്തില്ല എന്ന് പറഞ്ഞതിൽ സത്യമുണ്ടായിരുന്നു. സഭക്ക് കളങ്കം വരുത്തിയ ഒരു കേസ് ആ പ്രേതപ്പറമ്പിലെ വീട്ടിലാണ് പിറന്നത്. അതിനെപ്പറ്റി പറയുമ്പോ ഇന്നും കപ്യാർക്ക് ഉൾക്കിടിലമാണ്. വർഷങ്ങൾക്ക് മുൻപാണ് സംഭവം. ലൂക്കോ അച്ചൻ, പ്രേതബാധയൊഴിപ്പിക്കൽ, പ്രേതങ്ങളുമായി ആശയവിനിമയം നടത്തൽ എന്നിവയിലെല്ലാം പരിശീലനം ലഭിച്ച ഒരാളാണ്. പ്രേതപ്പറമ്പീ താമസിക്കാൻ വന്ന കുടുംബത്തിലെ പതിനാറുകാരിയുടെ ശരീരത്തിൽ ബാധ കേറി. മരുന്നും ഡോക്ടറും ഫലിക്കാതെ വന്നതോടെ ബാധ