Monday, 18 October 2021

കഥ


Text Formatted

വെള്ളിനക്ഷത്രം

Image Full Width
Image Caption
ചിത്രീകരണം : കെ.പി മുരളീധരന്‍
Text Formatted

മുന്‍കുറിപ്പ് : സംഭവങ്ങള്‍, സന്ദര്‍ഭങ്ങള്‍, സൂചനകള്‍ എന്നിവയ്ക്ക് ചരിത്രബന്ധമുണ്ടെങ്കിലും ആത്യന്തികമായി ഇതൊരു കാക്ക പറഞ്ഞ കെട്ടുകഥയാണ്. 

ശോകവികലമേ ലോകമിതാകെ
നിയതമിതാര്‍ക്കും കാണ്മതിനാകാ
അഴലാളുമീ ഭവജീവിതമേന്തി
നേടുവതെന്തേ മാനവനോര്‍ത്താല്‍ 

- അഭയദേവ് (വെള്ളിനക്ഷത്രം എന്ന സിനിമയിലെ ഗാനം)

 

കൂടിനകം

റെ നേരമായി വാശിക്കരച്ചില്‍ തുടരുന്ന പൊന്‍കുഞ്ഞിനെ നോക്കിക്കൊണ്ട് കാക്ക തന്റെ കാലിയായ കൊക്കിനെ പഴിച്ചു.  തള്ളക്കാക്ക വന്നു ചേക്കേറിയ സമയം മുതല്‍ തുടങ്ങിയ വായും പൊളിച്ചുള്ള കാറലാണത്. പറക്കമുറ്റാത്തതിനാല്‍ പകലുമുഴുവനും തനിച്ചുകാത്തിരുന്നൊടുക്കം അന്തിമയങ്ങുന്നേരത്തെ ചിറകനക്കം കേട്ടപ്പോളുണ്ടായ കുഞ്ഞുപ്രതീക്ഷയാകട്ടെ ഒരു ചെരിഞ്ഞുനോട്ടത്താല്‍ പൊടുന്നനെ ഇല്ലാതായി. തന്നെ പോറ്റേണ്ട കൊക്കിലാണെങ്കില്‍ ഒരു ചെറുപുഴുവോ, എച്ചില്‍ത്തുണ്ടോ, എലിവാലോ, മീന്‍തലയോ ഒന്നുമില്ലെന്നു കണ്ടതിന്റെ നിരാശയാണ് കരഞ്ഞു തീര്‍ക്കുന്നത്. മരങ്ങളൊന്നും തന്നെ ആ നഗരച്ചുറ്റുവെട്ടത്തില്‍ ഇല്ലാത്തതിനാല്‍ പഴങ്ങളോ കായ്കളോ ഒക്കെ  കിട്ടുന്ന കാര്യം  ആലോചിക്കുകയേ വേണ്ടാ. മഹാമാരിയെ ഭയന്ന് ആളുകള്‍ തെരുവൊഴിഞ്ഞതിന്റെ പുറകെ എച്ചില്‍ക്കൂനകള്‍ അപ്രത്യക്ഷമായി. കറുകറുത്ത പെരുമ്പാമ്പിനെക്കണക്ക് ഇഴഞ്ഞൊഴുകിയും ഇടയ്ക്കെല്ലാം ഇരവിഴുങ്ങി ഇളകാതാകുകയും ചെയ്യുന്ന കൊഴുത്ത ഓടവെള്ളം വറ്റിയതോടെ കൊക്കിലൊതുങ്ങുന്ന ചെറുജീവികളെയും കാണാതായി. നഗരത്തിന്റെ ഏതാണ്ട് നടുക്കായുള്ള പാതിപണിതീര്‍ന്ന കോണ്‍ക്രീറ്റുകെട്ടിടത്തിന്റെ മുകളില്‍ത്തന്നെ കൂടുപണിയാന്‍ തോന്നിയ നിമിഷത്തെ കാക്ക അറഞ്ഞു ശപിച്ചു. ചക്രവാളത്തെളിച്ചം മുഴുവനായും മറഞ്ഞ് ഇരുട്ടുപരന്നതോടെ അവരുടെ കൂടിനുമുകളില്‍ നക്ഷത്രങ്ങളുടെ തിളക്കംമാത്രം ബാക്കിയായി. വേണ്ടാത്തിടത്തൊക്കെ കൊണ്ടുപോയി കൂടുകെട്ടിയതിന്റെ അനര്‍ത്ഥങ്ങള്‍ തലമുറതലമുറകളായി കേട്ടുവന്ന കഥകളായും കരച്ചിലുകളായും അന്നേരം  മാനത്തുമിന്നിത്തെളിഞ്ഞു.

‘നമുക്ക് കഥകള്‍ പറഞ്ഞും കേട്ടും നക്ഷത്രങ്ങളെ കൊത്തിത്തിന്നാലോ?'
തള്ള പറഞ്ഞതു കേട്ട പാതി കുഞ്ഞുകാക്ക വായ പിളര്‍ത്തി. 

‘കൊത്താന്‍ വരട്ടെ... ആദ്യം കഥകേട്ടു തീരണം..