Monday, 18 October 2021

Deconstructing the Macho


Text Formatted

ആണ്‍തരികളുടെ ഊട്ടുപുരകള്‍

തുല്യതയുടെ, പങ്കുവെക്കലിന്റെ, പരസ്പരം അംഗീകരിക്കലിന്റെ, ജനാധിപത്യബോധത്തിന്റെ പാഠങ്ങള്‍ വളര്‍ന്നുവരുന്ന ആണ്‍കുട്ടികള്‍ക്ക് നല്‍കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കേണ്ടതുണ്ട്​

Image Full Width
Image Caption
പി. പ്രേമചന്ദ്രൻ
Text Formatted

ണ്‍ബോധത്തിന് നേരിട്ട് ചാര്‍ച്ച അധികാരത്തോടാണ്. അധികാരപ്രയോഗത്തിനുള്ള സമ്മതിയാണ് അതാവശ്യപ്പെടുക. നോക്കുകൊണ്ടും വാക്കുകൊണ്ടും ഊക്കുകൊണ്ടും അത് എല്ലായ്പ്പോഴും ആധിപത്യത്തിനായി ശ്രമിച്ചുകൊണ്ടിരിക്കും. ആധിപത്യം സ്ഥാപിക്കുമ്പോള്‍ മാത്രം ലഹരി ലഭിക്കുന്ന വിചിത്രമായ മനോഭാവമാണ് അത്. മറ്റേത് ലഹരിയെക്കാളും ഉപേക്ഷിക്കാന്‍ പ്രയാസകരം. ആണ്‍ബോധത്തിന്റെ അടരുകള്‍ ഒരാളുടെ ഉള്ളില്‍ ദൃഢമാവുന്നത് അയാളുടെ ജീവിതപരിസരങ്ങളില്‍ നിന്ന് മാത്രമല്ല. ചരിത്രത്തിന്റെ ഊക്കന്‍ കാലടികള്‍ വര്‍ത്തമാനത്തിനു മേല്‍ നേരിട്ടമരുന്ന ആണ്‍ബോധം പോലെ മറ്റൊന്നില്ല. പാമ്പ് ഉറപൊഴിക്കുന്നത് പോലെ സ്വാഭാവികമായി ഊര്‍ന്നുപോകുന്നതല്ല, പിന്നീട് താന്‍ നേടിയ ഏതറിവുകൊണ്ടും ഒരാണിന്റെ ഉള്ളില്‍ നിന്നും ഈ ബോധം. താന്‍ ജനിക്കും മുന്‍പ് തന്റെ ബോധത്തെ പൊതിയാന്‍ തുടങ്ങിയ ആവരണങ്ങളെ ഉള്ളിത്തൊലിപോലെ അടര്‍ത്തിമാറ്റുക അപൂര്‍വ്വത്തില്‍ അപൂര്‍വ്വംപേര്‍ക്ക് മാത്രം കഴിയുന്ന ഒന്നാണ്. അതിനുള്ള ശ്രമമാണ് ചിന്തയിലും എഴുത്തിലും ഇടപെടലുകളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും കൂടി ഓരോ ആണ്‍തരിയും നിരന്തരം നടത്തേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട ജനാധിപത്യപ്രവര്‍ത്തനം. തന്നെത്തന്നെ ജനാധിപത്യവല്‍ക്കരിക്കേണ്ട ഉത്തരവാദിത്വമാണ് ഓരോ ആണും വര്‍ത്തമാനകാലത്ത് സ്വയം ഏറ്റെടുക്കേണ്ട പ്രാഥമികമായ കര്‍ത്തവ്യം. കാരണം ആണ്‍ബോധവും ജനാധിപത്യവും ഒരാളുടെ ഉള്ളില്‍ ഒരേ സമയം മുളച്ചുപൊന്താത്ത, പ്രകൃതത്താല്‍ തന്നെ വിരുദ്ധധ്രുവങ്ങളില്‍ നിലകൊള്ളുന്ന മനോഭാവങ്ങളാണ്. 

ആണ്‍ബോധം ഉറച്ചുവരുന്ന വഴികള്‍ ഒരു ദേശത്തെങ്കിലും സമാനമായിരിക്കും. കുടുംബം, വളര്‍ന്നുവരുന്ന ചുറ്റുപാടുകള്‍, വിദ്യാലയം, പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, തൊഴിലിടം, സൗഹൃദങ്ങള്‍ ഇതെല്ലാം ഒറ്റയ്ക്കോ കൂട്ടായോ ആണ് ഒരാണ്‍കുട്ടിയുടെ ഉള്ളില്‍ ഈ അധീശഭാവത്തെ നിരന്തരം നട്ടുനനച്ചുവളര്‍ത്തുന്നത്. ആണ്‍ എന്ന് തിരിച്ചറിയുന്ന നിമിഷം മുതല്‍ എല്ലായിടത്തുനിന്നും ലഭിക്കുന്ന സവിശേഷ പരിഗണന പില്‍ക്കാലത്ത് ആ പദവി ആസ്വദിക്കുന്ന മനോഭാവത്തിലേക്കും അതിന് കോട്ടംതട്ടിക്കുന്ന എന്തിനെയും ചെറുക്കാനുള്ള പ്രേരണയിലേക്കും ഒരാളെ തീര്‍ച്ചയായും നയിക്കും.