Monday, 18 October 2021

Gulf Memoir


Text Formatted

കിമോത്തി അല്‍ബാനി 
ഒരു എക്‌സ്- ഗള്‍ഫുകാരന്റെ വര്‍ത്തനമാനങ്ങള്‍- 7​​​​

20 കിലോ പത്രക്കെട്ടുമായി കൊച്ചാപ്പ റിയാദിലേക്ക്

Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

ജീദ് കൊച്ചാപ്പാ നാട്ടിലെ അറിയപ്പെടുന്ന പത്രം വായനക്കാരനായിരുന്നു.
ഓരോ വാര്‍ത്തയും വള്ളിപുള്ളി വിടാതെ അരിച്ചുപെറുക്കും.
പണ്ട് അദ്ദേഹം രണ്ട് പത്രങ്ങള്‍ വരുത്താറുണ്ടായിരുന്നു- മലയാള മനോരമയും ജനയുഗവും.

നേരത്തേ ജനയുഗത്തിന്റെ സ്ഥാനത്ത് ദേശാഭിമാനിയായിരുന്നു. കടല്‍ഭിത്തി നിര്‍മാണത്തൊഴിലാളിയായിരുന്ന കൊച്ചാപ്പ സി.ഐ.ടി.യുവില്‍ നിന്ന് എ.ഐ.ടി.യു.സിയിലേക്ക് മാറിയപ്പോള്‍ പത്രവും മാറി.
ഈ രണ്ട് പത്രങ്ങള്‍ വായിച്ചിട്ടും വിശപ്പ് തീരാഞ്ഞ് ദേശാഭിവര്‍ദ്ധിനി വായനശാലയില്‍ പോയിരുന്ന് മറ്റു പത്രങ്ങളും പുറമേ ആനുകാലികങ്ങളും തിന്നുതീര്‍ക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. സലാഡ് ആയിട്ട് സംഘടനകളുടെ ലഘുലേഖകളും സിനിമാനോട്ടീസുകളും ഒപ്പം ഉണ്ടാവും.
അതുകൊണ്ടെന്താ, കല, രാഷ്ട്രീയം, സാഹിത്യം ഇത്യാദി കാര്യങ്ങളെക്കുറിച്ചൊക്കെ നല്ല പിടിപാടായിരുന്നു പുള്ളിക്ക്. ചായക്കടകളിലെ രാഷ്ട്രീയ തര്‍ക്കങ്ങളില്‍ കൊച്ചാപ്പായെ അടിച്ചിടാന്‍ തക്ക മൂത്താപ്പാമാരൊന്നും അന്ന് ഉണ്ടായിരുന്നില്ല. അളമുട്ടി എന്നു തോന്നുമ്പോള്‍ ശ്രീനിവാസന്റെ കഥാപാത്രത്തെപ്പോലെ "പോളണ്ടി'ലെ രാഷ്ട്രീയ കാലാവസ്ഥയെപ്പറ്റി പറഞ്ഞും സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് നേതാക്കളുടെ കടിച്ചാല്‍ പൊട്ടാത്ത പേരുകള്‍ ഉദ്ധരിച്ചും എതിരാളിയെ നിര്‍വീര്യമാക്കാനുള്ള മിടുക്ക് അദ്ദേഹത്തിനുമുണ്ടായിരുന്നു.

അന്ന് കേരളത്തിലെ കമ്യൂണിസ്റ്റുകളുടെ കക്ഷത്തെ സ്ഥിരം ഐറ്റമായിരുന്ന സോവിയറ്റ് നാട് എന്ന ഗ്ലോസി മാസികയുടെ ആരാധകന്‍ കൂടിയായിരുന്നു കൊച്ചാപ്പ. കക്ഷത്ത് തിരുകുന്ന മാസികയായതുകൊണ്ടാണ് റഷ്യാക്കാര്‍ അത് ഗ്ലോസി ആക്കിയത് എന്നായിരുന്നു ഞങ്ങളില്‍ പലരും കരുതിയിരുന്നത്. വിയര്‍പ്പു പറ്റുകേലല്ലോ. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെയുള്ള നേതാക്കള്‍ സോവിയറ്റുനാട് മറിച്ചു നോക്കുകപോലും ചെയ്യാതെ കുട്ടികളുടെ പാഠപുസ്തകം പൊതിയാനായി ഉപയോഗിക്കുമ്പോള്‍ തൊഴിലാളിയായ കൊച്ചാപ്പ അവ ഒരു നിധിപോലെ ശേഖരിച്ചുവെച്ചിരുന്നു. എങ്കിലും കുറേക്കാലത്തിനുശേഷം അവയൊക്കെ പുസ്തകം പൊതിയാന്‍ തന്നെ ഉപയോഗിച്ചു എന്നതാണ് സത്യം. വിധിയെ തടുക്കാന്‍ സോവിയറ