Saturday, 27 November 2021

Book Review


Text Formatted

'ജെറുസലേം, ഫലസ്തീന്‍' 

ഇറാഖ്-കുവൈറ്റ് യുദ്ധം സാധാരണക്കാരെ ബാധിച്ചതിന്റെ ചിത്രം വരച്ചുകാട്ടുന്ന ഫലസ്തീന്‍ വംശജയായ സൂസന്‍ അബുല്ഹവയുടെ Against the Loveless World എന്ന നോവലിന്റെ വായന
 

Image Full Width
Image Caption
ഫലസ്തീന്‍ വംശജയായ എഴുത്തുകാരി സൂസന്‍ അബുല്ഹവ
Text Formatted

ഡ്വേഡ് സെയ്ദിന്റെ ജീവിതത്തിലെ ഒരു നിര്‍ണായക നിലപാടിനെക്കുറിച്ച് മകള്‍ നജ്‌ല അടിവരയിട്ടു പറയുന്നുണ്ട്. സ്യൂറിക്ക് വിമാനത്താവളത്തില്‍ വെച്ചു നടന്ന ഒരു സംഭവത്തെക്കുറിച്ചാണത്. അമേരിക്കക്കാരിയായ ഒരുദ്യോഗസ്ഥ
നജ്‌ലയുടെ അടുത്തെത്തി അവരുടെ ജന്മസ്ഥലത്തെക്കുറിച്ച് അന്വേഷിച്ചു. 
നജ്‌ലയുടേയും അമ്മയുടേയും കാര്യം തിരക്കിയ ശേഷം അവര്‍ അച്ഛന്റെ എവിടെയാണ് ജനിച്ചതെന്ന് ആരാഞ്ഞു. ഫലസ്തീന്‍ എന്നോ ഇസ്രയേല്‍ എന്നോ പറയാതെ ജെറുസലേം എന്നാണ് നജ്‌ല അതിന് മറുപടികൊടുത്തത്. സാങ്കേതികമായി സെയ്ദ് ജനിച്ച പ്രദേശം ഇസ്രയേലിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. എങ്കിലും ഔദ്യോഗികരേഖകളില്‍ ജനനസ്ഥലം "ജെറുസലേം, ഫലസ്തീന്‍' എന്ന് രേഖപ്പെടുത്താന്‍ അദ്ദേഹം ഒരുപാട് ശ്രമങ്ങള്‍ നടത്തുകയും, ഒടുവില്‍ ജെറുസലേം എന്നുമാത്രം പാസ്പ്പോര്‍ട്ടില്‍ ചേര്‍ക്കാന്‍ പ്രത്യേകാനുമതി കരസ്ഥമാക്കുകയും ചെയ്തു. ഒരു പേരിലടങ്ങിയ കൃത്യതയാര്‍ന്ന രാഷ്ട്രീയകാഴ്ചപ്പാട് എത്രത്തോളം പ്രധാനമാണെന്ന് കുറിക്കുന്ന സന്ദര്‍ഭമാണിത്. ജെറുസലേമിനെ ഇസ്രയേലിന്റെ ഭാഗമായി സ്വീകരിക്കാത്ത സെയ്ദിന്റെ സ്ഥൈര്യത്തെ ജന്മഭൂമി നഷ്ടപ്പെടുന്നതിന്റെ വേദനയുമായി ചേര്‍ത്തുവായിക്കണം. ഫലസ്തീന്‍ ജനത അനുഭവിക്കുന്ന വികാരത്തിന്റെ ഒരു ചെറിയ ദൃഷ്ടാന്തം മാത്രമാണിത്.

ലോകഭൂപടത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ നിരന്തരം ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള ബദല്‍നീക്കങ്ങളാണ് ദേശത്തും വിദേശങ്ങളിലും ജീവിക്കുന്ന ഫലസ്തീന്‍കാരെ ഒന്നിച്ചുനിര്‍ത്തുന്ന രാഷ്ട്രീയവികാരം

"എന്താണ് ഫലസ്തീന്‍?' എന്ന ഒറ്റക്കേള്‍വിയില്‍ ലളിതമെന്നു തോന്നുന്ന ചോദ്യത്തിന്റെ ആഴങ്ങളെ അളക്കുക ഒട്ടും എളുപ്പമല്ല. ഫലസ്തീന്‍ ജനതയുടെ ആഗ്രഹങ്ങള്‍ ചെവിക്കൊള്ളാനോ, അവ സാക്ഷാത്കരിക്കാനോ അധിനിവേശ ശക്തികള്‍ ഒരിക്കലും ശ്രമിച്ചിരുന്നില്ല എന്ന് ചരിത്രത്തില്‍ നിന്ന് വ്യക്തമാണ്. 1917ല്‍, ഫലസ്തീന്‍ ബ്രിട്ടന്റെ അധീനതയില്‍ ആയിരുന്നപ്പോള്‍ അന്നത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി ആര്‍തര്‍ ബാല്‍ഫറിന്റെ നിലപാട് നൂറുവര്‍ഷങ്ങള്‍ക്കിപ്പുറം ഡൊണാള്‍ഡ് ട്രംപും ആവര്‍ത്തിച്ചപ്പോള്‍ പരാജയപ്പെടുന