Tuesday, 19 October 2021

Gulf Memoir


Text Formatted

കിമോത്തി അല്‍ബാനി 
ഒരു എക്‌സ്- ഗള്‍ഫുകാരന്റെ വര്‍ത്തനമാനങ്ങള്‍- 8

മഗ്‌രിബ് ബാങ്കിനുമുമ്പുള്ള അവസാനത്തെ പത്തുമിനിറ്റ്

ബാങ്ക് കൊടുക്കുന്നതിനു തൊട്ടു മുമ്പുള്ള കാത്തിരിപ്പിന്റെ നിമിഷങ്ങളില്‍ ഏതോ ഒരു വലിയ നിധിക്കു ചുറ്റും ഇരിക്കുന്ന മന്ത്രവാദികളെപ്പോലെയാണ് ഓരോരുത്തരും. വെള്ളിപോലെ വിളങ്ങുന്ന തളികയ്ക്ക് ചുറ്റുമിരുന്ന് അവര്‍ മന്ത്രങ്ങള്‍ ഉരുവിടുന്നു: സുബ്ഹാനള്ളാഹി വബിഹംദിഹീ...

Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

ബാച്ച്‌ലര്‍ ആയിരുന്ന സമയത്ത് റമദാന്‍ എനിക്ക് ചെലവു കുറഞ്ഞ കാലമായിരുന്നു. ആ മാസത്തില്‍ ഭക്ഷണത്തിന് പൈസ മുടക്കേണ്ട കാര്യമില്ല. വൈകുന്നേരമാകുമ്പോള്‍ റൂമില്‍നിന്ന് നാലടി നടന്നാല്‍ റമദാന്‍ കൂടാരത്തിലെത്താം. അവിടെയുണ്ട് ആവിപറക്കുന്ന ചിക്കന്‍ മന്തി. അല്ലെങ്കില്‍ മട്ടന്‍ മന്തി. പഴവര്‍ഗങ്ങളും ഹരീസും വേറെ! 

റമദാന്‍ ഫാസ്റ്റിംഗിന്റെ മാസം എന്നതുപോലെ ഫീസ്റ്റിംഗിന്റെ കൂടി മാസമാണ്. മഗ്‌രിബ് ബാങ്ക് കൊടുക്കുന്നതോടെ ഭക്ഷണഗന്ധം പാത്രങ്ങള്‍ തുറന്ന് പുറത്തേക്കൊഴുകുന്നു. വീടുകള്‍ റമദാന്‍ സ്‌പെഷ്യലുകള്‍ കൊണ്ട് സമൃദ്ധമാകുന്നതുകൂടാതെ വ്യക്തികളുടേയും സംഘടനകളുടേയും ഗവണ്മെന്റുകളുടേയും ഇഫ്താര്‍ മേളകള്‍ പൊടിപൊടിക്കുന്നു. അബുദാബി ഷെയ്ഖ് സായിദ് മസ്ജിദിലെ മെഗാ ഇഫ്താറില്‍ 35,000 പേര്‍ക്കാണ് ദിനംപ്രതി ഭക്ഷണം വിളമ്പുന്നത്.  

ഇവിടെ, റൂമിനടുത്തെ പള്ളിക്കൂടാരത്തില്‍ കാര്യം ബഹുരസമാണ്. എയര്‍ കണ്ടീഷന്‍ ചെയ്ത കൂടാരത്തില്‍ നോമ്പുതുറക്ക് അഞ്ഞൂറുപേരെങ്കിലും ഉണ്ടാവും. ഓരോ നാലുപേര്‍ക്കും ഒരു വലിയ തളിക ഭക്ഷണം എന്നതാണ് കണക്ക്. ബാങ്ക് മുഴങ്ങുമ്പോള്‍ തളിക പൊതിഞ്ഞിരിക്കുന്ന അലൂമിനിയം ഫോയില്‍ തുറക്കും. ബാങ്ക് കൊടുക്കുന്നതിനു തൊട്ടുമുമ്പുള്ള കാത്തിരിപ്പിന്റെ നിമിഷങ്ങളില്‍ ഏതോ ഒരു വലിയ നിധിക്കു ചുറ്റും ഇരിക്കുന്ന മന്ത്രവാദികളെപ്പോലെയാണ് ഓരോരുത്തരും. വെള്ളിപോലെ വിളങ്ങുന്ന തളികയ്ക്ക് ചുറ്റുമിരുന്ന് അവര്‍ മന്ത്രങ്ങള്‍ ഉരുവിടുന്നു: ""സുബ്ഹാനള്ളാഹി വബിഹംദിഹീ...''.

മന്ത്രോച്ചാരണത്തിനിടയിലും അലൂമിനിയം ഫോയിലിനുള്ളില്‍ എന്തായിരിക്കുമെന്ന ചിന്ത തലയുടെ ഒരു സൈഡിലൂടെ പാഞ്ഞുനടക്കും. ചിക്കനാണോ മട്ടനാണോ? പീസുകള്‍ക്ക് എത്ര വലുപ്പമുണ്ടാവും? ഏറ്റവും വലിയ പീസ് എനിക്കുതന്നെ കിട്ടുമോ? അലൂമിനിയം ഫോയില്‍ തുറന്നാലറിയാം ആ ഭാഗ്യം ആര്‍ക്കാണെന്ന്!