Tuesday, 19 October 2021

Book Extract


Text Formatted

എന്റെ തിയേറ്റര്‍ സ്മരണകള്‍

പ്രമുഖ തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ 25 വര്‍ഷം മുമ്പ് എഴുതിയ 'നിഴല്‍മുറ്റം' എന്ന നോവലിന്റെ പിന്നാമ്പുറങ്ങളിലൂടെ നടത്തുന്ന യാത്ര
 

Image Full Width
Image Caption
പെരുമാള്‍ മുരുകന്‍ / Photo: Facebook
Text Formatted

പുതിയതായി തുടങ്ങാനിരിക്കുന്ന ഒരു സിനിമാക്കൊട്ടകയില്‍ സോഡാക്കട നടത്തുന്നതിന് എന്റെയച്ഛന്‍ 7,000 രൂപാ അഡ്വാന്‍സ് കൊടുത്തപ്പോള്‍ എല്ലാവരും അത്ഭുതപ്പെട്ടു. ഈ സംഭവം നടന്നത് 1978-ല്‍. അക്കാലത്ത് 7,000 രൂപ വലിയൊരു തുകയാണ്. അന്ന് 1,000 രൂപ ഒന്നിച്ചുകാണുന്നതുതന്നെ ഒരു മഹാകാര്യമായാണ് കരുതിപ്പോന്നത്. എന്നാല്‍ 25,000 രൂപ ഒന്നിച്ചു കാണാനുള്ള മഹാഭാഗ്യം ഞങ്ങള്‍ക്കുണ്ടായി. വസ്തുവകകളിന്മേല്‍ ഞങ്ങള്‍ക്കുണ്ടായിരുന്ന അവകാശങ്ങള്‍ വേരൊടെ പിഴുതുമാറ്റപ്പെടുന്നതിന് കിട്ടിയ പ്രതിഫലമായിരുന്നു ആ തുക!
എന്റെ മുത്തച്ഛന് പതിനൊന്നേക്കര്‍ പുരയിടമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മൂന്നു മക്കള്‍ക്കും മൂന്നേക്കര്‍വീതം ഭാഗംവച്ചുകൊടുത്തതിനുശേഷമുണ്ടായിരുന്ന രണ്ടേക്കര്‍ അദ്ദേഹംതന്നെ കൃഷി ചെയ്തുവന്നിരുന്നു. മൂത്തമകനായിരുന്നു എന്റെയച്ഛന്‍.

അല്‍പസ്വല്‍പം ജലസേചനസൗകര്യമുള്ള ഒരേക്കറും വെറും കുന്നും പുറമായ രണ്ടേക്കറുമാണ് ഞങ്ങള്‍ക്കു കിട്ടിയത്. അതില്‍ ആണ്ടുമുഴുവന്‍ അധ്വാനിച്ചാലും ആഴ്ചയില്‍ ഒരിക്കല്‍പ്പോലും നെല്ലരിച്ചോറു കഴിക്കാന്‍ കിട്ടുമായിരുന്നില്ല. അതിനാല്‍ കൃഷിയോടൊപ്പം മറ്റുചില തൊഴിലുകളും അച്ഛന്‍ നടത്തിയിരുന്നു. അതാണ് സോഡാക്കച്ചവടം.

അച്ഛന്‍ പല സ്ഥലങ്ങളിലും സോഡാക്കട നടത്തിനോക്കി. ഒന്നും ശരിപ്പെട്ടില്ല. ഓരോ വര്‍ഷവും കടകള്‍ മാറ്റിക്കൊണ്ടേയിരുന്നു. അവസാനം കന്നുകാലികളെകെട്ടാന്‍ ഞങ്ങളുണ്ടാക്കിയ ഓലത്തൊഴുത്തില്‍ സോഡാമെഷീന്‍ സ്ഥാപിച്ച്, അവിടെ സോഡായുണ്ടാക്കി കടകള്‍തോറും വിതരണം ചെയ്യാന്‍ തുടങ്ങി.

പെട്ടിക്കടകള്‍, പലചരക്കുകടകള്‍ എന്നിങ്ങനെ പത്തുപന്ത്രണ്ടിടങ്ങളില്‍ ദിവസവും സോഡാ കൊടുത്തുകൊണ്ടിരുന്നു. രണ്ടുമൂന്നു ദിവസങ്ങളിലൊരിക്കല്‍ സോഡാക്കുപ്പികള്‍ നിറച്ച പെട്ടികളുമായി സൈക്കിളില്‍ അദ്ദേഹം "ലൈനില്‍'പോകും. കരട്ടൂരിലെ ചൊവ്വാഴ്ചച്ചന്ത, അണിയന്നൂരിലെ ശനിയാഴ്ചച്ചന്ത എന്നിവിടങ്ങളായിരുന്നു പ്രധാന വില്‍പന സ്ഥലങ്ങള്‍. കരട്ടൂര്‍ തേരുത്സവത്തിനും കന്നി മാസത്തിലെ ശനിയാഴ്ച ദിവസങ്ങളില്‍ പെരുമാള്‍മലക്കോവിലിലും അദ്ദേഹം സോഡാക്കച്ചവടത്തിനു പോകും. വലിയ വീതിയുള്ള കാരിയര്‍ പിടിപ്പിച്ച സൈക്കിള്‍. കാരിയറിന്റെ ഇരുവശങ്ങളിലും