Wednesday, 20 October 2021

Epistemology of Science


Text Formatted

ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം - 12 

​​​​​​​ഉത്തരാധുനികത കടന്നുകയറുന്നു

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ നടന്ന 'ശാസ്ത്രയുദ്ധങ്ങള്‍' ഉത്തരാധുനികതയുടെ ശാസ്ത്രവിമര്‍ശത്തിന്റെ തുടര്‍ച്ചയിലാണ് സംഭവിക്കുന്നത്.

Image Full Width
Image Caption
മെസപ്പൊട്ടേമിയയിലെ ഊര്‍ നഗരത്തിലെ കല്ലറയില്‍ നിന്നും കണ്ടെടുത്ത കലാസൃഷ്ടി (2600 ബി.സി) / Photo: Wikimedia Commons
Text Formatted

1783ലാണ്; ബര്‍ലിനിലെ വ്യാഴാഴ്ച ക്ലബ്ബില്‍ കൂടിച്ചേര്‍ന്നവരോട് എന്താണ് ജ്ഞാനോദയം (What is Enlightenment?) എന്ന് ഇമ്മാനുവല്‍ കാന്റ് സംസാരിക്കുന്നുണ്ട്. മനുഷ്യന്‍ തന്റെ മേല്‍ സ്വയം ചുമത്തിയ പക്വതയില്ലായ്മയില്‍ നിന്നുള്ള വിമോചനമായി ജ്ഞാനോദയപ്രബുദ്ധതയെ കാന്റ് കാണുന്നു. ഈ പക്വതയില്ലായ്മ ഗ്രാഹ്യശേഷിയുടെ അഭാവമോ അജ്ഞതയോ ആയിരുന്നില്ല. ബാഹ്യാധികാരങ്ങളില്‍ നിന്ന് വിമോചനം നേടുന്നതിനുള്ള കെല്പില്ലായ്മയായിരുന്നു. നമുക്കറിയാവുന്ന ജ്ഞാനത്തെ ഉപയോഗിക്കാനുള്ള ധൈര്യമുണ്ടാകുകയെന്നതായിരുന്നു പ്രബുദ്ധതയുടെ മുദ്രാവാക്യം. പ്രബുദ്ധതയുടെ യുഗം ആഗതമായെന്ന് കാന്റ് അവകാശപ്പെട്ടില്ല. എന്നാല്‍, ജ്ഞാനോദയപ്രബുദ്ധതയിലേക്ക് നയിക്കുന്ന പ്രക്രിയകളുടെ തുടക്കമാണിതെന്ന് അദ്ദേഹം കരുതി. മനുഷ്യചരിത്രത്തിലെ ഒരു പുതിയ പ്രഭാതത്തിന് തങ്ങള്‍ സാക്ഷിയാകുകയാണെന്ന് പ്രബുദ്ധതയുടെ മൂല്യങ്ങളെ കുറിച്ച് ചിന്തിച്ചിരുന്നവര്‍ എല്ലാവരും വിശ്വസിച്ചിരുന്നു. വിമര്‍ശാത്മകയുക്തിയുടെ പ്രാമുഖ്യത്തിലാണ് അത് ഊന്നിനിന്നത്. എല്ലാവിധികളും വിമര്‍ശാത്മകമാണെന്ന് അതു പറഞ്ഞുവെച്ചു. സ്വാശ്രയമായ വളര്‍ച്ചയ്ക്ക് സ്വയം വിമര്‍ശിക്കാന്‍ കഴിവുളള സ്വന്തം യുക്തിയെ ആശ്രയിച്ചു ജീവിക്കണമെന്ന് പ്രേരിപ്പിക്കപ്പെടുകയായിരുന്നു. സ്വതന്ത്രമനുഷ്യന്‍ സ്വതന്ത്രമായി ചിന്തിക്കുന്നവനും സ്വന്തം ചിന്തക്കനുസരിച്ചു പ്രവര്‍ത്തിക്കുന്നവനുമാണെന്ന് തീരുമാനിക്കപ്പെട്ടു. യുക്തിബോധത്തിന്റെ പരിമിതികളെ കുറിച്ച് ബോധ്യപ്പെടുമ്പോള്‍ തന്നെ ഓരോവിധ യുക്തിയുടേയും നിയമങ്ങള്‍ക്കനുസരിച്ചു പെരുമാറിക്കൊണ്ട് പരിമിതികളെ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാമെന്ന് കരുതപ്പെട്ടു. കാന്റ് യുക്തിബോധത്തെ വര്‍ഗീകരിക്കുകയും ഓരോ ഗണത്തിന്റേയും പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്