Tuesday, 19 October 2021

ആത്മകഥ


Text Formatted

മൊളക്കാല്‍മുരുവെന്ന പാഠപുസ്തകം- 8

​​​​​​​കന്നട നാടകത്തിന്റെ നാട്ടരങ്ങില്‍

Image Full Width
Image Caption
പ്രൊഫ ടി. ശോഭീന്ദ്രന്‍ / ഫോട്ടോ : മുഹമ്മദ് ഹനാന്‍
Text Formatted

 ഇരുപത്തിയാറ്

കന്നട നാടകത്തിന്റെ നാട്ടരങ്ങില്‍

ട്ടാമത്തെ വയസ്സില്‍ സ്‌കൂളില്‍ നിന്ന് ഒരു നാടകത്തില്‍ അഭിനയിച്ച ശേഷം രണ്ടാമതൊരു നാടകത്തില്‍ അഭിനയിച്ചത് മൊളക്കാല്‍മുരുവില്‍ വച്ചാണ്. ഒരു കന്നട നാടകത്തില്‍. ഒരു സ്വാതന്ത്ര്യദിനത്തില്‍. 1974 ലായിരുന്നു അത്.
രാജ്യമെങ്ങും ഇരുപത്തി ഏഴാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നു. മൊളക്കാല്‍മുരുവിലെ ചെറുപ്പക്കാരും അവിടെ ജോലിചെയ്തുവരുന്ന ഉദ്യോഗസ്ഥരും കള്‍ച്ചറല്‍ ക്ലബിലിരുന്ന് ആലോചിച്ചു.
ഇത്തവണ സ്വാതന്ത്ര്യദിനത്തില്‍ എന്തു പരിപാടി
നടത്തും ?
പല ചര്‍ച്ചകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ശേഷം ഒരു തീരുമാനമുണ്ടായി. നമുക്കൊരു നാടകം കളിക്കാം. നാടകം ഉണ്ടെന്നറിഞ്ഞാല്‍ നാട്ടുകാര്‍ മുഴുവനും അത് കാണാനായി എത്തിച്ചേരും. പരിപാടി ഗംഭീരമാവും. അതായിരുന്നു കണക്കുകൂട്ടല്‍.
സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ കാഷ്യറായ ശങ്കരനാരായണയും ബ്ലോക്ക് വികസന ഓഫീസറായ കൃഷ്ണപ്പയും കൂടി ഒരു ദിവസം ലൈബ്രറിയില്‍ ചെന്ന് സുഗുണയ്യയോട് പറഞ്ഞു.
""സ്വാതന്ത്ര്യദിനത്തില്‍ കളിക്കാന്‍ പറ്റിയ ഒരു നാടകം വേണം.''
സുഗുണയ്യ പല നാടകങ്ങളും എടുത്തു കൊടുത്തു. നല്ല നാടകങ്ങള്‍ പലതും കിട്ടി. പക്ഷെ അതിലെല്ലാം സ്ത്രീകഥാപാത്രങ്ങള്‍ കൂടിയുണ്ടായിരുന്നു. സ്ത്രീകള്‍ ഇല്ലാത്ത ഒരു നാടകം എവിടുന്നു കിട്ടും? അന്വേഷിച്ചന്വേഷിച്ച് ഒടുവില്‍ എവിടെ നിന്നോ ഒരു നാടകം സംഘടിപ്പിച്ചു.
മൂന്നാഴ്ച കൊണ്ട് നാടകം റെഡിയാക്കിയെടുക്കണം.
നാടകത്തിനുള്ള റിഹേഴ്സല്‍ നടന്നത് എന്റെ മുറിയോട് ചേര്‍ന്ന നീളന്‍ വരാന്തയില്‍ വച്ചായിരുന്നു. കൃഷ്ണപ്പയായിരുന്നു സംവിധായകന്‍. നാടകത്തില്‍ അഭിനയിക്കുന്നവരെല്ലാം പുതുമുഖങ്ങളും അന്നാട്ടുകാരുമായിരുന്നു.
കൃഷ്ണപ്പ നാടകത്തിന്റെ കഥ എല്ലാവരോടുമായി പറഞ്ഞു. ഗ്രാമത്തിലെ ഒരു ജന്മിയുടെ ക്രൂരതയില്‍ നിന്ന് ഒരധ്യാപകന്റെ പരിശ്രമഫലമായി കുടിയാന്മാര്‍ക്ക് നീതി തിരിച്ചു കിട്ടുന്ന ഒരു കഥയായിരുന്നു അത്.